കോട്ടയം: ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്താന്‍ വിപുലമായ പദ്ധതികളുമായി ബിജെപി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്ബ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്കൊപ്പം അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി പാര്‍ട്ടി അം​ഗങ്ങളും അനുഭാവികളുമായ ക്രൈസ്തവ മത വിശ്വാസികളുടെ മഹാ സമ്മേളനം കോട്ടയത്ത് സംഘടിപ്പിക്കും. മാര്‍ച്ച്‌ മാസത്തിലോ ഏപ്രില്‍ മാസത്തിലോ ക്രൈസ്തവ മഹാസമ്മേളനം നടത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ചാകും പരിപാടി.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് സംസ്ഥാനത്തെ ക്രൈസ്തവസമുദായത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം പരമാവധി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ബൂത്തുതലംമുതല്‍ സംസ്ഥാനതലം വരെയുള്ള ക്രൈസ്തവ സമുദായാംഗങ്ങളായ പാര്‍ട്ടി ഭാരവാഹികള്‍, ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍, ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ എന്നിവരെ സമ്മേളനത്തിന് വിളിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ പതിനായിരം പേരെയെങ്കിലും പങ്കെടുപ്പിച്ചായിരിക്കും സമ്മേളനം. ബിജെപി. ബൂത്ത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എറെക്കുറെ പൂര്‍ത്തിയായപ്പോള്‍ നിരവധി സ്ഥലങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളവര്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാരായുംമറ്റും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മണ്ഡലംതലത്തിലും നിരവധിപേര്‍ ഭാരവാഹികളായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്തനംതിട്ട ജില്ലയിലാണ് ക്രൈസ്തവസമുദായത്തില്‍നിന്ന് കൂടുതല്‍പേര്‍ പാര്‍ട്ടി ഭാരവാഹികളായത്. ക്രൈസ്തവരായ 130 പേര്‍ ജില്ലയില്‍ നേതൃതലങ്ങളിലെത്തി. കോട്ടയം, ആലപ്പുഴ ജില്ലകളിലും പാര്‍ട്ടിയില്‍ ക്രൈസ്തവ പ്രാതിനിധ്യം വര്‍ധിച്ചു. ക്രൈസ്തവ പിന്തുണ ഒരുപരിധിവരെയെങ്കിലും ആര്‍ജിക്കാനായാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി. കണക്കുകൂട്ടുന്നത്. വിവിധ ക്രൈസ്തവ സഭകളുമായി, പ്രത്യേകിച്ച്‌ ഓര്‍ത്തഡോക്‌സ് സഭയുമായി കൂടുതല്‍ അടുക്കാന്‍ ബിജെപി. നേതൃത്വം ശ്രമിക്കുന്നുണ്ട്.

സംസ്ഥാനത്ത് ബൂത്ത് തല സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രൈസ്തവമുസ്ലിം വിഭാഗങ്ങളില്‍ 5400 പേരാണ് ബിജെപിയുടെ ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ഭാരവാഹി പട്ടികയില്‍ ഇക്കുറിയും ഇടംപിടിച്ചത്. നേരത്തെ ഇത് നൂറില്‍ താഴെയായിരുന്നു. ലക്ഷ്യമിട്ട 20,000 ബൂത്ത് കമ്മിറ്റികളുമായെങ്കിലും സജീവമായി സമ്മേളനങ്ങള്‍ നടന്നത് 18,000 ബൂത്തുകളില്‍.

ബിജെപിക്ക് നേരത്തെയുണ്ടായിരുന്നത് 12,000 ബൂത്തു കമ്മിറ്റികളായിരുന്നു ഇതില്‍ 5000 ബൂത്തുകളും നിര്‍ജീവമായിരുന്നു. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാജ്യത്താകമാനം ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് മുതലുള്ള കമ്മിറ്റികളുടെ പുനക്രമീകരണം നടത്തിയത്. കേരളത്തിലെ 140 നിയോജകമണ്ഡലം കമ്മിറ്റികളും വിഭജിച്ച്‌ 280 കമ്മിറ്റികളാക്കി. 20 ബൂത്തുകളില്‍ മുകളിലുള്ള പഞ്ചായത്ത് കമ്മിറ്റികളെ വിഭജിച്ച്‌ ഏരിയാ കമ്മിറ്റി എന്ന പുതിയ സംവിധാനവും കൊണ്ടുവന്നു. ബൂത്ത് തലത്തില്‍ കമ്മിറ്റികളില്‍ വനിത ഭാരവാഹികളെയും പിന്നാക്ക വിഭാഗങ്ങളും സംവരണം ഉറപ്പാക്കി.

കമ്മിറ്റികള്‍ പാര്‍ട്ടി പ്രവര്‍ത്തനം മാത്രം നോക്കിയാല്‍ പോരെന്നും പാര്‍ട്ടിക്കാര്‍ക്കു പുറത്ത് വോട്ടര്‍മാരില്‍ ശ്രദ്ധവേണമെന്നാണ് തീരുമാനം. അതിനായാണ് ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ വോട്ടര്‍ പട്ടികയ്ക്കു ഒരു കമ്മിറ്റിയെ വച്ചത്. ബൂത്ത് തലത്തില്‍ 2 പേര്‍ക്കാണ് ചുമതല. ഇവര്‍ വോട്ടര്‍പട്ടികയില്‍ ഇപ്പോഴെ അനുഭാവികളെ ചേര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പു വരുത്തുന്നതുള്‍പ്പെടെയാണ് ചുമതല. ബൂത്ത് കമ്മിറ്റിയില്‍ ഇതിന് പ്രത്യേക ചുമതലയുള്ള ഭാരവാഹികളെ നിശ്ചയിച്ചു.

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, എന്നിവയ്ക്ക് ബൂത്ത് തലത്തില്‍ പ്രത്യേക ഭാരവാഹികളെയും നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്ന പരിപാടി ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലാണ് പ്രചാരണമുള്ളതെങ്കിലും ഇത് പൊതുജനങ്ങള്‍ക്കിടയില്‍ കൂടി പ്രചരിപ്പക്കണമെന്നതിലാണ് ഇതിന്റെ സംഘാടനത്തിന് സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റിയും ഭാരവാഹികളും നിയമിക്കപ്പെട്ടത്.

സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ സമൂഹ മാധ്യമങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചാണ് ബിജെപി സമൂഹ മാധ്യമങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. മണ്ഡലം കമ്മിറ്റികള്‍ക്ക് സമാന്തരമായി തന്നെ പത്തംഗ സോഷ്യല്‍മീഡിയ കമ്മിറ്റിയും പ്രവര്‍ത്തിക്കും. ബൂത്ത് തലത്തില്‍ അഞ്ചംഗസമിതിയും. പാര്‍ട്ടി നിര്‍ദേശങ്ങള്‍ മാത്രമല്ല. സൈബര്‍ പോരാളികളുമാകും ഇനി ഇവര്‍.

ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് 5200 പുതിയ ഭാരവാഹികളും മുസ്ലിം വിഭാഗത്തില്‍നിന്നു 200 പേരുമാണ് ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ഇപ്പോള്‍ ഭാരവാഹികളായി എത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. വിവിധ പോക്ഷക സംഘടന ഭാരവാഹികളും ഇതില്‍ ഉള്‍പ്പെടും. കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂര്‍ ജില്ലകളിലാണ് ക്രൈസ്തവ മേഖലയില്‍ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. മണ്ഡലം പ്രസിഡന്റുമാരില്‍ 11 പേര്‍ ക്രൈസ്തവ സഭകളില്‍ നിന്നുള്ളവരാണ്. 21 വനിതകള്‍ മണ്ഡലം പ്രസിഡന്റുമാരായി.

ബിജെപി സ്ഥാനാര്‍ത്ഥികളായി വാര്‍ഡ് തലം മുതല്‍ മത്സരിച്ചവരെ എല്ലാം പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നു. ബൂത്തുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് 20%ത്തില്‍ അധികം സ്ത്രീകളെത്തിയെന്നതും നേട്ടമായി ബിജെപി വിലയിരുത്തുന്നു. പ്രവര്‍ത്തകര്‍ തന്റെ സമ്ബാദ്യത്തിന്റെ ഒരു വിഹിതം സംഘടനയ്ക്കു നല്‍കുന്നത് ആര്‍എസ്‌എസ് ഗുരുദക്ഷിണ മാതൃകയില്‍ സമര്‍പ്പണ നിധി പദ്ധതിയും രാജ്യത്ത് ആദ്യമായി ബിജെപി കേരളത്തില്‍ തുടക്കമിട്ടു. ആര്‍എസ്‌എസ് നിര്‍ദേശമുള്ളതിനാല്‍ ആര്‍എസ്‌എസ് സജീവ പ്രവര്‍ത്തകര്‍ക്ക് ബിജെപി ഭാരവാഹിത്വം നല്‍കിയിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക