ലണ്ടന്‍: തിരുവനന്തപുരം കളക്ടര്‍ ആയിരുന്ന ഡോ.വാസുകി ഐഎഎസും കൊല്ലം കളക്ടര്‍ ആയിരുന്ന ഭര്‍ത്താവ് ഡോ. എസ് കാര്‍ത്തികേയനും ലണ്ടനിലേക്ക്. കഴിഞ്ഞ ഏതാനും മാസമായി അവധിയില്‍ ആയിരുന്ന ഡോ. വാസുകി റെഡിങ് യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കാന്‍ പോകുന്നത്. ഭര്‍ത്താവ് കാര്‍ത്തികേയനും അതെ യൂണിവേഴ്സിറ്റിയില്‍ തന്നെ പ്രവേശം ലഭിച്ചു എന്നത് മാത്രമല്ല പ്രത്യേകത രണ്ടു പേര്‍ക്കും ചീവനിങ് സ്‌കോളര്‍ഷിപ് ലഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ പഠനവും താമസവും എല്ലാം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ചെലവില്‍ തന്നെ നടക്കും.

സാധാരണയായി സര്‍ക്കാരുകളോട് പിണങ്ങിയാണ് പല ഉന്നത ഉദോഗസ്ഥരും ഇത്തരം പഠന യാത്രകള്‍ സംഘടിപ്പിക്കുക. ഇവരുടെ വരവില്‍ അത്തരം രാഷ്ട്രീയമാനങ്ങളൊന്നുമില്ല. ഡോ. കാര്‍ത്തികേയനോടുള്ള പ്രണയം മൂത്തു മധ്യപ്രദേശ് കേഡര്‍ ഉപേക്ഷിച്ചു കേരളം തിരഞ്ഞെടുക്കിയായിരുന്നു മിടുക്കിയായ ഈ ഉദ്യോഗസ്ഥ. കേരളത്തില്‍ എത്തിയ വാസുകി പരിസ്ഥിതി മലിനകരണ നിയന്ത്രണ പരിപാടികളുടെ മുന്‍ നിരയില്‍ നില്ക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സമര്‍ത്ഥയായ ഉദ്യോഗസ്ഥ എന്ന പേരെടുത്തതോടെ തലസ്ഥാന നഗരിയില്‍ തന്നെ അവരോധിക്കപ്പെടുകയും ചെയ്തു. തൊട്ടയല്‍ ജില്ലയായ കൊല്ലത്തു ഭര്‍ത്താവ് ഡോ കാര്‍ത്തികേയനും കളക്ടര്‍ ആയതോടെ ഇരു ജില്ലകള്‍ക്കും ഇടയിലെ ഭരണ അകലം ഒരു വീട്ടിലേക്കു എന്ന വിധം കുറയുക ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഠിക്കാന്‍ വാസുകി തിരഞ്ഞെടുത്തത് സൈക്കോളജി കണ്‍വെര്‍ഷന്‍ എന്ന വിഷയമാണ്, ഭര്‍ത്താവാകട്ടെ പഠിക്കാന്‍ തയാറാകുന്നത് ഫുഡ് സയന്‍സിലെ ബിരുദാന്തര ബിരുദം. പതിനായിരക്കണക്കിന് അപേക്ഷകരില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്കു ലഭിക്കുന്ന ചീവനിങ് സ്‌കോളര്‍ഷിപ് ഒരു വീട്ടിലെ രണ്ടു പേര്‍ക്കും ലഭിക്കുക എന്നതും അപൂര്‍വ്വതയാണ്. രണ്ടു വര്‍ഷം അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് വിമാന ടിക്കറ്റിനുള്ള പണം പോലും ഇല്ലാതെ യുകെയില്‍ എത്തി പഠിക്കാന്‍ ഉള്ള സൗകര്യമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരുക്കുന്നത്. പല കോഴ്സുകളും പഠിക്കാന്‍ ഇപ്പോഴും ബ്രിട്ടന്‍ മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച ഇടം എന്നതുമാണ് ഐഎഎസുകാരെ കൂട്ടത്തോടെ യുകെയിലേക്കു ഓരോ വര്‍ഷവും ആകര്‍ഷിക്കുന്നത്. ഇത്തരം കോഴ്സുകള്‍ക്ക് വിഖ്യാതമായ ഓക്‌സ്‌ഫോര്‍ഡ് , കേംബ്രിജ് എന്നിവിടങ്ങളില്‍ പോലും അഡ്‌മിഷന്‍ ലഭിക്കും എന്നതും പ്രത്യേകതയാണ്.

ഏകദേശം ഒരു വര്‍ഷത്തെ തയ്യാറെടുപ്പാണ് ഡോ. വാസുകി യുകെയില്‍ എത്താനായി എടുത്തത്. ഉപന്യാസ മട്ടിലുള്ള ചോദ്യങ്ങള്‍ക്കു 13 വട്ടം തിരുത്തെഴുതുകള്‍ അദ്ധ്യാപകരുടെ സഹായത്തോടെ നല്‍കിയെന്നും വാസുകി പറയുന്നു. സ്‌കോളര്‍ഷിപ് അപേക്ഷയ്ക്കൊപ്പം അഡ്‌മിഷന്‍ നടപടികളും പാരലല്‍ ആയി ചെയ്തതോടെയാണ് വേഗത്തില്‍ യുകെയില്‍ എത്താനായത്. കാര്യങ്ങള്‍ ഏറ്റവും സത്യസന്ധമായി പറയുക എന്നതാണ് ഈ സ്‌കോളര്‍ഷിപ് ലഭിക്കുമ്ബോള്‍ താന്‍ ഏറ്റവും അധികം മനസ്സിലാക്കിയതെന്നും വാസുകി മനസ് തുറക്കുന്നു . അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് ധൈര്യമായി ബ്രിട്ടനില്‍ പറയാം എന്നതാണ് ഏറ്റവും വലിയ പാഠം. വാസുകി ഇത് പറയുമ്ബോള്‍ കേരളത്തിലെ അനുഭവം എന്തായിരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം കേള്‍ക്കുന്നവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഈ വര്‍ഷം ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേര്‍ കൂടി യുകെയില്‍ എത്തുന്നുണ്ട്. കൊല്ലം കൊട്ടാരക്കര സ്വദേശി രജനീഷ് രാജന്‍, പാലക്കാട് കല്‍പാത്തി ആര്യ മുരളി എന്നിവരാണ് സ്‌കോളര്‍ഷിപ് ലഭിച്ച മറ്റു മലയാളികള്‍. ഇത്തവണ ഇന്ത്യയില്‍ നിന്നും സ്‌കോളര്‍ഷിപ് തേടി 65000 അപേക്ഷകര്‍ ഉണ്ടായിരുന്നു എന്നാണ് വക്തമാകുന്നത്. വുമണ്‍ ഇന്‍ ടെക്നോളജി ഇന്റെന്‍ര്‍നാഷനില്‍ മുന്‍ വൈസ് പ്രസിഡന്റ ആയ ആര്യ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണോമിക്‌സില്‍ സോഷ്യല്‍ ഇന്നൊവേഷന്‍, ആന്‍ഡ് എന്റര്‍പ്രെണര്‍ കോഴ്സില്‍ മാസ്റ്റേഴ്‌സ് ചെയ്യുമ്ബോള്‍ 50 ലക്ഷം രൂപയാണ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പായി നല്‍കുക. ഈ കോഴ്സിന് 32000 പൗണ്ട് ഫീസും താമസ ചെലവായി മാസം 1500 പൗണ്ടും ചേര്‍ന്നതാണ് സ്‌കോളര്‍ഷിപ്. യുകെയില്‍ കാല് കുത്തുമ്ബോള്‍ തന്നെ 600 പൗണ്ട് വട്ടചെലവിനായി അലവന്‍സും നല്‍കും. പലര്‍ക്കും ഈ തുകകളില്‍ ചെറിയ വത്യസമുണ്ടാകും. കോഴ്സുകളുടെ പ്രത്യേകത അനുസരിച്ചാണ് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ് തുകയില്‍ ഉള്ള ഏറ്റക്കുറച്ചിലുകള്‍.

പ്രശസ്തമായ ഏണസ്റ് ആന്‍ഡ് യാങിലെ ഗവണ്മെന്റ് ആന്‍ഡ് പബ്ലിക് അഡൈ്വസറി മുന്‍ കണ്‍സല്‍ട്ടന്റ് ആയ രജനീഷ് രാജന്‍ യൂണിവേഴ്സിറ്റി ഓഫ് സസെക്സില്‍ എം എ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന വിഷയത്തിലാണ് മാസ്റ്റേഴ്‌സ് ചെയ്യുക . ഈ സ്‌കോളര്‍ഷിപ്പിന് രണ്ടു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് അഥവാ 2800 മണിക്കൂറിനു തത്തുല്യമായ പ്രവര്‍ത്തി പരിചയമാണ് ആവശ്യപ്പെടുന്നത് .ബിരുദം മുതല്‍ ചെയ്ത ജോലികള്‍ എല്ലാം പരിഗണിക്കപ്പെടും. അത് ഫുള്‍ ടൈം എന്നോ പാര്‍ട്ട് ടൈം എന്നോ വത്യസമൊന്നുമില്ല. വളണ്ടിയര്‍ ആയി ചെയ്ത പ്രവര്‍ത്തനം പോലും പരിഗണിക്കപ്പെടും . ലീഡര്ഷിപ് ക്വളിറ്റി ആയിരിക്കും അഭിമുഖ ഘട്ടത്തില്‍ പ്രധാനമായും പരിഗണിക്കപ്പെടുക . അത് ചെറിയ കാര്യങ്ങളില്‍ ആയാല്‍ പോലും യുകെയില്‍ വിലമതിക്കപ്പെടുന്നതുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക