കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയായി മാറ്റുന്നതിനായി സുധാകരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ശരിക്കും ഒന്നുലഞ്ഞു എന്നുതന്നെ പറയാം.കെ സുധാകരനെന്ന കെപിസിസി അധ്യക്ഷനെ കോണ്‍ഗ്രസിനെ ഗ്രൂപ്പുകള്‍ ശരിക്കും ഭയന്നു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം എന്ന കാര്യത്തില്‍ കെ സുധാകരന് കൃത്യമായി അറിയാം. വരുതിയില്‍ നിര്‍ത്തേണ്ടവരെ അങ്ങനെ നിര്‍ത്താനും അദ്ദേഹത്തിന് വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ മുന്‍ ഗ്രൂപ്പുകളിക്കാര്‍ സുധാകരനെതിരെ തിരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. കോണ്‍ഗ്രസിനെക്കാള്‍ പ്രാധാന്യം ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന ഇത്തരക്കാര്‍ സുധാകരനെ വളരാന്‍ അനുവദിച്ചു കൂട എന്നു തന്നെയാണ് ചിന്തിക്കുന്നത്. ഇതിനായി സുധാകരനെ പൊതുശത്രുവായി കണ്ട് കൈകോര്‍ക്കുകയാണ് ഗ്രൂപ്പുകള്‍.കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനമാണ് ഗ്രൂപ്പുകളുടെ മനക്കോട്ട തെറ്റിച്ചത്. ഇതോടെ പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകരുതെന്ന നിലപാടിലേക്ക് ഉമ്മന്‍ ചാണ്ടി-രമേശ് ചെത്തിത്തല ടീം അണിയറയില്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ കെപിസിസി. പ്രസിഡന്റ് തന്നെ പാര്‍ട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പില്‍ സംയുക്തമായി നീങ്ങാനാണ് എ, ഐ വിഭാഗങ്ങളുടെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ ആദ്യപടിയായാണ് പുനഃസംഘടനയ്ക്കെതിരേയുള്ള സംയുക്തനിലപാട്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചര്‍ച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായത്. പാര്‍ട്ടി അംഗത്വ വിതരണവുമായി മുന്നോട്ടു പോകുമ്ബോള്‍ അടിത്തട്ടില്‍ അടക്കം കൂടുതല്‍ അംഗങ്ങളെ സൃഷ്ടിക്കാനാണ് ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. അംഗത്വവിതരണത്തിന് മുമ്ബുതന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കെപിസിസി. പ്രസിഡന്റ് ഇനി നടത്തുന്ന നാമനിര്‍ദ്ദേശങ്ങള്‍ തന്റെ വിജയത്തെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് ഗ്രൂപ്പുകള്‍ ആശങ്കയുയര്‍ത്തുന്നു.കെപിസിസി പുനഃസംഘടനയില്‍ തങ്ങള്‍ നല്‍കിയ പട്ടികയില്‍നിന്നുള്ളവരെ പരിഗണിച്ചെങ്കിലും ഗ്രൂപ്പ് നേതൃത്വം ഉദ്ദേശിച്ചവരല്ല ഭാരവാഹികളായത്. അതുകൊണ്ടുതന്നെ ഡി.സി.സി. ഭാരവാഹികളായി നിര്‍ദ്ദേശിക്കുന്നവരുടെ പട്ടിക നല്‍കേണ്ടെന്ന അഭിപ്രായത്തിനാണ് ഗ്രൂപ്പ് നേതൃത്വത്തില്‍ മേല്‍ക്കൈ. തങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുകയാണെങ്കില്‍ ചെയ്യട്ടെയെന്ന നിലപാടിലേക്കാണ് ഗ്രൂപ്പ് നേതൃത്വം എത്തുന്നത്. എന്നാല്‍, പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡിന്റെ അനുമതിയുണ്ടെന്നും ഡി.സി.സി. തലത്തില്‍ ഭാരവാഹികളെ നിശ്ചയിക്കണമെന്നുമാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. നേതൃമാറ്റത്തിലൂടെ കൈവന്ന കെപിസിസി അധ്യക്ഷസ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം നേരത്തേ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ചേരികളിലെ മാറ്റം ഗുണംചെയ്യുമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി പിടിക്കുകയെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ ലക്ഷ്യം.കെ സുധാകരന്റെയും വി ഡി സതീശന്റെയും രംഗപ്രവേശനത്തോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ പ്രഭാവത്തിന് വലിയ തോതില്‍ മങ്ങലേറ്റിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം പോകാതിരിക്കാന്‍ ചെന്നിത്തല എ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു ശ്രമം നടത്തിയിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റുകയുണ്ടായി. ഇപ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമ്ബോള്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി ഗ്രൂപ്പുകള്‍ അണിയറയില്‍ സജീവമാകുന്നത്. ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്ബേ എന്ന നയമായിരിക്കും സുധാകരന്‍ കൈക്കൊള്ളുക. വിഡി സതീശന്‍, കെ സി വേണു ഗോപാല്‍, കെ സുധാകരന്‍ തുടങ്ങിയവര്‍ ഒന്നിച്ചുള്ള തീരുമാനങ്ങള്‍ക്കുമുമ്ബില്‍ ഇനിയും ഗ്രൂപ്പുകള്‍ക്ക് മുട്ടു മടക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന നേതാവാണ് കെ സുധാകരന്‍. അതുകൊണ്ട് തന്നെ അദ്ദേഹം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരൊക്ക പഴയ ഗ്രൂപ്പില്‍നിന്ന് അകലംപാലിച്ചാണ് നില്‍ക്കുന്നത്. സ്വാഭാവികമായും സുധാകരന് അവരുടെ പിന്തുണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക