തിരുവനന്തപുരം: കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യയോഗം നടക്കുന്ന വിവരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍‌ത്തകരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡ‌ന്റ് കെ.സുധാകരന്‍.

മോശമായ സംഭവമാണ് കോഴിക്കോടുണ്ടായത്. സംഭവത്തില്‍ കെപിസിസിയ്‌ക്ക് ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് വച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ കോഴിക്കോട് ഡിസിസി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് തൃപ്‌തികരമല്ലെങ്കില്‍ കെപിസിസി തന്നെ നേരിട്ടന്വേഷിക്കും. കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും. ആക്രമണത്തിന് പിന്നിലുള‌ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ.സുധാകരന്‍ സൂചിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട്ട് മര്‍ദ്ദനമേ‌റ്റ മാദ്ധ്യമപ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മാദ്ധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതികളെല്ലാം ചേര്‍ത്ത് ഒരു കേസായി അന്വേഷണം നടത്തും. സംഭവത്തിന് നേതൃത്വം നല്‍കിയ മുന്‍ ഡിസിസി പ്രസിഡന്റ് യു. രാജീവനടക്കം ഇരുപത് പേര്‍ക്കെതിരെ കസബ പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. വനിതാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായതിനാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസുണ്ടാകും.

സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ ഡിസിസി പ്രസിഡ‌ന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. സംഭവം രണ്ടംഗ കമ്മിഷന്‍ അന്വേഷിക്കും. കോഴിക്കോട് കല്ലായി റോഡിലെ വുഡ്‌സ് ഹോട്ടലില്‍ വച്ചാണ് ഇന്നലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേ‌റ്റത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക