കൊച്ചി: ഹെലികോപ്ടർ അപകടമുണ്ടായപ്പോൾ തന്നെ രക്ഷിച്ചവർക്ക് നേരിട്ടെത്തി നന്ദി പറയാൻ വന്ന ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ അടുത്ത് വീടിന്റെ ജപ്തിയുമായി ബന്ധപ്പെട്ട സങ്കടം പറയാനെത്തിയ ആമിനയ്ക്കും കൈത്താങ്ങ്. അപകടം നടന്ന സ്ഥലവും ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്കും സമ്മാനങ്ങൾ നൽകി മടങ്ങുമ്പോഴായിരുന്നു സങ്കടം അറിയിക്കാൻ കാഞ്ഞിരമറ്റം സ്വദേശി ആമിന വന്നത്.

https://fb.watch/9JlRdAD5oP/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായാണ് ആമിന യൂസഫലിയെ കാണാനെത്തിയത്. അഞ്ചു ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു: ‘ജപ്തിയുണ്ടാകില്ല പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.

യൂസഫലി കാറിലേക്ക് കയറാൻ പോകുമ്പോഴായിരുന്നു ആമിന തന്റെ സങ്കടവുമായി എത്തിയത്. കയ്യിലുണ്ടായിരുന്ന കടലാസ് വാങ്ങിയ ശേഷം ‘ഞാൻ നോക്കാട്ടാ…എന്റെ ആളുവരുംട്ടാ…’ എന്ന് യൂസഫലി ആമിനയോട് പറഞ്ഞു. തുടർന്നും തന്റെ സങ്കടം പറഞ്ഞ ആമിനയോട് വേണ്ടത് ചെയ്യുമെന്നും ഏത് ബാങ്കാണ് ജപ്തി ചെയ്യാൻ പോകുന്നതെന്നും യൂസഫലി ചോദിച്ചു. മറുപടി പറഞ്ഞ ആമിനയോട് യൂസഫലി എത്ര രൂപയാണെന്ന് ചോദിച്ചു. അഞ്ചു ലക്ഷമെന്ന് മറുപടിയും വന്നു. ‘ജപ്തിചെയ്യൂല്ലട്ടോ, ഞാൻ വേണ്ടത് ചെയ്യാം ട്ടാ’– യൂസഫലി ഉറപ്പുകൊടുത്തു.

ഇത് ഏത് ബാങ്കാണെന്ന് ചോദിച്ച ശേഷം ആമിന നൽകിയ കടലാസ് പിടിച്ച് യൂസഫലി തന്റെ സഹായികളോട് പറഞ്ഞു: ‘ഈ ബാങ്കിൽ പോവുക, അന്വേഷിക്കുക. ജപ്തി പാടില്ല. കാശുകൊടുക്കുക ഡോക്യുമെന്റ് എടുത്ത് ഇവരുടെ കയ്യിൽകൊടുത്ത് എന്നെ അറിയിക്കുക’. അവസാനം കാറിൽ കയറിയപ്പോഴും യൂസഫലി ആമിനയെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘ഞാൻ പറഞ്ഞിട്ടുണ്ട്ട്ടാ’. കാറിൽ കയറി ഇരുന്ന ശേഷം ഇക്കാര്യം നാളെ തന്നെ ചെയ്യണമെന്ന് ഉദ്യോഗസ്ഥരോട് യൂസഫലി ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക