ഒരു പതിറ്റാണ്ടുകാലം ജയലളിതയുടെ രാഷ്ട്രീയ പ്രഭാവത്തിനു മുന്നിൽ അപ്രസക്തനായ എം കെ സ്റ്റാലിൻ, തമിഴ്നാട്ടിലെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുവാൻ പിന്നിട്ട വഴിത്താര. വീഡിയോ ഇവിടെ കാണാം.

സ്റ്റാലിൻ, എം കെ സ്റ്റാലിൻ, മുത്തുവേൽ കരുണാനിധി സ്റ്റാലിൻ…… അര നൂറ്റാണ്ട് കാലമായി തമിഴ്നാടിനെ ആരു ഭരിച്ചാലും അടക്കിവാഴുന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ സമകാലീന നേതാക്കളിൽ ഏറ്റവും കരുത്തൻ. കടലിൽ താഴ്ന്നു പോയി എന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തിയ കരുണാനിധിയുടെ ഉദയസൂര്യനെ തമിഴ് മനസ്സിൽ പുന പ്രതിഷ്ഠിച്ചാണ് സ്റ്റാലിൻ തമിഴ് മക്കളുടെ മുതൽ അമച്വർ ആയത്. പുരട്ചി തലൈവി,അമ്മ ജയലളിതയ്ക്ക് മുന്നിൽ ഒരു പതിറ്റാണ്ട് കാലത്തോളം നിശ്ചലനായി പോയ ഒരു രാഷ്ട്രീയ നേതാവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിഎംകെ പ്രതിപക്ഷത്തിരിക്കുമ്പോഴും, ചെന്നൈ മേയർ എന്ന നിലയിൽ ഇന്ത്യയുടെ മഹാനഗരങ്ങളിൽ ഒന്നിനെ അടക്കിവാണിരുന്ന സ്റ്റാലിൻ പക്ഷേ ജയലളിതയുടെ മൂന്നാം വരവിൽ അടിപതറി വീണിരുന്നു. കന്നി മത്സരത്തിൽ പരാജയപ്പെട്ടു പോയിട്ടും 1984 മുതൽ 2011 വരെയുള്ള കാലഘട്ടത്തിനിടയിൽ നാലുതവണ വിജയിച്ചു കയറിയ തൗസൻഡ് ലൈറ്റ്സ് നിയോജകമണ്ഡലം വിട്ട് കുളത്തൂരിലേക്ക് മാറി മത്സരിക്കുവാൻ കരുണാനിധിയുടെ മാനസപുത്രൻ നിർബന്ധിതനായത് ഈ കാലഘട്ടത്തിലാണ്. കുളത്തൂരിൽ നിന്ന് ഞെങ്ങി ഞെരിഞ്ഞ് ജയിച്ച സ്റ്റാലിൻ കരുണാനിധിയുടെ കാലഘട്ടം അവസാനിക്കുന്നതോടെ തമിഴക രാഷ്ട്രീയത്തിൽ അപ്രസക്തമായി മാറും എന്ന് വിധിയെഴുതിയവരെ തിരുത്തിക്കൊണ്ടാണ് 2021ൽ തമിഴക മനസ്സിനെ കീഴടക്കി മുഖ്യമന്ത്രിയായി വിജയിക്കുന്നത്.

ഇത് പക്ഷേ സ്റ്റാലിൻ എന്ന വ്യക്തിയുടെ മാത്രം വിജയമല്ല, ഡിഎംകെ എന്ന പാർട്ടിയുടെ മാത്രം വിജയമല്ല. ഉയർ കൊടുത്ത് തമിഴ് ഉയർത്തിപ്പിടിച്ച ദ്രാവിഡ രാഷ്ട്രീയത്തിൻറെ വിജയമാണ്. ജയലളിതയുടെ അപ്രതീക്ഷിത വിടവാങ്ങലോടു കൂടി ദുർബലമായ എഐഎഡിഎംകെ എന്ന പാർട്ടിയെ, ഭരണകക്ഷിയെ ചൊൽപ്പടിക്ക് നിർത്തി, രജനീകാന്ത് എന്ന തമിഴ് ജനതയുടെ മനസ്സ് കീഴടക്കിയ താരത്തെ മുൻനിർത്തി, ദ്രാവിഡ രാഷ്ട്രീയത്തിന് അപ്പുറം, ആധ്യാത്മിക രാഷ്ട്രീയം എന്ന ആദർശം ഉയർത്തിക്കാട്ടി തമിഴക മണ്ണിൽ വേരോട്ടം സ്ഥാപിക്കാനുള്ള ബിജെപിയുടെ മോഹങ്ങളെ തച്ചുതകർത്തു കൊണ്ടാണ് സ്റ്റാലിൻ അധികാരത്തിലേറുന്നത്.

എംജിആർ-കരുണാനിധി-ജയലളിത എന്നിവരെപ്പോലെ തെന്നിന്ത്യൻ സിനിമാലോകത്തെ താരപ്രഭയിൽ ആയിരുന്നില്ല സ്റ്റാലിൻറെ വളർച്ച. മുത്തുവേൽ കരുണാനിധിയുടെ മകൻ എന്ന പരിഗണന പലപ്പോഴും തുണച്ചെങ്കിലും, അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസവും, ഡിഎംകെ യൂത്ത് മൂവ്മെൻറ് എന്ന സംഘടനയെ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള പ്രസ്ഥാനമാക്കി വളർത്തിയ അനുഭവ പരിജ്ഞാനവും, ജയലളിതയുടെ അഭാവത്തിലും കുതിരക്കച്ചവടം നടത്തി അധികാരം പിടിക്കേണ്ട എന്ന തീരുമാനത്തിൽ കാട്ടിയ പക്വതയും എല്ലാം സ്റ്റാലിൻ എന്ന നേതാവിൻറെ നേതൃഗുണങ്ങൾ ആണ് എന്ന് പറയാതെ വയ്യ. രാഷ്ട്രീയ എതിരാളികളുടെ വെല്ലുവിളികളെ മാത്രമല്ല സ്റ്റാലിൻ അതിജീവിച്ചത്. കുടുംബത്തിൽനിന്ന് കൊട്ടാര വിപ്ലവം നയിച്ച മുൻ കേന്ദ്ര മന്ത്രി കൂടിയായ സഹോദരൻ എം കെ അഴഗിരി ഉയർത്തിയ എതിർപ്പുകളെയും അതിജീവിച്ചാണ് സ്റ്റാലിൻ രാഷ്ട്രീയ പടവുകൾ നടന്നുകയറിയത്.

അർദ്ധ സഹോദരനായ അഴഗിരിയും, മച്ചുനൻ ആയ ദയാനിധി മാരനും എല്ലാം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരായ പ്പോഴും സ്റ്റാലിൻ കാൽ ഉറപ്പിച്ചു നിന്നത് തമിഴക മണ്ണിലാണ്. അയാളുടെ രാഷ്ട്രീയ സ്വപ്നങ്ങളുടെ അതിർത്തി തമിഴ്നാട് എന്ന സംസ്ഥാനത്തിന് അതിർത്തിക്കപ്പുറം ഒരിക്കലും നീണ്ടരുന്നില്ല. അതുകൊണ്ടുതന്നെയാണ് തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന് സ്റ്റാലിൻ യുഗം കഴിഞ്ഞാൽ ഈ പ്രതാപം നിലനിർത്താൻ ആവുമോ എന്ന ആശങ്കയും ഉയരുന്നത്.

അധികാരമേറ്റ ആദ്യ ദിനം മുതൽ തന്നെ വാഗ്ദാനങ്ങൾ പാലിക്കുവാൻ പ്രതിജ്ഞാബദ്ധനായ ഒരു മുഖ്യമന്ത്രി എന്ന പരിവേഷം സ്റ്റാലിന് ലഭിക്കുന്നുണ്ട്. പക്ഷേ ഇവിടെയും സ്റ്റാലിൻ വ്യത്യസ്തനാവുകയാണ്. അച്ഛൻ കരുണാനിധിയുടെ രാഷ്ട്രീയ ശൈലി അല്ല അദ്ദേഹം കടമെടുക്കുന്നത്. അച്ഛൻറെ ബന്ധവൈരികളായ ജയലളിതയുടെ രാഷ്ട്രീയ ശൈലി ആണ് സ്റ്റാലിൻ പ്രകടമാകുന്നത് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. തമിഴ് പെരുമയ്ക്കൊപ്പം വികസന മന്ത്രവും വ്യവസായവൽക്കരണവും കൂട്ടിക്കലർത്തിയാണ് സ്റ്റാലിൻ തമിഴ് മണ്ണിൽ മുഖ്യമന്ത്രിയായി ചുവടുറപ്പിക്കുന്നത്. ജയലളിതയുടേതിന് സമാനമായ കാർക്കശ്യം ആണ് അയാൾ ഭരണനിർവ്വഹണത്തിൽ പ്രകടമാക്കുന്നത്.

തന്നെ പുകഴ്ത്തുന്ന വരെ വെച്ചുപൊറുപ്പിക്കില്ല എന്ന് പറയുന്ന എം കെ സ്റ്റാലിൻ എന്ന മുഖ്യമന്ത്രി കേരളത്തിൽ പോലും ആരാധകരെ സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു. രണ്ടുവർഷംമുമ്പ് കമൽഹാസൻ പറഞ്ഞത് പിണറായി വിജയനെ പോലെ ഒരു മുഖ്യമന്ത്രി തമിഴ്നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്നാണെങ്കിൽ ഇന്ന് കേരളത്തിലെ യുവജനങ്ങൾ പതിയെപതിയെ പറഞ്ഞു തുടങ്ങിയിരിക്കുന്നു സ്റ്റാലിനെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. ഭരണത്തിലേറിയ ആദ്യനാളുകളിൽ തന്നെ തമിഴ് ജനതയുടെ മർമ്മം അറിഞ്ഞ് തമിഴ് പോരാട്ടവീര്യം ആളിക്കത്തിച്ച് കേന്ദ്ര സർക്കാരിന് നൽകുന്ന വിശേഷണം സെൻട്രൽ ഗവൺമെൻറ് എന്നത് മാറ്റി യൂണിയൻ ഗവൺമെൻറ് എന്നാക്കിയ തമിഴക മുഖ്യമന്ത്രി പൗരത്വ പ്രതിഷേധ കേസുകൾ എഴുതിത്തള്ളി കൊണ്ട് കേന്ദ്രസർക്കാരിന് നൽകുന്നത് കേരളത്തിലെ വിപ്ലവവീര്യമുള്ള മുഖ്യമന്ത്രി നൽകുന്നതു പോലെയുള്ള പൂച്ചെണ്ടുകൾ അല്ല, മറിച്ച് താൻ എതിർക്കും എന്ന കൃത്യമായ രാഷ്ട്രീയ സന്ദേശം ആണ്.

നീറ്റ് പരീക്ഷയ്ക്കെതിരെ നിയമം പാസാക്കിയതും കൃത്യമായ രാഷ്ട്രീയ നീക്കമാണ് എന്നതിൽ തർക്കമില്ല. കർക്കശത്തോടുകൂടി ലോക്ക് ഡൗൺ നടപ്പാക്കുന്നതും, അടച്ചുപൂട്ടലിൻറെ കാലത്ത് ജനത പട്ടിണി കിടക്കാതിരിക്കാൻ അവരുടെ കൈകളിലേക്ക് നേരിട്ട് രണ്ട് ഗഡുക്കളായി പണം എത്തിച്ചും അദ്ദേഹം നേടിയ വീരപരിവേഷം ചെറുതല്ല. കരുണാനിധിയുടെ മക്കളിൽ കവിത ചൊല്ലുന്ന കനിമൊഴിയും, വടിവാൾ രാഷ്ട്രീയം കൈമുതലായ അഴഗിരിയും, എഐഎഡിഎംകെയിലെ മുൻ മുഖ്യമന്ത്രിമാരായ പളനിസ്വാമിയും, പനീർ സെൽവവും, രാഷ്ട്രീയത്തിൽ അമ്പേ പരാജയപ്പെട്ടു പോയ ഉലകനായകൻ കമൽഹാസനും സ്റ്റാലിനു പോന്ന എതിരാളികൾ അല്ല ആവുകയുമില്ല. അതുകൊണ്ടുതന്നെ ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കാം.തമിഴക രാഷ്ട്രീയത്തിൽ സ്റ്റാലിനു പോന്ന ഒരു എതിരാളി ജന്മം കൊള്ളേണ്ടി ഇരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക