ടൊവിനൊ നായകനാകുന്ന ചിത്രം ‘തല്ലുമാല’യുടെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ‘തല്ലുമാല’ എന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം.

എച്ച്‌ എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന.ചെമ്ബന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വഹിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവ്യര്‍.

അടുത്തിടെ ഷൈന്‍ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തില്‍ പെട്ടിരുന്നു. ‘വെയില്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൈന്‍ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്‍റുകള്‍ ഈ അഭിമുഖങ്ങള്‍ക്കു താഴെ നിറഞ്ഞിരുന്നു. ട്രോള്‍ വീഡിയോകളും ഈ ദൃശ്യങ്ങളില്‍ നിന്ന് സൃഷ്‍ടിക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ഷൈന്‍ പരുക്കിനെ തുടര്‍ന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്‍റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്നും ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും മുനീര്‍ മുഹമ്മദുണ്ണി പറയുന്നു. ഷൈനിന് ചില സിനിമകളുടെ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ കാലിന് ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച്‌ സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈന്‍ ടോമിനോട് ‘വെയില്‍’ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു.

പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യൂവിന് പകരം 16 ഇന്‍റര്‍വ്യൂകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യൂകളും കൈവിട്ട് പോവുകയും ചെയ്‍തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച്‌ ഇന്‍റര്‍വ്യൂവിന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈന്‍ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈന്‍ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.ഷൈനിന്‍റെ പരിക്കേറ്റ കാലിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുനീറിന്‍റെ പോസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക