തിരുവനന്തപുരം: ലോകായുക്താ ഓര്‍ഡിനന്‍സില്‍ തങ്ങളുടെ എതിര്‍പ്പ് മന്ത്രിസഭായോഗത്തില്‍ പരസ്യപ്പെടുത്തി സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ പരസ്യപ്പെടുത്തിയത്. മുന്നറിയിപ്പില്ലാതെ ലോകായുക്ത ഓര്‍ഡിനന്‍സ് കൊണ്ടു വന്നതോടെ ഭേദഗതിയെക്കുറിച്ച്‌ പഠിക്കാനോ രാഷ്ട്രീയ ചര്‍ച്ച നടത്താനോ അവസരം കിട്ടിയില്ലെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പരാതിപ്പെട്ടു.

എന്നാല്‍ മന്ത്രിസഭാ അജന്‍ഡ നിശ്ചയിക്കുന്ന ക്യാബിനറ്റ് നോട്ട് നേരത്തെ തന്നെ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി സിപിഐ മന്ത്രിമാര്‍ക്ക് മറുപടി നല്‍കി. ക്യാബിനറ്റ് നോട്ടില്‍ നിന്നും ഇക്കാര്യം സിപിഐ മന്ത്രിമാര്‍ അറിയുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ടാവും എന്നാണ് കരുതിയതെന്നും അദ്ദേഹം വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷയം ഒരു തവണ മന്ത്രിസഭാ യോഗം തീരുമാനം എടുക്കാതെ മാറ്റി വെച്ചത് പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നുവെന്നും രണ്ടാമതും വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നതിനാല്‍ വിഷയത്തോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ലോകയുക്ത ഓര്‍ഡിനേന്‍സ് ഭരണ ഘടനാ വിരുദ്ധമാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തെ അറിയിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.

നാളെ നിയമസഭ ചേരാനിരിക്കേയാണ് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ തങ്ങളുടെ എതിര്‍പ്പ് ഉന്നയിച്ചത്. നിയമസഭയില്‍അവതരിപ്പിക്കാനുള്ള ബില്‍ ഇനി മന്ത്രിസഭായോഗത്തില്‍ വരുമ്ബോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിക്കാനും ഭേദഗതി ശുപാര്‍ശ ചെയ്യാനുംസാധ്യതയുണ്ട്. വിഷയത്തിലെ സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം ഇതുവരെ നേരിട്ടുള്ള നീക്കമൊന്നും നടത്തിയിട്ടില്ല. കോടിയേരി – കാനം കൂടിക്കാഴ്ചയും ഇതുവരെ നടന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക