കായംകുളം: താലൂക്കാശുപത്രിക്ക് സമീപത്തെ സാധുപുരം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. തമിഴ്നാട് കടലൂര്‍ പണ്ടുരുത്തി കാടമ്ബുലിയൂര്‍ കാറ്റാണ്ടിക്കുപ്പം മാരിയമ്മന്‍കോവില്‍ മിഡില്‍ സ്ട്രീറ്റില്‍ കണ്ണന്‍ കരുണാകരന്‍ (46), കായംകുളം കൊറ്റുകുളങ്ങര മാവനാട് കിഴക്കതില്‍ ആടുകിളി നൗഷാദ് (53) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 11നാണ് ജ്വല്ലറി കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. ഭിത്തി തുരന്ന് കയറിയ സംഘം ഇരുമ്ബ് ലോക്കര്‍ തുറന്ന് 7,85,000 രൂപയുടെ മുതല്‍ വരുന്ന 10 കിലോയോളം വെള്ളിയാഭരണങ്ങളും ഒരു പവന്‍ സ്വര്‍ണാഭവണവും 40,000 രൂപയുമാണ് അപഹരിച്ചത്.

പ്രധാന ലോക്കര്‍ തകര്‍ക്കാന്‍ കഴിയാത്തിനാല്‍ സ്വര്‍ണ ശേഖരം നഷ്​ടമായിരുന്നില്ല. പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടാനായതിെന്‍റ ആശ്വാസത്തിലാണ് പൊലീസ്. തുടരെയുള്ള മോഷണത്തിനൊപ്പം സ്റ്റേഷന് വിളിപ്പാടകലെ കൂടി കവര്‍ച്ചാസംഘത്തിെന്‍റ വിളയാട്ടം ഉണ്ടായതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് കള്ളന്‍മാരെ കൈയൊടെ പൊക്കാന്‍ സഹായിച്ചത്. സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്കും ഊരിയതോടെ സുരക്ഷിതനായെന്ന് കരുതിയ കുപ്രസിദ്ധ കള്ളനെ മടയില്‍ ചെന്ന് പൊക്കാനായി എന്നതും പൊലീസിന് നേട്ടമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്​റ്റംബര്‍ 11ന് രാവിലെ 9.30ഓടെ ജ്വല്ലറിക്ക് സമീപത്തെ ആര്യവൈദ്യശാല തുറന്നപ്പോഴാണ് ഭിത്തി തുരന്നത് ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ പരിശോധനയിലാണ് പുറകുവശത്ത് കൂടി കള്ളന്‍മാര്‍ ജ്വല്ലറിക്കുള്ളിലേക്കാണ് തുരന്നുകയറിയതെന്ന് കണ്ടെത്തുന്നത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ മടങ്ങിയ തസ്കര സംഘത്തെ പിടികൂടാന്‍ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ 21 അംഗ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.

ഇവര്‍ പലവഴക്കായി തിരിഞ്ഞ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. സി.സി.ടി.വികളുടെ പരിശോധനക്കിടെ സംഭവ സ്ഥലത്തിന് സമീപം സംശയാസ്പദമായ നിലയില്‍ വന്നുപോയ ഇന്‍ഡിഗോ കാറാണ് തുമ്ബായത്.ഇതിനെ പിന്തുടര്‍ന്ന സംഘത്തിന്‍റെ പരിശോധനയില്‍ കൊല്ലം വഴി തിരുവനന്തപുരം നഗരത്തില്‍ എത്തിയ കാര്‍ പാലോട്, നെടുമങ്ങാട്, ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക് പ്രവേശിച്ചതായി മനസ്സിലാക്കി. ഇതിനിടെ സമാന കേസില്‍ ഉള്‍പ്പെട്ടവരെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 2011ല്‍ കല്ലറയില്‍ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളില്‍ ക്രൂരനായ കുറ്റവാളിയായ തമിഴ്നാട് സ്വദേശി കണ്ണനെ സംബന്ധിച്ച സൂചനകളും ലഭിച്ചു.

തമിഴ്നാട്ടില്‍ പ്രവേശിച്ച കാര്‍, കേരളത്തില്‍ ഉപയോഗിച്ച നമ്ബര്‍ മാറ്റി പോണ്ടിച്ചേരി രജിസ്ട്രേഷന്‍ നമ്ബര്‍ പതിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ പിന്തുടര്‍ന്നപ്പോഴാണ് അന്വേഷണം കണ്ണനിലേക്ക് എത്തിയത്. തിരുട്ടുഗ്രാമമായ കടലൂരില്‍ കണ്ണന്‍ എത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ഇങ്ങോട്ട് കയറുക പ്രയാസമായി.തുടര്‍ന്ന് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ മടയില്‍ കയറി കണ്ണനെ സാഹസികമായി പൊക്കുകയായിരുന്നു.

പിന്നീടുള്ള അന്വേഷണത്തിലാണ് ജയിലില്‍ വെച്ച്‌ ആടുകിളി നൗഷാദുമായി നടത്തിയ ഗൂഢാലോചനയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. സംഭവത്തിന് രണ്ട് ദിവസം മുമ്ബ് കരീലക്കുളങ്ങര, കൊറ്റുകുളങ്ങര എന്നിവിടങ്ങളിലെ വര്‍ക്​ഷോപ്പുകളില്‍നിന്നും മോഷ്​ടിച്ച ഗ്യാസ് സിലണ്ടറുകള്‍ ഉപയോഗിച്ചാണ് ജ്വല്ലറിയുടെ ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മോഷ്​ടാവിനായി ഒരു സംഘം പൊലീസുകാര്‍ തമിഴ്നാട് കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്.

പിടിയിലായത് സമാനകേസില്‍ പരോളിലിറങ്ങിയ സംഘം:

നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയായ കണ്ണന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നും പരോളിലിറങ്ങിയാണ് മോഷണത്തിന് എത്തിയത്. തിരുവനന്തപുരം കല്ലറയില്‍ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോള്‍ ലഭിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട നൗഷാദുമായി ജയിലില്‍ വെച്ചുള്ള പരിചയമാണ് കായംകുളം മോഷണ കേന്ദ്രമായി തെരഞ്ഞെടുക്കാന്‍ കാരണമായത്.

അതേസമയം, പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കാതിരുന്നത് തടസ്സമായെങ്കിലും കണ്ണന്‍റെ ചിത്രം ലഭ്യമായത് കാര്യങ്ങള്‍ക്ക് വേഗത നല്‍കി. തിരുവനന്തപുരത്തുനിന്നും ആര്യങ്കാവ് വഴി തമിഴ്നാട്ടിലേക്ക്​ കാറില്‍ രക്ഷപ്പെട്ട കണ്ണന്‍ പൊലീസ് വിരിച്ച വലയില്‍ വീഴുകയായിരുന്നു. ഇയാളില്‍നിന്നാണ് നൗഷാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. പ്രതികളെ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ്​ നടത്തി. നൂറോളം സി.സി.ടി.വികളാണ് ഇതിനായി പരിശോധിക്കേണ്ടി വന്നതെന്ന് കായംകുളം സി.ഐ മുഹമ്മദ് ഷാഫി പറഞ്ഞു.

കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷമേ തൊണ്ടി മുതലുകളെ കുറിച്ച്‌ വ്യക്തത വരുത്താനാകു. ഇതോടൊപ്പം മറ്റ് കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, കരീലക്കുളങ്ങര സി.ഐ സുധിലാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിനു, ലിമു, നിഷാദ്, സുനില്‍, ഗിരീഷ്, ഷാജഹാന്‍, ബിജുരാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക