കൊച്ചി : മോൻസൺ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല് തെളിവുകൾ പുറത്ത്.മോൻസണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്‌ സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇടപാട് നടന്നാൽ പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരൻ കൂടെനിൽക്കുന്നതെന്ന് മോൻസൺ പരാതിക്കാരനായ അനൂപിനോട് പറയുന്നതാണ് ശബ്ദസന്ദേശം. കെ മുരളീധരന് എം പിയുടെ പേരും മോൻസൺ സംഭാഷണത്തിനിടെ പരാമാർശിക്കുന്നുണ്ട്.’കെ സുധാകരനും മുരളീധരനും എംപിമാരാണ്. അവരെല്ലാം എന്റെ കാര്യത്തിനുവേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ കെട്ടിപ്പിടിച്ച്‌ നില്ക്കുന്നത് എന്തിനാണെന്നാ ഓർത്തത്? എന്നോടുള്ള പ്രേമം കൊണ്ടാണോ? അവർക്കറിയാം.. കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവരൊക്കെ നിൽക്കുന്നത്’- മോൻസൺ അനൂപുമായുള്ള സംഭാഷണത്തില് പറയുന്നു. മോൻസൺ മാവുങ്കലുമായി ഉറ്റബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായതോടെ കെ സുധാകരന്റെ പങ്കും അന്വേഷണ പരിധിയില് ഉൾപ്പെടുന്നുണ്ട്. മോൻസണിന്റെ ഇടപാടുകളിൽ സുധാകരന്റെ പങ്കാളിത്തം സംബന്ധിച്ച്‌ അന്വേഷണസംഘത്തിന് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി കലൂരിലെ മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെന്ന് തട്ടിപ്പിനിരയായവർ വെളിപ്പെടുത്തിയിരുന്നു. ബാങ്കില് കുടുങ്ങിക്കിടക്കുന്ന 2.62 ലക്ഷം കോടി രൂപ ലഭിക്കാൻ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തിൽ സുധാകരൻ ഉറപ്പുനൽകിയെന്നും ഇവർ പറഞ്ഞു. മോൻസണിന്റെ വസതിയിൽ നിരവധി തവണ പോയെന്ന് സുധാകരനും സമ്മതിച്ചു. ഇടപാടിൽ സുധാകരന് പങ്കുണ്ടെന്നാണ് മുൻ ഡ്രൈവറും നൽകിയ സൂചന.കോണ്ഗ്രസ് നേതാക്കളായ ഹൈബി ഈഡന് എംപി, ലാലി വിൻസന്റ് എന്നിവരുമായുള്ള ബന്ധവും പുറത്തുവന്നിരുന്നു. സുധാകരന്റെ പങ്കാളിത്തം കണ്ടെത്താന് വിശദ അന്വേഷണം വേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസിലെ പരാതിക്കാരെ കണ്ടിട്ടില്ലെന്നാണ് സുധാകരന്റെ അവകാശവാദം. ചികിത്സയ്ക്ക് പോയപ്പോള് ഫോട്ടോ എടുത്തതാണ്. എന്നാൽ ഇത് ക്രൈംബ്രാഞ്ച് വിശ്വസിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ വരുമെന്നാണ് സുധാകരവിരുദ്ധരായ നേതാക്കളുടെ പ്രതീക്ഷ. കോണ്ഗ്രസിലെ പുതിയ നേതൃത്വത്തിനെതിരെ ഉയർന്നിട്ടുള്ള വികാരത്തിന്റെ പശ്ചാത്തലത്തിലാണ് ബെന്നി ബഹനാന്റെ അന്വേഷണ ആവശ്യം. ഉമ്മൻചാണ്ടി അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബെന്നി ബഹനാന് അന്വേഷണം ആവശ്യപ്പെട്ടത്. ഇടപാടുസംബന്ധിച്ച്‌ ഹൈക്കമാൻഡിനോട് സുധാകരൻ ഉടന് വിശദീകരണം നല്കേണ്ടിവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക