മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) അന്വേഷിക്കണമെന്ന ഹർജിയില്‍ ഹൈകോടതിയുടെ നോട്ടീസ്. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ കൊച്ചിയിലെ സി.എം.ആര്‍.എല്‍ കമ്ബനി എക്‌സാലോജിക് സൊല്യൂഷൻസ് കമ്ബനിക്ക് പ്രതിഫലം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജിന്റെ മകനും കോട്ടയം ജില്ല പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജിയിലാണ് സി.എം.ആര്‍.എല്‍ കമ്ബനിക്ക് നോട്ടീസ് നല്‍കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് മുമ്ബാകെ കമ്ബനി അധികൃതര്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് പണം നല്‍കിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതില്‍ അന്വേഷണം നടത്താൻ എസ്.എഫ്.ഐ.ഒ ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സി.എം.ആര്‍.എല്‍ കമ്ബനിയിലെ ചെറുകിട ഓഹരി ഉടമ കൂടിയായ ഹരജിക്കാരൻ ആരോപിക്കുന്നു. അനധികൃത കരിമണല്‍ ഖനനത്തിനു വേണ്ടിയാണ് ഇടപാട് നടന്നത്. പബ്ലിക് ലിമിറ്റഡ് കമ്ബനിയായ സി.എം.ആര്‍.എല്ലിന്റെ 13.4 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്കാണ്. സി.എം.ആര്‍.എല്‍ കമ്ബനി 135 കോടി രൂപയുടെ തിരിമറി നടത്തിയിട്ടുണ്ടെന്നും കെ.എസ്.ഐ.ഡി.സിക്കും ഇതിന്റെ നഷ്ടമുണ്ടായെന്നും ഹരജിക്കാരൻ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസ് പ്രവര്‍ത്തനം നിര്‍ത്തിയത് ദുരൂഹമാണ്. ഈ കമ്ബനിക്ക് പണം നല്‍കിയത് കൈക്കൂലി ഇടപാടാണെന്ന് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാണ്. പിതാവിന് അഴിമതിയിലൂടെ ലഭിക്കുന്ന പണം നിക്ഷേപിക്കാനാണ് മകള്‍ ഈ കമ്ബനിയെ പ്രൊമോട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയുടെ ഭാര്യ ഈ കമ്ബനിയിലെ നോമിനിയാണെന്നും ഹർജിയില്‍ പറയുന്നു.കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനും എസ്.എഫ്.ഐ.ഒ ഡയറക്ടര്‍ക്കും പുറമേ മുഖ്യമന്ത്രിയെയും മകളെയും എക്‌സാലോജിക് സൊല്യൂഷൻസിനെയും ഹർജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഹർജി വീണ്ടും 21ന് പരിഗണിക്കാൻ മാറ്റി.

മുഖ്യമന്ത്രിയുടെ മകൾക്കെതിരെ പിസി ജോർജിന്റെ മകൻ നടത്തുന്ന നീക്കങ്ങൾ നിർണായകമാണ്. ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ തന്നെ സി എം ആർ എല്ലിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അന്വേഷണം നടത്തണമെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം അവർക്ക് ഇതേ ആവശ്യം ഉന്നയിച്ച് ഷോൺ ജോർജ് കത്ത് നൽകിയിരുന്നു. ഇപ്പോൾ കോടതിയിലൂടെ നടത്തുന്ന ഈ നീക്കം ഫലപ്രാപ്തിയിലെത്തിയാൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ഇടപെട്ട് നടത്തിയ ഇടപാടുകൾ അന്വേഷണ പരിധിയിൽ എത്തുമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ മകൾ അന്വേഷണത്തിന്റെ പരിധിയിൽ എത്തിയാൽ പിണറായി വിജയന് അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയും സിപിഎമ്മിന് ധാർമികമായി വിശദീകരിക്കുവാൻ ബുദ്ധിമുട്ടുള്ള വിഷയവുമായി മാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക