വർധിച്ചുവരുന്ന ഇന്ധന വിലയും, അതിനെ പ്രതി ഉണ്ടാകുന്ന പ്രതിഷേധ സമരങ്ങളും വലിയ കോലാഹലങ്ങളാണ് കേരളത്തിൽ ഉണ്ടാക്കുന്നത്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് ദീർഘവീക്ഷണത്തോടെ കൂടി ചിന്തിക്കുകയോ, അതിനു പരിഹാരമാർഗങ്ങൾ ആലോചിക്കുകയോ ചെയ്യുവാൻ ഭരണ വർഗം തയ്യാറാകുന്നില്ല. പൂർണ്ണമായും നികുതിഭാരം എടുത്തു കളയുവാൻ സർക്കാരുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ മറ്റു പരിഹാരമാർഗ്ഗങ്ങൾ എന്നാലോചിക്കുമ്പോൾ differentiated പ്രൈസിങ് എന്ന ഒരു ഉപാധി നിങ്ങളുമായി ഇവിടെ പങ്കു വയ്ക്കുകയാണ്. ഇത് ഒരു ആശയം മാത്രമാണ്. നടപ്പിൽ വരുത്തുവാൻ വിപുലമായ ചർച്ചകൾ ആവശ്യമാണ്, നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണ്ടതുണ്ട്, എങ്കിലും ഒരു ചിന്ത എന്ന നിലയിൽ അധികാരികൾക്കും മുന്നിൽ ഈ ആശയം അവതരിപ്പിക്കുന്നതിൽ പ്രസക്തിയുണ്ട് എന്ന വിശ്വാസം എനിക്കുണ്ട്.

ഏറ്റവും ലളിതമായി പറഞ്ഞാൽ വിവിധ കാറ്റഗറിയിലുള്ള വാഹനങ്ങൾക്ക് വ്യത്യസ്ത ഇന്ധനവില ചുമത്തുക. അതായത് കൊമേഴ്സ്യൽ വാഹനങ്ങൾ ബഹുഭൂരിപക്ഷവും ഡീസൽ ഇന്ധനമാണ് ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങളിൽ ഡീസൽ വിലയ്ക്ക് ചെറിയ നികുതി ഈടാക്കുക. ഇത് വിലക്കയറ്റത്തെ ഒരുപരിധിവരെ തടഞ്ഞു നിർത്തുവാൻ സഹായകരമാകും. കൊമേഴ്സ്യൽ വാഹനങ്ങൾ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് ഓട്ടോ, ടാക്സി, ടെമ്പോ ട്രാവലർ, ടൂറിസ്റ്റ് ബസ്സുകൾ, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ളവയും, ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന ലോറി ടോറസ്, ടിപ്പർ, പിക്കപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങളും ആണ്. അപ്പോൾ നികുതിഭാരം കുറച്ച് കുറഞ്ഞ വിലയിൽ ഇവർക്ക് ഇന്ധനം ലഭ്യമായാൽ സ്വാഭാവികമായും വിലക്കയറ്റവും പണപ്പെരുപ്പവും ഒരു പരിധി വരെ നിയന്ത്രിക്കപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുകൊണ്ട് ഉണ്ടാകാവുന്ന മറ്റൊരു പ്രയോജനം പൊതുഗതാഗതത്തെ കൂടുതൽ ആശ്രയിക്കുവാൻ ഇത്തരമൊരു നടപടി ആളുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കും. അത്യന്താപേക്ഷിതമായ കാര്യങ്ങൾക്ക് മാത്രം സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുകയും, അല്ലാത്ത സാഹചര്യത്തിൽ പൊതു ഗതാഗതത്തെ ആളുകൾ ആശ്രയിക്കുകയും ചെയ്താൽ വഴിയിലെ തിരക്കും കുറയും, അതുവഴി വാഹനങ്ങളുടെ ഇന്ധനക്ഷമതയും വർദ്ധിക്കും. ഇക്കാര്യങ്ങളൊക്കെ നടപ്പാക്കണമെങ്കിൽ പക്ഷേ കൃത്യതയാർന്ന ഒരു പൊതു ഗതാഗത സംവിധാനം നമ്മുടെ രാജ്യത്ത് ഉണ്ടാവണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇപ്പോഴുള്ള പൊതു ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കണം.

ഇത് എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒരു പരിഹാരം ആണെന്ന് പറയുന്നില്ല. പക്ഷേ ഇന്ധന വിലവർദ്ധനവ് മൂലം ഉണ്ടാകുന്ന വിലക്കയറ്റത്തിന് ഒരു പരിധിവരെ ഇത് പരിഹാരമാകും എന്നാണ് എൻറെ വിശ്വാസം.

അതുകൊണ്ടുതന്നെ സാധാരണക്കാരനും ഇതിൽനിന്ന് ഗുണമുണ്ടാകും. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയമുണ്ട്, സർക്കാർ ഉറപ്പുവരുത്തേണ്ട ഒരു വിഷയം. ഇങ്ങനെ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകുമ്പോൾ ആനുപാതികമായ വിലക്കുറവ് സാധന സാമഗ്രികൾക്കു ഉണ്ടാവുന്നുണ്ട് എന്ന് സർക്കാരുകളാണ് ഉറപ്പു വരുത്തേണ്ടത്. നിർമ്മാണമേഖലയിൽ ഉള്ളവരോട് ചർച്ച ചെയ്തു കുറഞ്ഞനിരക്കിൽ ഇന്ധനം ലഭ്യമാക്കിയാൽ ഓരോ ഉൽപ്പന്നങ്ങൾക്കും എന്ത് പരിധിവരെ വില കുറയ്ക്കാം എന്ന് സർക്കാർ കൃത്യതയോടെ മനസ്സിലാക്കി അത്തരമൊരു വിലക്കുറവ് ജനങ്ങൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം.

മറ്റൊരു ആശയം ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കാൻ ഉള്ളത് എണ്ണക്കമ്പനികളുടെ csr ഫണ്ടുകൾ കുറഞ്ഞ വിലയിലുള്ള കാറുകളും, ഇരുചക്രവാഹനങ്ങളും വാങ്ങുന്ന ആളുകൾക്ക് സബ്സിഡി നൽകുവാൻ ഉപയോഗിക്കണം എന്നുള്ളതാണ്. ഇത് വണ്ടി വിലയിൽ കാര്യമായ കുറവ് വരുത്തുകയാണെങ്കിൽ വാഹനങ്ങളുടെ വിൽപ്പന കൂടുകയും ആത്യന്തികമായി കൂടുതൽ ഇന്ധന ഉപയോഗം ഉണ്ടാകുകയും ചെയ്യും. അപ്പോഴും അവരുടെ ലാഭം വർധിക്കുകയാണല്ലോ. ഇത് ഒരു പരിപൂർണ്ണമായ ആശയമാണ് എന്ന് അവകാശപ്പെടുന്നില്ല, പക്ഷേ ക്രിയാത്മകമായ ചിന്തകൾ ഈ ദിശയിൽ ഉയർന്നു വന്നാൽ ഇന്ധന വിലവർദ്ധനവ് മൂലമുള്ള ചില പ്രശ്നങ്ങൾ തീരും എന്നാണ് തോന്നുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക