ഓച്ചിറ: വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഓച്ചിറയിലെ ലഹരി -ക്വട്ടേഷൻ സംഘത്തിലേക്ക്. കഴിഞ്ഞ ദിവസം ലഹരിമരുന്നു കൈമാറാൻ ശ്രമിക്കുന്നതിനിടെ ജയിൽ അധികൃതർ പിടികൂടി പൊലീസിനു കൈമാറിയ കൊല്ലം ക്ലാപ്പന വരവിള സ്വദേശി ഇജാസിനു (38) ബ്രൗൺ ഷുഗർ എത്തിച്ച സംഘത്തെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചു.

ബെംഗളൂരുവിൽ നിന്നു സ്ത്രീകളെ ഉപയോഗിച്ച് കൊച്ചിയിലെത്തിച്ച ബ്രൗൺ ഷുഗറാണ് ഇജാസ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഞ്ചാവ് കടത്തുകേസിൽ റിമാൻഡിൽ കഴിയുന്ന ഓച്ചിറ ഞക്കനാൽ സ്വദേശി അതുലിനു നൽകാൻ ശ്രമിച്ചത്. അതുൽ ഫോണിലൂടെ ആവശ്യപ്പെട്ടപ്രകാരം ശനിയാഴ്ച സോളിനുള്ളിൽ ചെറിയ പാക്കറ്റിലാക്കി ബ്രൗൺ ഷുഗർ ഒളിപ്പിച്ച ചെരിപ്പ് അതുലിനു കൊടുക്കാനായി ജയിൽ അധികൃതർക്കു കൈമാറുമ്പോഴാണ് ഇജാസിനെ പിടികൂടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ഇജാസ് കഴിഞ്ഞ ഫെബ്രുവരിയിലാണു ജയിൽമോചിതനാകുന്നത്. ഇതിനു ശേഷം ചങ്ങൻകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിനു സമീപം 2 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇജാസിന്റെ കാർ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കരുനാഗപ്പള്ളി – ഓച്ചിറ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘങ്ങളുടെ വിവരങ്ങൾ ഇജാസിൽ നിന്നു ലഭിച്ചത്.

പത്തനംതിട്ട സ്വദേശികളായ രണ്ടു സ്ത്രീകളെ ഉപയോഗിച്ചാണ് ബെംഗളൂരുവിൽ നിന്ന് ആഡംബര കാറുകളിൽ ഇജാസിന്റെ നേതൃത്വത്തിൽ ലഹരിമരുന്നു കടത്തുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കോളജുകളിലും ഈ സംഘമാണു ലഹരിമരുന്നുകൾ എത്തിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ണികളായ ഇജാസ്, അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിന്റെ പൂർണ വിവരങ്ങൾ സ്പെഷൽ ബ്രാഞ്ച് ഡിജിപിക്കു വരെ നൽകിയിട്ടുണ്ട്. പ്രധാനികൾ ജയിലിൽ കഴിയുമ്പോൾ ‘ബി’ ടീമാണ് ലഹരിക്കടത്തും സംഘത്തലവൻമാരുടെ കേസുകളും കൈകാര്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ലഹരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം പ്രത്യേക സംഘം ആരംഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക