2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേർന്ന പാർലമെന്റ് ബഡ്ജറ്റ് സമ്മേളനത്തിൽ രാജ്യത്ത് ലോക്സഭയിലേക്കും, നിയമസഭകളിലേക്കും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2029ലെ പൊതു തിരഞ്ഞെടുപ്പിലാവും മൂന്നിലൊന്ന് വനിതാ സംവരണം നടപ്പാക്കുക എന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. 2029ൽ വൺ ഇന്ത്യ വൺ ഇലക്ഷൻ മോഡൽ നടപ്പാക്കി ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടപ്പാക്കാനുള്ള പദ്ധതികളും ബിജെപി ആസൂത്രണം ചെയ്യുന്നുണ്ട്.

ഈ സാധ്യതകൾ മുന്നിൽകണ്ട് ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മൻ രാഷ്ട്രീയ രംഗത്ത് സജീവമാകാനുള്ള കരുനീക്കങ്ങൾ നടത്തുകയാണ്. കോൺഗ്രസ് നേതൃത്വം ഔപചാരികമായി ആവശ്യപ്പെടാതെ തന്നെ പത്തനംതിട്ടയിൽ അനിൽ ആന്റണിക്കെതിരെ പ്രചരണത്തിന് ഇറങ്ങുവാൻ അച്ചു തീരുമാനിച്ചു. വിവരം വിവിധ പി ആർ ഏജൻസികളുടെ സഹായത്തോടെ പ്രമുഖ ഓൺലൈൻ വാർത്ത മാധ്യമങ്ങളിലും ചാനലുകളിലും വാർത്താ തലക്കെട്ടായി വരുത്തിയെടുക്കുകയും ചെയ്തു. തൊട്ടു പിന്നാലെ തന്നെ ഉമ്മൻചാണ്ടിയുടെ കുടുംബം ഒന്നടങ്കം പ്രചാരണത്തിന് ഇറങ്ങുമെന്ന് ഉമ്മൻചാണ്ടിയുടെ വിധവ മറിയാമ്മ ഉമ്മൻ പ്രഖ്യാപിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്സഭയിലേക്ക് നിയമസഭയിലേക്കും വനിതാ സംവരണം നടപ്പാക്കുമ്പോൾ അച്ചു തനിക്കൊരു അവസരം ലഭിക്കാനുള്ള സാധ്യതകൾ മുന്നിൽ കാണുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ പുതുപ്പള്ളി വനിതാ സംവരണ സീറ്റ് ആയാൽ അച്ചു ഉമ്മൻ ആവും സ്ഥാനാർഥി എന്ന് ഇപ്പോൾ തന്നെ ഏകദേശം ഉറപ്പിച്ചു പറയാൻ കഴിയും. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ അച്ചു ഉമ്മനെ പരിഗണിക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. പരസ്യമായി രാഷ്ട്രീയ പ്രവേശന മോഹങ്ങളെ തള്ളിപ്പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ മകൾ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്നുണ്ട് എന്നത് പരസ്യമായ ഒരു രഹസ്യമാണ്.

മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം ടീമിനോട് അടുത്തു നിന്നുകൊണ്ടാണ് അച്ചു രാഷ്ട്രീയ വേദികളിൽ സജീവമാകുന്നത് എന്നതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയുടെ മാനസപുത്രൻ ആയിരുന്ന ഷാഫി പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചർച്ച വന്നപ്പോൾ അദ്ദേഹത്തെ കൈവിട്ടു എന്ന ആക്ഷേപം സജീവമായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ കൊടുക്കുവാൻ ഉമ്മൻചാണ്ടി നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഷാഫി പിന്തുണച്ചത് വിഡി സതീശനെയാണ്. ഇതിൽ പിന്നെ ഷാഫി പറമ്പിലും ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയും വ്യത്യസ്ത ധ്രുവങ്ങളിലാണ് പാർട്ടിക്കുള്ളിൽ നീങ്ങുന്നത്.

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഷാഫി പറമ്പിലിനൊപ്പം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു. പിന്നീട് വടകര പാർലമെന്റ് സീറ്റിൽ സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിക്കുന്നതിനു മുൻപും ഷാഫി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു. എന്നാൽ ഈ രണ്ട് അവസരങ്ങളിലും ചാണ്ടി ഉമ്മന്റെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

അച്ചൂ ഉമ്മൻ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടം ടീമിനൊപ്പം മുന്നോട്ടു നീങ്ങുന്നത് ഉമ്മൻചാണ്ടി കുടുംബത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസത്തിന്റെ സൂചനയാണ് എന്നും ചിലർ വിലയിരുത്തുന്നുണ്ട്. ഇന്നലെ ഷാഫി വടകരയിൽ നോമിനേഷൻ സമർപ്പിച്ച സമയത്ത് അവിടെ അച്ചുവിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പ്രവർത്തകർക്കിടയിലും ഉമ്മൻചാണ്ടിയുടെ മകൾ എന്ന സ്വീകാര്യത ഇവർക്ക് ലഭിക്കുന്നുണ്ട്.

സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് ഊന്നി പറയുമ്പോഴും അച്ചുവിന്റെ രാഷ്ട്രീയ മോഹങ്ങൾ വ്യക്തമാണ്. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് വൈകിയിരുന്നെങ്കിൽ അച്ചുവിന് ആണ് സ്ഥാനാർത്ഥിയാകാൻ കൂടുതൽ സാധ്യതകൾ കൽപ്പിച്ചിരുന്നത് എന്നാൽ ഉമ്മൻചാണ്ടിയുടെ മരണത്തിന് ദിവസങ്ങൾക്കപ്പുറം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാർത്ഥിത്വം സഹോദരൻ ചാണ്ടിയിലേക്ക് എത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക