തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത അടുത്ത ചൊവ്വാഴ്ച ( ഫെബ്രുവരി ഒന്ന്) പരി​ഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ഫെബ്രുവരി 4 നും ലോകായുക്ത പരിഗണിക്കും. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിവാദമായിരിക്കെ ഈ കേസുകളില്‍ ലോകായുക്തയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചട്ടം മറികടന്നു വേണ്ടപ്പെട്ടവര്‍ക്ക് പണം നല്‍കിയെന്ന ഹര്‍ജിയാണ് പിണറായി വിജയനെതിരെയുള്ളത്. ഈ ഹര്‍ജി ഫെബ്രുവരി നാലിന് പരി​ഗണിക്കും. ദുരിതം അനുഭവിക്കുന്നവര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാരിനു വേണ്ടപ്പെട്ടവര്‍ക്കു ചട്ടം മറികടന്നു നല്‍കിയെന്നാണു ഹര്‍ജിയിലെ ആരോപണം. ഈ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങളും എതിര്‍കക്ഷികളാണ്.

എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെത്തുടര്‍ന്ന് മക്കളുടെ പഠനത്തിന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത്, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തിനു പിന്നാലെ സ്വര്‍ണപ്പണയം തിരികെയെടുക്കാന്‍ 8 ലക്ഷം രൂപയും കാര്‍ വായ്പ അടച്ചു തീര്‍ക്കാന്‍ 6 ലക്ഷം രൂപയും നല്‍കിയത്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞു മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ക്കു പുറമേ ദുരിതാശ്വാസ നിധിയില്‍നിന്ന് 20 ലക്ഷം രൂപ നല്‍കിയത് എന്നിവയാണ് ചോദ്യം ചെയ്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക