കോഴിക്കോട്: നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പോലെ ഇടുക്കി എയര്‍സ്ട്രിപ്പിനും ഒരു തരത്തിലുമുള്ള കേന്ദ്രാനുമതിയില്ല. വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നാണ്. ശബരിമല വിമാനത്താവളക്കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ മറച്ചുവച്ചതുപോലെ ഇടുക്കി എയര്‍ സ്ട്രിപ്പിന്റെ കാര്യത്തിലും സര്‍ക്കാര്‍ നിര്‍ണായക വിവരങ്ങള്‍ ഒളിപ്പിച്ചു.വണ്ടിപ്പെരിയാര്‍ സത്രം വനപ്രദേശത്ത്, പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍നിന്ന് 600 മീറ്റര്‍ മാത്രം അകലെയാണ് ചെറു വിമാനത്താവളം.

നവംബര്‍ ഒന്നിന് പ്രവര്‍ത്തന ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ കടമ്ബകള്‍ ഏറെയാണ്.പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ എസ്പിസിഎസ് പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന്‍ കേന്ദ്രത്തിന് പരാതി നല്കി. പരാതിയില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കേരള ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് നോട്ടീസ് അയച്ചു. വിമാനത്താവളത്തിന് വിവിധ മന്ത്രാലയങ്ങളില്‍നിന്ന് കിട്ടിയ അനുമതികളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കാനാണ് നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാരിസ്ഥിതിക പഠനം പോലും നടത്തിയിട്ടില്ലെന്നാണ് പരാതിയിലുള്ളത്. എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറത്തല്‍ പരിശീലിക്കാന്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തുടങ്ങിയത്. എന്‍സിസിയുടെ പദ്ധതിയെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്നുമായിരുന്നു ആദ്യം പ്രചാരണം. എന്നാല്‍, കേന്ദ്രത്തിന് ഇതില്‍ ഒരു പങ്കാളിത്തവുമില്ല. പെരിയാര്‍ കടുവാസംരക്ഷണ കേന്ദ്രത്തോട് ചേര്‍ന്ന്, 12 ഏക്കര്‍ വനഭൂമിയിലാണ് 2017ല്‍ ആദ്യം നിര്‍മാണം തുടങ്ങിയത്. 2018ലെ വെള്ളപ്പൊക്കത്തില്‍ നിര്‍മിച്ചതെല്ലാം തകര്‍ന്നു. 2019ല്‍ വീണ്ടും തുടങ്ങി. റണ്‍വേ നിര്‍മാണത്തിന് 13 ഏക്കര്‍ വനഭൂമി വേണം. ഇത് കടുവാസംരക്ഷ പ്രദേശത്തായതിനാല്‍ വിട്ടുനല്കാന്‍ വനംവകുപ്പ് തയ്യാറല്ല.

റണ്‍വേ നിര്‍മാണത്തിന് പ്രശ്നമുണ്ടാകുമെന്ന കാര്യം വിദഗ്ധര്‍ മുമ്ബേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. രണ്ട് മലകള്‍ നിരത്തേണ്ടി വരും. വംശനാശം സംഭവിക്കുന്ന മലമുഴക്കി വേഴാമ്ബലിന്റെ ആവാസ പ്രദേശമാണ് ഇവിടം.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കുള്ള എല്ലാ സാങ്കേതിക പോരായ്മകളും ഇവിടെയും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ നല്കിയ അപേക്ഷയ്ക്ക് വ്യോമയാന ഡയറക്ടര്‍ ജനറല്‍ നല്കിയ മറുപടി മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍.

എന്നിട്ടും നിര്‍മാണം തുടങ്ങി, എന്‍സിസിയുടെ ആവശ്യത്തിനെന്ന പേരില്‍ കേന്ദ്ര അനുമതി നേടാമെന്നും ക്രമത്തില്‍ ചെറു യാത്രാ വിമാനങ്ങള്‍ ഇറക്കി, ടൂറിസം പദ്ധതി നടപ്പാക്കാമെന്നുമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരത്തിന് ഈ വിമാനത്താവളം ആക്കം കൂട്ടുമെന്നാണ് നിര്‍മാണച്ചുമതലയുള്ള പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക