തൃശൂര്‍: ബലാത്സം​ഗക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ നാലു പൊലീസുകാരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസിനെതിരെ ഇഡി കേസെടുക്കുന്നത്. ബലാത്സം​ഗക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പാറമട ഉടമയില്‍നിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്ബാദിച്ചെന്നുകാണിച്ച്‌ പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി.

പരാതിയില്‍ വിശദമായി അന്വേഷണം നടത്തിയതിനു ശേഷമാണ് ഇഡി രണ്ട്‌ പൊലീസ് സ്റ്റേഷന്‍ മേധാവികളുള്‍പ്പെടെ നാലുപേരെ പ്രതിേചര്‍ത്തത്. കൊടകര സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്ബ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ യാക്കൂബ്, വനിതാ സിപിഒ ജ്യോതി ജോര്‍ജ് എന്നിവരെയാണ് പ്രതിേചര്‍ത്തിരിക്കുന്നത്. പാറമട ഉടമയുടെ മകനെ രക്ഷിച്ചതിന് പ്രതിഫലമായി വന്‍തുക കൈപ്പറ്റിയെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബലാത്സം​ഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി വിശദീകരണം ചോദിച്ചപ്പോള്‍ തടിയിട്ടപ്പറമ്ബ് പോലീസ് നല്‍കിയ സത്യവാങ്മൂലമാണ് പോലീസുകാര്‍ക്ക് വിനയായത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ മാനഭംഗപ്പരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്ബ് പോലീസ് 2020 സെപ്റ്റംബര്‍ 30-ന് നല്‍കിയ സത്യവാങ്മൂലം. എന്നാല്‍, കൊടകര പോലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത് ഒക്ടോബര്‍ ഒന്നിനായിരുന്നു.

ഈ കേസില്‍ പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപ്പറമ്ബിലെയും പൊലീസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമാണ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച്‌ ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചെങ്കിലും പോലീസിന് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍, വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക