കോട്ടയം: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തുവന്നത്. ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. മഹിമയുടെ മരണത്തിന് കാരണം കോവിഡ് വാക്സിനേഷന്‍ ആകാമെന്ന് ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് മഹിമയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ഈ മാസം ആറാം തീയതിയാണ് മഹിമാ മാത്യു മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. അന്നുതന്നെ രാവിലെ ഗര്‍ഭിണിയാണോ എന്ന് പരിശോധിക്കുന്നതിന് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് വാക്സിന്‍ സ്വീകരിച്ചതെന്ന് മഹിമയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രിയില്‍ നിന്നും നേരെ മരങ്ങാട്ടുപള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോയി വാക്സിന്‍ എടുക്കുകയായിരുന്നു. അന്ന് തന്നെ ആശുപത്രിയില്‍ തിരിച്ചെത്തി ഗര്‍ഭിണിയാണോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ആ പരിശോധനയിലാണ് മഹിമ ഏഴാഴ്ച ഗര്‍ഭിണിയാണെന്ന് സ്വീകരിച്ചത്.15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു. ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധംപൂര്‍ണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.

ആശുപത്രി നല്‍കിയ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ തലച്ചോറിലെ രക്തസ്രാവം കൂടാതെ കോവിഡ് വാക്സിനേഷന്‍ എടുത്തതിലെ പാര്‍ശ്വഫലങ്ങള്‍ മരണത്തിന് കാരണമായിട്ടുണ്ടാകാം എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശുപത്രിയുടെ ചികിത്സയില്‍ തൃപ്തിയില്ല എന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നു. തുടക്കം മുതല്‍ മറ്റൊരു ആശുപത്രിയിലും പോകാതെ ഇവിടെ തന്നെയാണ് ചികിത്സ നല്‍കിയിരിക്കുന്നത്. ഇതിനെക്കുറിച്ച്‌ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് ഇ-മെയില്‍ വഴി ആരോഗ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ പറയുന്നത്.

ആശുപത്രി നൽകുന്ന വിശദീകരണം:

അതേസമയം സംഭവത്തെക്കുറിച്ച്‌ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ, പതിനഞ്ചാം തീയതി ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ മഹിമയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. തലച്ചോറില്‍ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കി. ഇതിന് കാരണമെന്തെന്ന് പരിശോധിക്കാനുള്ള നീക്കങ്ങളും നടന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. മരണകാരണം എന്തെന്ന് അറിയാന്‍ പോസ്റ്റുമാര്‍ട്ടം വേണമെന്നും ആശുപത്രി നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ മഹിമയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തി. തലച്ചോറിലെ രക്തസ്രാവം ആണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ പ്രാഥമികനിഗമനം.

കോവിഡ് വാക്സിനേഷന്‍ മരണത്തിന് കാരണമാകാമെന്ന് ആശുപത്രിയുടെ നിലപാടാണ് ഇതില്‍ ശ്രദ്ധേയം.അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നടത്തുന്ന പരിശോധനകള്‍ നിര്‍ണായകമാണ്. മഹിമക്ക് ജന്മനാ ഒരു കാലില്ല. നാലുമാസം മുന്‍പാണ് മഹിമയുടെ വിവാഹം കഴിഞ്ഞത്. കോവിഡ് വാക്സിനേഷൻ പാർശ്വഫലങ്ങൾ മൂലം നിരവധി മരണങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട് എന്ന ആരോപണം സജീവമാണ്. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയുടെ കുടുംബവും ആരോപിക്കുന്നത് വാക്സിനേഷൻ പാർശ്വഫലം മൂലമാണ് ഈ നിലയിൽ ആയത് എന്നാണ്. നോവാ സാബു എന്ന 19 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇന്ത്യയിൽ വ്യാജ കോവീഷീൽഡ് വാക്സിൻ വിതരണം ചെയ്യപ്പെടുന്നു എന്ന സംശയവും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ തന്നെ കേരളത്തിലാണ് രണ്ട് ഡോസ് വാക്സിനും എടുത്തവരിൽ ഏറ്റവും അധികം കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്യന്തം ഗൗരവമേറിയ വിഷയമായി ഇത് കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ പാലായിലെ സ്വകാര്യ ആശുപത്രി ഡെത്ത് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന സംശയം തീർച്ചയായും വിശദമായി പരിശോധിക്കപ്പെടേണ്ടതാണ്. കോവിഡാനന്തര രോഗങ്ങൾക്കുള്ള സൗജന്യചികിത്സ സംസ്ഥാന സർക്കാർ നിർത്തലാക്കിയതും ഈ വിഷയവുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്. രാജ്യത്ത് തന്നെ കോവിഡ് വാക്സിനേഷൻ എടുത്ത ആളുകളിൽ ഏറ്റവുമധികം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു നീക്കം തീർത്തും നിർഭാഗ്യകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക