![](https://keralaspeaks.news/wp-content/uploads/2022/01/pinarayi.webp)
തിരുവനന്തപുരം: ലോകായുക്തയ്ക്ക് പൂട്ടിടാന്‍ നീക്കവുമായി സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം ദുര്‍ബലപ്പെടുത്തുന്ന വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളാന്‍ കഴിയും.
ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇനി ഗവര്‍ണറുടെ അംഗീകാരമാണ് ലഭിക്കേണ്ടത്. അംഗീകാരം കിട്ടിയാല്‍ ലോകായുക്ത പേരിനു മാത്രമാകും. ഏതെങ്കിലും വിഷയത്തില്‍ അഴിമതി തെളിഞ്ഞാല്‍ പൊതു പ്രവര്ത്തകന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നു വിധിക്കാനുള്ള അധികാരം ലോകായുക്തയ്ക്കുണ്ട്. ഇത്തരത്തിലുള്ള വിധി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണമെന്നതാണ് നിയമം.
ഇത് അംഗീകരിക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായിരുന്നു. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് അദ്ദേഹം രാജിവെച്ച് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ വിഷയത്തില്‍ കോടതി ഇടപെട്ടില്ല. പൊതു പ്രവര്‍ത്തകര്‍ നടത്തുന്ന അഴിമതി അന്വേഷിക്കാനും നടപടി സ്വീകരിക്കാനുമാണ് കേന്ദ്ര നിര്‍ദ്ദേശ പ്രകാരം 1998ല്‍ സംസ്ഥാനങ്ങളില്‍ ലോകായുക്ത സ്ഥാപിച്ചത്.
പലപ്പോഴും ശുപാര്‍ശ രൂപേണയാണ് ലോകായുക്ത വിധി പുറപ്പെടുവിക്കുക. ഉള്ളതില്‍ ഏറ്റവും ശക്തമായ അധികാരമാണ് അഴിമതിക്കാരനായ പൊതു പ്രവര്‍ത്തകനെ സ്ഥാനത്തു നിന്നും മാറ്റിനിര്ത്തുകയെന്നുള്ളത്. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് നിയമമായാല്‍ ലോകായുക്തയുടെ അധികാരം നഷ്ടമാകും.