മുണ്ടക്കയം : ചേട്ടാ… പൊറോട്ടയും ദോശയും 100 വീതം, മുട്ടക്കറി 30, 25 ചായ, നാളെ രാവിലെ കിട്ടണം പട്ടാള ക്യാംപിലേക്കാ.. ഇങ്ങനെ ഒരു കോള്‍ വന്നാല്‍ കോളടിച്ചു എന്നു കരുതി ഭക്ഷണം ഒരുക്കി കാത്തിരിക്കാന്‍ വരട്ടെ. അവര്‍ അടുത്തതായി ‘ഓര്‍ഡര്‍’ ചെയ്യുന്നത് നിങ്ങളുടെ എടിഎം കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാകും.

ഓര്‍ഡര്‍ അനുസരിച്ച്‌ ഉണ്ടാക്കിയ ഭക്ഷണം കളയേണ്ടി വന്നവെങ്കിലും പെരുവന്താനത്തെ അറഫ ഹോട്ടല്‍ ഉടമ ഇബ്രാഹിംകുട്ടി തട്ടിപ്പില്‍നിന്നു രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. വിക്രം വാഗ്മറേ എന്ന പേരിലുള്ള ആര്‍മി ലിക്കര്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഡല്‍ഹി കേന്ദ്രമായി ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയ സംഘമാണു പിന്നിലെന്നു വ്യക്തമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

29-ാം തീയതി വൈകിട്ടാണ് ഹോട്ടലുടമയുടെ ഫോണിലേക്ക് ആര്‍മി ക്യാംപില്‍ നിന്നാണ് എന്നു പറഞ്ഞ് ഒരാള്‍ വിളിച്ചത്. ഹിന്ദിയും മലയാളവും ഇടകലര്‍ന്ന ഭാഷയില്‍ ‘അറഫ ഹോട്ടല്‍ അല്ലേ’ എന്നു തന്നെ ചോദിച്ചായിരുന്നു തുടക്കം. നിങ്ങളുടെ അടുത്ത് സിഐഎസ്‌എഫിന്റെ ഒരു ക്യാംപുണ്ട്, കുറച്ച്‌ ഫുഡ് വേണം, വാട്സാപ്പില്‍ ഓര്‍ഡര്‍ നല്‍കാം എന്നു പറഞ്ഞു ഫോണ്‍ വച്ചു.

തൊട്ടുപിന്നാലെ വാട്സാപ്പില്‍ ഓര്‍ഡര്‍ എത്തി. ഒപ്പം പട്ടാളക്കാരന്‍ എന്നറിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഫോട്ടോയും. 30-ാം തീയതി രാവിലെ 9.30ന് നല്‍കണമെന്നും പറഞ്ഞു. ഭക്ഷണം ഉണ്ടാക്കിയശേഷം ഹോട്ടലുടമ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പണം അയച്ചു നല്‍കാന്‍ എടിഎം കാര്‍ഡിന്റെ ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍ അത് നല്‍കാന്‍ ഹോട്ടലുടമ തയാറായില്ല. ബാങ്ക് വിവരങ്ങളും ചോദിച്ചെങ്കിലും തട്ടിപ്പാണെന്ന് തോന്നിയതോടെ നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞു. അതോടെ വീണ്ടും അടുത്ത ആവശ്യം, 1000 രൂപ അക്കൗണ്ടിലേക്കു അയച്ചു നല്‍കുക ബില്‍ തുകയോടൊപ്പം തിരികെ നല്‍കാം എന്ന്.

അതും പറ്റില്ല എന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടായി. പിന്നീട് വിളിച്ചിട്ട് ഒരു പ്രതികരണവും ഇല്ല. ഇതോടെ ഹോട്ടലുടമ പൊലീസില്‍ പരാതി നല്‍കി. ഇയാള്‍ ഹോട്ടലുടമയ്ക്ക് അയച്ചു നല്‍കിയ ആര്‍മി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ 2018 മുതല്‍ ഒട്ടേറെ തട്ടിപ്പുകള്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിച്ചതോടെ സംഘം തട്ടിപ്പ് കേരളത്തിലേക്കു മാറ്റിയതായാണു സൂചന. ഗ്രാമപ്രദേശമായ പെരുവന്താനത്ത് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന കടയുടെ ഫോണ്‍ നമ്ബറും പേരുമൊക്കെ തട്ടിപ്പു സംഘത്തിന് എങ്ങനെ കിട്ടി എന്നതു വ്യക്തമല്ല. ഹോട്ടലുടമകളും വ്യാപാരികളും ജാഗ്രത പാലിക്കണമെന്നു പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക