കോയമ്ബത്തൂര്‍: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുന്നതിനു തൊട്ടു മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. കനത്ത മൂടല്‍ മഞ്ഞിലേക്കു കോപ്റ്റര്‍ മാഞ്ഞുപോവുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂനൂരിലെ പ്രദേശവാസികള്‍ ആരോ റെക്കോഡ് ചെയ്തതാണ് ദൃശ്യം. പ്രാദേശിക വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല.

ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി. അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തത്. അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി അപകട സ്ഥലത്ത് എത്തി.

ഏത് കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ള മി17v5v

മികവില്‍ സംശയമില്ലാത്ത ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ ഞെട്ടലിലാണ് സേന. ബ്ലാക്ക് ബോക്‌സിന് വേണ്ടി ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യങ്ങളിലും പറക്കാന്‍ ശേഷിയുള്ളതാണ് മി-17v5v. ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥ എന്നിവയ്ക്ക് പുറമെ മരുഭൂമിയില്‍ പോലും പറക്കാന്‍ ഇതിന് ശേഷിയുണ്ട്. സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിംഗ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം തുടങ്ങി നിരവധി സംവിധാനങ്ങളാണ് ഈ ഹെലികോപ്റ്ററിന്റെ മറ്റൊരു പ്രത്യേകത.

റാവത്തിന്റെ മരണം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി

അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ബിപിന്‍ റാവത്ത് തന്റെ പേര് പറഞ്ഞതായും ഹിന്ദിയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്‍ സി മുരളി മാധ്യമത്തിനോട് വെളിപ്പെടുത്തി. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് ബിപിന്‍ റാവത്ത് മരിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു പേരെയാണ് ജീവനോടെ പുറത്തെടുത്തത്. സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്തായിരുന്നു ഒരാള്‍. ഞങ്ങള്‍ അദ്ദേഹത്തെ എടുത്തുകൊണ്ടുപോകുമ്ബോള്‍ വളരെ പതിഞ്ഞ ശബ്ദത്തില്‍ പ്രതിരോധ സേനാംഗങ്ങളോട് ഹിന്ദിയില്‍ സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരും പറയുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അദ്ദേഹം മരിച്ചു രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു മുരളി വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റിരുന്ന റാവത്തിനെ ബിഡ് ഷീറ്റില്‍ പൊതിഞ്ഞാണ് ആംബുലന്‍സില്‍ കയറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക