തിരുവനന്തപുരം: സംഘടനാ പുനഃസംഘടനയില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ യൂത്ത് കോണ്‍ഗ്രസ്‌ മുന്‍ഭാരവാഹികള്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് നിവേദനം നല്‍കി. യൂത്ത് കോണ്‍ഗ്രസ്‌, കെ എസ് യു ഉള്‍പ്പടെയുള്ള പോഷക സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ പുതുമുഖങ്ങളെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവർത്തന മികവുള്ള പല യൂത്ത് കോൺഗ്രസ് ഭാരവാഹികളും കോൺഗ്രസ് പാർട്ടിയിൽ വേണ്ടത്ര അംഗീകാരം കിട്ടാതെ പുറത്തു നിൽക്കുകയാണ്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ പോലും അധ്യക്ഷസ്ഥാനത്തേക്ക് ഇവരെ പരിഗണിക്കുന്നില്ല. 40 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് കോൺഗ്രസിൽ വേണ്ടത്ര സാന്നിധ്യവും അംഗീകാരവും കൊടുക്കാത്തത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട് എന്ന വിലയിരുത്തൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥിത്വം കിട്ടിയ പലരും ഇപ്പോൾ യുവാക്കളെന്ന് അവകാശവാദമുന്നയിച്ച് പാർട്ടിയിൽ സ്ഥാനങ്ങൾക്ക് വേണ്ടി വിലപേശൽ നടത്തുകയാണ്. ഡിസിസി അധ്യക്ഷപദം ലക്ഷ്യമിട്ട് ഇവരിൽ പലരും കരുക്കൾ നീക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോൾ ടിക്കറ്റ്, തോറ്റു കഴിയുമ്പോൾ പാർട്ടി ഭാരവാഹിത്വം എന്ന നിലയിൽ എല്ലാം തങ്ങൾക്ക് വേണമെന്ന് അവകാശവാദമാണ് ഇവർ ഉന്നയിക്കുന്നത്. ഇവരിൽ പലരും ഏതെങ്കിലും നേതാക്കളുടെ തണലിൽ കോൺഗ്രസിൽനിന്ന് സൗഭാഗ്യങ്ങൾ മാത്രം അനുഭവിച്ചവരാണ്. എന്നിട്ടും പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട കഥകൾ അവതരിപ്പിച്ച് പുതുമുഖങ്ങളെ അകറ്റിനിർത്താനും യുവാക്കളെ നേതൃസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാനും ആണ് ഇവരിൽ പലരും ഇപ്പോഴും ശ്രമിക്കുന്നത്.

യൂത്ത് കോൺഗ്രസിലും നേതൃമാറ്റ ആവശ്യം?

കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആയിരിക്കെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഷാഫി പറമ്പിൽ. അതിനുശേഷം എംഎൽഎ ആയിരിക്കെ തന്നെയാണ് അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയത്. ഇതിനെതിരെയും സംഘടനയിൽ ഒരു വിഭാഗം ശബ്ദം ഉയർത്തുന്നുണ്ട്. ഇരട്ട പദവി ഒഴിവാക്കി യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ മാതൃക കാട്ടണം എന്ന അഭിപ്രായമാണ് ഉയരുന്നത്. നിലവിൽ കോൺഗ്രസ് നേതൃനിരയിൽ പ്രമുഖനായ ഷാഫി ഒഴിവായി മറ്റൊരാൾക്ക് അവസരം കൊടുക്കണം എന്ന് വാദഗതിയും ശക്തമായി സംഘടനയ്ക്കുള്ളിൽ ഉയർത്താൻ തന്നെയാണ് ഇവരുടെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക