കണ്ണൂര്‍ സര്‍വകലാശാലയിലെ വിസി പുനര്‍നിയമനത്തില്‍ ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നടപടിയെ വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുനര്‍നിയമനത്തിനായി സെര്‍ച്ച്‌ കമ്മിറ്റി പിരിച്ചുവിട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് മന്ത്രിക്ക് അധികാരമുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഐയുടെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ വെച്ച്‌ നടക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വിസി പുനര്‍നിയമനത്തില്‍ അദ്ദേഹം നിലപാട് അറിയിച്ചത്.

സിപിഐഎം വിട്ട് സിപിഐലേക്ക് കൂടുതല്‍ പേര്‍ വരും. എസ് രാജേന്ദ്രന്‍ സിപിഐലേക്ക് വരുമോയെന്ന ചോദ്യത്തിന് ചില കാര്യങ്ങള്‍ സസ്‌പെന്‍സായി നില്‍ക്കട്ടെ എന്നും കാനം പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രം തകര്‍ക്കുന്നുവെന്ന് കാനം രാജേന്ദ്രന്‍ ആരോപിച്ചു. കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ക്യാമ്ബയിന്‍ നടത്തും. ഇതിന്റെ ഭാഗമായി ജനുവരിയില്‍ വാഹന പ്രചരണ ജാഥയും, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണയും നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെറെയില്‍ വിഷയത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും പ്രതിപക്ഷത്തിന് അധികാരം ഉണ്ട്. എന്നാല്‍ ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന് യുഡിഎഫ് കേരള വികസനത്തെ തടയുകയാണെന്നും പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കെ റെയില്‍ ഇടതു പ്രകടന പത്രികയുടെ ഭാഗമാണ്. ആ പ്രകടന പത്രിക ജനം അംഗീകരിച്ചതുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ഫെബ്രുവരി പത്തു മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബര്‍ 14, 18 തീയതികളിലായാണ് വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 1 മുതല്‍ 4 വരെ തിരുവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക