എ ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കള്ളപ്പണ ആരോപണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കെ ടി ജലീലിന്റെ വാദത്തെ ശരിവെച്ച്‌ പരാതിക്കാരി ദേവിയുടെ മകന്‍ ബ്രിജേഷ്. 80 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നിരുന്നുവെന്നും ഇഡി നോട്ടീസ് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നും ബ്രിജേഷ് വ്യക്തമാക്കി.

പണവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ നിര്‍ദേശ പ്രകാരം മുന്‍ ബാങ്ക് സെക്രട്ടറി വി കെ ഹരിദാസിനോട് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും അപ്പോള്‍ അക്കൗണ്ട് മാറി പണം വന്നതാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കെടി ജലീലുമായി നേരിട്ട് ബന്ധമില്ലെന്നും ബ്രിജേഷ് വ്യക്തമാക്കി.ഒരു ചാനൽ ചർച്ചയിൽ ആണ് അദ്ദേഹം കാര്യങ്ങൾ തുറന്നു പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രിജേഷ് പറഞ്ഞത്:

കെടി ജലീല്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായും സത്യമാണ്. 20 വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന അംഗനവാടിയിലെ ടീച്ചറായിരുന്നു അമ്മ. അംഗനവാടിയുടെ അടുക്കള നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 25000 രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടായിരുന്നു. ആ ഫണ്ട് ലഭിക്കുന്നതിനാണ് പഞ്ചായത്ത് അംഗത്തിന്റെ നിര്‍ദേശ പ്രകാരം 2010-ല്‍ എആര്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചത്. അന്ന് മറ്റൊരു സ്ത്രീയുടെ കൂടെ ചേര്‍ന്ന് അടുക്കള നിര്‍മ്മാണ കമ്മിറ്റി എന്ന പേരില്‍ ജോയിന്റ് അക്കൗണ്ടായിട്ടാണ് അന്ന് അക്കൗണ്ട് ആരംഭിച്ചത്. പിന്നീട് 8.5.2010 -ല്‍ അക്കൗണ്ടിലേക്ക് നിര്‍മ്മാണത്തിനുള്ള കൃത്യം 23270 രൂപ വരികയും അത് ആ ദിവസം തന്നെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

2021 ഫെബ്രുവരിയില്‍ ഇന്‍കംടാക്‌സ് ഓഫീസില്‍ നിന്ന് വരുമാനത്തിന്റെ ഉറവിടം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് 80 ലക്ഷത്തെക്കുറിച്ച്‌ അറിഞ്ഞത്. ആകെ രണ്ടായിരം രൂപ പെന്‍ഷന്‍ കിട്ടുന്ന അമ്മ അത്രവലിയ തുകയ്ക്ക് ഇടപാടുകളൊന്നും നടത്തിയിട്ടില്ലാത്തതിനാല്‍ ആ നോട്ടീസ് അപ്പോള്‍ കാര്യമായിട്ട് എടുത്തില്ല. എന്നാല്‍ മെയ്യില്‍ രണ്ടാമത്തെ നോട്ടീസ് വന്നു. ഈ സമയം, അമ്മയ്ക്ക് വയ്യാതെ ചികിത്സയിലായിരുന്നു. അതുകൊണ്ട് ജൂണ്‍ മാസത്തിലാണ് കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസുമായി ബന്ധപ്പെട്ടത്. ഇന്‍കംടാക്‌സ് ഓഫീസില്‍ നിന്ന് ഞങ്ങളുടെ സജീവമായിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നല്‍കണമെന്ന് അറിയിച്ചു.

അതനുസരിച്ച്‌ എസ്ബിഐയിലും ഗ്രാമീണ ബാങ്കിലുമായുള്ള രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇന്‍കംടാക്‌സിന് നല്‍കി. പിന്നീട് ഓഫീസില്‍ നിന്നുവിളിച്ച്‌ എആര്‍ നഗര്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ എന്നു വിളിച്ചുചോദിച്ചു. അപ്പോള്‍ അംഗനവാടിയുടെ ആവശ്യത്തിനായി ഒരു ജോയിന്റ് അക്കൗണ്ട് ഉണ്ടായിരുന്നെന്നും അതില്‍ എന്തെല്ലാം ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഞങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് അറിയിച്ചതല്ലാതെ മറ്റൊരു ഇടപാടും നടത്തിയിട്ടില്ലെന്ന് ഞങ്ങളുടെ കൈയ്യില്‍ നിന്ന് അവര്‍ അഫിഡവിറ്റ് എഴുതി വാങ്ങി.

പിന്നീട് 20-തോളം ദിവസത്തിന് ശേഷം ഇന്‍കംടാക്‌സ് ഓഫീസില്‍ നിന്ന് വിളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ 80 ലക്ഷത്തിന്റെ ഇടപാട് നടത്തിയിട്ടുണ്ടെന്നും എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച്‌ പരാതി നല്‍കണമെന്നും അറിയിച്ചു. അപ്പോഴാണ് വിവരങ്ങള്‍ അറിയുന്നത്. ഈ പണം ബാങ്ക് അക്കൗണ്ടിലുണ്ടോ എന്ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ ബാങ്കില്‍ പോയി അന്വേഷിക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു.

പക്ഷേ, കേസുകൊടുക്കുന്നതിന് മുന്‍പ് ബാങ്കില്‍ പോയി ഇന്‍കംടാക്‌സ് നോട്ടീസ് കാണിച്ച്‌ ഈ 80 ലക്ഷത്തെക്കുറിച്ച്‌ അന്വേഷിച്ചിരുന്നു. അപ്പോള്‍ മുന്‍ ബാങ്ക് സെക്രട്ടറി വി കെ ഹരികുമാറുമായി ബന്ധപ്പെടാനാണ് ബാങ്കില്‍ നിന്ന് പറഞ്ഞത്. അതനുസരിച്ച്‌ ഹരികുമാറിനെ വീട്ടില്‍ചെന്ന് കണ്ട് കാര്യം അന്വേഷിച്ചിരുന്നു. അപ്പോള്‍ പ്രശ്‌നമൊന്നുമില്ല എന്നുപറഞ്ഞ് തിരിച്ചയച്ചു. ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരാളുടെ പണം പേര് മാറി അമ്മയുടെ അക്കൗണ്ടിലേക്ക് വന്നതാണെന്ന് ബാങ്കില്‍ നിന്ന് വിളിച്ച്‌ അറിയിച്ചു. എന്നാല്‍ ഇതിനുപുറമെ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ഈ മാസം 16-ാം തിയതിക്ക് എല്ലാ രേഖകളുമായി ഓഫീസിലെത്തണമെന്ന് നോട്ടീസുവന്നു. ഇതോടെ ബാങ്കില്‍ പോകാതെ നേരിട്ട് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പരാതിക്കാരന്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കെടി ജലീല്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ മറ്റുചിലര്‍ ബന്ധപ്പെട്ടിരുന്നു അവര്‍ക്ക് താന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിരുന്നെന്നും ബ്രിജേഷ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക