അടൂര്‍: കനത്ത മഴയെ തുടര്‍ന്ന് അടൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടൂര്‍ താലൂക്കില്‍ ആറ് ക്യാമ്ബുകള്‍ തുറന്നു. ഇവിടെ 43 കുടുംബങ്ങളെ പാര്‍പ്പിച്ചു. ഏഴംകുളത്താണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്. ഏഴംകുളം ജങ്‌ഷന് സമീപം കെ പി റോഡിലെ കനാല്‍ പാലത്തിനോട് ചേര്‍ന്ന് വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. രാവിലെ ഒമ്ബത് മണിയോട് കൂടി കല്ലട ഇറിഗേഷന്റെ വലതുകര കനാല്‍ പാലത്തിന്റെ സംരക്ഷണഭിത്തിയാണ്‌ തകര്‍ന്ന് കനാലില്‍ പതിച്ചത്.

ഇതോടെ നിരവധി വീടുകളിലേക്കുള്ള വഴി തടസ്സപ്പട്ടു. സമീപവാസിയായ തറയില്‍ സജിയുടെ മതിലും ഇടിഞ്ഞ് കനാലില്‍ വീണു. അറുകാലിക്കല്‍ – കുതിര മുക്ക് റോഡ് പൂര്‍ണ്ണമായും വെള്ളത്തി നടിയിലായി. വാഹനഗതാഗതം തടസ്സപ്പെട്ടു. അറുകാലിക്കല്‍ ഏലായും വെള്ളത്തിനടിയിലായി. സമീപത്തെ വീട്ടിലും വെള്ളം കയറി. അറുകാലിക്കല്‍ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് കുന്നിന്‍ മേല്‍ ദേവീക്ഷേത്രത്തിന് സമീപം ഏലായിലും വെള്ളം കയറി. വെറ്റില, ചീനി, വാഴ, പയര്‍ ഉള്‍പ്പടെയുള്ള പച്ചക്കറി കൃഷികള്‍ക്ക് നാശം സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംസണ്‍ നഗര്‍ ഭാഗത്തും വെള്ളം കയറി. ഫ്ലാറ്റില്‍ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഒമ്ബത് കുടുംബങ്ങളെ മുകളിലത്തെ നിലയിലേക്ക് മാറ്റി. ഇവിടത്തെ മൂന്ന് ഗോഡൗണില്‍ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ സിമെന്റ് നശിച്ചു. എംസണ്‍ നഗറിന്റെ പുറക്‌ ഭാഗത്തെ രണ്ട് മതില്‍ ഇടിഞ്ഞ് വീണു. അറുകാലിക്കല്‍ ഭാഗത്ത് കെ പി റോഡരുകിലുള്ള വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ താമസിച്ചിരുന്നവരെ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി സജിയുടെ നേതൃത്വത്തില്‍ ക്യാമ്ബുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

അടൂര്‍ ടൗണില്‍ മിക്ക ഭാഗത്തും വെള്ളം കയറി. കേരളാ മെഡിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കെട്ടിടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചു.വലിയ തോട് കരകവിഞ്ഞ് ടിബി ജങ്‌ഷല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇവിടെ ഒറ്റപെട്ടു പോയവരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. വലിയ തോട് കരകവിഞ്ഞ് പറക്കോട് ഭാഗത്തും വെള്ളം കയറി. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് പുറക് വശത്തെ ഇല്ലത്തു കാവ് ക്ഷേത്രം–പുതുവീട്ടിപ്പടി പാലം റോഡിലും ഇരുവശത്തുമുള്ള വീടുകളിലും വെള്ളം കയറി. കെഐപി കനാല്‍ വെള്ളക്കുളങ്ങര ഭാഗത്ത് കരകവിഞ്ഞതിനെ തുടര്‍ന്ന് വീടുകളിലും അടൂര്‍- ശാസ്താംകോട്ട റോഡിലും വെള്ളം കയറി. മണക്കാല താഴത്തുമണ്‍ ,ഏനാത്ത്–മണ്ണടി റോഡിലും ഏനാത്ത് – പട്ടാഴി റോഡിലും വെള്ളം കയറി.

എംസി റോഡില്‍ കിളിവയല്‍, മണപ്പുറത്ത് പടി, പെട്രോള്‍ പമ്ബിന് സമീപം എന്നിവിടങ്ങളിലും കിളിവയല്‍–ചൂരക്കോട്, പുതുശ്ശേരി ഭാഗം–ചൂരക്കോട് റോഡിലും വെള്ളം കയറി. കിളിവയലില്‍ നാല് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് എത്തി മാറ്റി. നഗരസഭാ പ്രദേശത്ത് നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. സമീപ ചരിത്രത്തില്‍ ടൗണില്‍ ഇത്ര വെള്ളം കയറുന്നത് ഇതാദ്യമാണ്. പറക്കോട്, പന്നി വിഴ , മൂന്നാളം അടൂര്‍ ടൗണ്‍, പോത്രാട് ഭാഗങ്ങളില്‍ ആണ് നഗരത്തില്‍ വെള്ളം കയറിയത്. സെന്‍ട്രല്‍ ടോളില്‍ കെ.പി റോഡ് വെള്ളത്തില്‍ മുങ്ങി. അടൂര്‍–തട്ട–പത്തനംതിട്ട റോഡില്‍ തട്ട റോഡിലേക്ക് തിരിയുന്ന ഭാഗത്ത് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ടൗണ്‍ റോഡ് വെള്ളത്തിലായതൊടെ വാഹനങ്ങള്‍ ബൈപ്പാസ് വഴി തിരിച്ചു വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക