കോട്ടയം: എംജി സർവകലാശാലയെ അതിരമ്പുഴ ലോക്കൽ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സർക്കാരും കാണുന്നതെന്നു ഷാഫി പറമ്പിൽ എംഎൽഎ. എംജി സർവകലാശാലയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിനിക്കു നീതി നിഷേധിക്കാനായി ഒരു ലോക്കൽ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളും നടപടികളുമാണു ഉത്തരവാദിത്തപ്പെട്ട സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ എടുത്തിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഒരു ദലിത് വിദ്യാർഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരിൽ ഇടതുപക്ഷം പൊഴിച്ച കണ്ണീര്‍ ആത്മാർഥതയില്ലാത്തതാണ്. വിദ്യാർഥിനിക്ക് അനുകൂലമായ ഉത്തരവുകൾ, അന്വേഷണ റിപ്പോർട്ടുകൾ എന്നിവ നിൽക്കുമ്പോൾ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താൽപര്യങ്ങൾ‌ മുൻനിർത്തിയാണ് സർവകലാശാലയിൽ നടപടികൾ എടുത്തിരിക്കുന്നത്. പ്രശ്നം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ശബരീനാഥ്, കോട്ടയം ജില്ലാ പ്രസിഡൻറ് ചിൻറു കുര്യൻ ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടം, ജോബിൻ ജേക്കബ്, സിജോ ജോസഫ്, ടോം കോര,കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു എന്നിവരോടൊപ്പം എംജി സർവകലാശാലയ്ക്ക് മുന്നിലെ സമരപ്പന്തൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഷാഫി. വിദ്യാർഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട് സി എസ് ഡി എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവ്വകലാശാല കവാടം ഉപരോധിച്ച് വലിയ സമരപരിപാടികൾ ആണ് നടക്കുന്നത്. വിവിധ ദളിത് സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക