കോഴിക്കോട്‌: മുസ്ലിം ലീഗില്‍ പാര്‍ട്ടിക്കുള്ളിലെ പടയില്‍ പകച്ച്‌ നേതൃത്വം. പാണക്കാട്‌ തങ്ങള്‍ കുടുംബത്തിലെ ഭിന്നിപ്പും മറ നീക്കി പുറത്ത്‌ വന്നതോടെ പ്രവര്‍ത്തകരിലും അങ്കലാപ്പ്‌. മുസ്ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ യൂത്ത്‌ ലീഗ്‌ ദേശീയ ഉപാധ്യക്ഷന്‍ തന്നെ പരസ്യമായി രംഗത്തെത്തിയതിന്റെ പകപ്പിലാണ്‌ നേതൃത്വം. ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നാലു പതിറ്റാണ്ടായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയെന്നും ഫണ്ട്‌ കൈകാര്യം കുഞ്ഞാലിക്കുട്ടി തനിച്ചാണ്‌ നടത്തുന്നതെന്നും മുസ്ലിം ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി തങ്ങളുടെ മകനും യൂത്ത്‌ ലീഗ്‌ ദേശീയ വൈസ്‌ പ്രസിഡന്റുമായ മുയിന്‍ അലി വാര്‍ത്താസമ്മേളത്തില്‍ തുറന്നടിച്ചു.

തെരഞ്ഞെടുപ്പ്‌ തോല്‍വിയ്‌ക്ക്‌ പിന്നാലെ നേതൃത്വത്തിനെതിരേ വിമര്‍ശനം ശക്‌തമായതോടെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരേ എതിര്‍പക്ഷം രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു. ഇന്നലെ ലീഗ്‌ ഹൗസില്‍ തന്നെ വാര്‍ത്താ സമ്മേളനം വിളിച്ച്‌ മുയിന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. ഹൈദരലി ശിഹാബ്‌ തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ്‌ മലപ്പുറം ജില്ലാ പ്രസിഡന്റും ലീഗ്‌ ഉന്നതാധികാര സമിതി അംഗവുമായ സാദിഖലി തങ്ങള്‍ കുഞ്ഞാലിക്കുട്ടി പക്ഷത്താണ്‌. ഹൈദരലി തങ്ങള്‍ അസുഖബാധിതനായതോടെ സാദിഖലി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുവെന്ന പരാതി തങ്ങള്‍ കുടുംബത്തിലെ മൂപ്പിളമ തര്‍ക്കത്തിനും ഭിന്നതയ്‌ക്കും കാരണമായി. സാദിഖലിയെ കൂട്ടുപിടിച്ച്‌ കുഞ്ഞാലിക്കുട്ടി, ഹൈദരലി തങ്ങളെ മറികടന്ന്‌ അജന്‍ഡ നടപ്പാക്കുന്നുവെന്നും എതിര്‍പക്ഷം ആരോപിക്കുന്നു. കഴിഞ്ഞാഴ്‌ച കോഴിക്കോട്‌ ചേര്‍ന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിലും നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളുമാണ്‌ ഉയര്‍ന്നത്‌. ഇവയോട്‌ കുഞ്ഞാലിക്കുട്ടി വൈകാരികമായാണ്‌ പ്രതികരിച്ചത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കത്വഫണ്ട്‌ വിവാദത്തിലടക്കം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച്‌ മുയിന്‍ അലി ഫെയ്‌സ്‌ ബുക്ക്‌ ലൈവ്‌ നല്‍കിയിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുമ്ബാകെ പരസ്യപ്രകടനത്തിന്‌ മുതിരുമെന്ന്‌ കുഞ്ഞാലിക്കുട്ടിക്കൊപ്പമുള്ളവര്‍ കരുതിയിരുന്നില്ല. കുഞ്ഞാലിക്കുട്ടിയ്‌ക്ക്‌ എതിരെയുള്ള കെ.ടി. ജലീലിന്റെ ആരോപണം ലീഗ്‌ നേതൃത്വം അവഗണിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌(ഇ.ഡി.) പാണക്കാട്‌ തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍നിന്ന്‌ ഒഴിഞ്ഞു മാറുക എളുപ്പമാകില്ല. ലീഗ്‌ നേതൃത്വത്തില്‍ ആത്മീയാചാര്യപരിവേഷമുള്ള പാണക്കാട്‌ തറവാട്ടിലേക്ക്‌ ഇ.ഡിയടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ കടന്നെത്തുന്നതും ഇതാദ്യം. ഇ.ഡിയുടെ ആദ്യഘട്ട നോട്ടീസ്‌ പരസ്യമാക്കി വിവാദമാക്കിയത്‌ പാര്‍ട്ടിയിലെ ശത്രുക്കള്‍ തന്നെയാണെന്ന്‌ കുഞ്ഞാലിക്കുട്ടി കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക