പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് നേരെ രാഹുല്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജയും പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം.

ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നു. ഇവനൊക്കെ പൊളിറ്റിക്കല്‍ തന്തയെന്നും ബയോളജിക്കല്‍ തന്തയുമെന്ന് രണ്ട് തന്തയുണ്ടോ.? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ആ അമ്മയും മകളും വിളമ്ബികൊടുത്തത് തിന്ന നേതാക്കന്മാർ ആരും ഇതിനെ എതിർത്തില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രമേശ് ചെന്നിത്തല മാത്രമാണ് ഇതിനെ എതിര്‍ത്തതെന്നും ബാക്കിയുള്ളവര്‍ നന്ദികെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”കരുണാകരന്റെ വീട്ടിലെത്തി പദ്മജ ചേച്ചി എന്നെ ഒന്നു കേറ്റിവിടണം എന്ന് പറഞ്ഞ് ലീഡറുടെയും പദ്മജ ചേച്ചിയുടെയും കാലുതൊട്ട് തൊഴുത ആള്‍ക്കാരുണ്ട്. ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉറങ്ങികെടന്ന കരുണാകരന്‍റെ കാലില്‍വീണ് പാര്‍ലമെന്‍റ് സീറ്റ് വാങ്ങിയ നേതാക്കളുണ്ട്. രാഷ്‌ട്രീയ ബന്ധത്തിലല്ല, അവരുമായുള്ള കുടുംബത്തോടുള്ള അടുപ്പം കൊണ്ട് അറിഞ്ഞതാണ്. ഞാന്‍ ചേച്ചി എന്നാണ് അവരെ വിളിച്ചത്, ഇനിയും അങ്ങനെയെ വിളിക്കൂ. അത് വേറെ കാര്യം, തോന്നിവാസം പറഞ്ഞ് നടന്നവൻ സംസ്കാരശൂന്യനാണ്. വിവരംകെട്ടവനാണ്. എന്നാല്‍ ഇത് കേട്ടിട്ട് മിണ്ടാതിരിക്കുന്നവർ, കണ്ണൂർ നിന്നാല്‍ തോറ്റുപോകുമെന്ന് ഭയന്ന് ആലപ്പുഴയില്‍ കൊണ്ടുനിർത്തി മത്സരിപ്പിച്ച ലീഡറെ മറന്നവർ. ചില്ലറ തെമ്മാടിത്തരമല്ല പറഞ്ഞത്. എടാ നീ പറഞ്ഞത് ശരിയല്ലെന്ന് പറയാൻ ആരെങ്കിലും തയ്യാറായോ?

പണ്ട് കരുണാകരന്റെ വീട്ടിലേക്ക് മുണ്ടിനിടയില്‍ ഏത്തപ്പഴവും തിരുകികൊണ്ട് ആളുകള്‍ അകത്തേക്ക് പോകുമായിരുന്നു. എന്നീട്ട് പുറത്ത് ഐജിയും ചീഫ് സെക്രട്ടറിയുമൊക്കെ നില്‍ക്കുമ്ബോള്‍, ഈ ഏത്തപ്പഴം ആരും കാണാതെ പുറത്തെടുത്ത് തൊലിച്ച്‌ തിന്നോണ്ട് പുറത്തേക്ക് വരും. അതായത്, അകത്ത് ചെന്ന് അടുക്കളയില്‍ നിന്ന് ഫ്രൂട്ട്സും ഏത്തപ്പഴവുമൊക്കെ എടുത്ത് തിന്നാനുള്ള സ്വാതന്ത്രൃം ഇദ്ദേഹത്തിനുണ്ടെന്ന് പുറത്തുനില്‍ക്കുന്ന പോലീസിനെയും ചീഫ് സെക്രട്ടറിയേയും കാണിക്കണം എന്നിട്ട് ഇത് പറഞ്ഞ് പലതും സാധിച്ചെടുക്കും. കോണ്‍ഗ്രസിന്റെ തനിനിറം അറിയാൻ വേണ്ടിയാണ് ഇത് പറയുന്നത്. ഈ പരട്ട പരിപാടിയൊക്കെ കാണിച്ച ആളുകള്‍, അവരാരും ഈ തെമ്മാടിത്തരത്തിനെ എതിർത്തില്ല”- ഗണേഷ് കുമാര്‍ പറഞ്ഞു.

അന്തസുള്ള , കരുണാകരന്‍റെ ആത്മാവിനോട് സ്നേഹമുള്ള കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യരുത്. കരുണാകരന്റെ ആനുകൂല്യങ്ങള്‍ പറ്റി, അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ പ്രവർത്തിച്ച്‌, രാഷ്‌ട്രീയത്തില്‍ ഉയർന്ന് വന്നവർ, മന്ത്രിയായവർ, ആ കരുണാകരനെ കോണ്‍ഗ്രസിന്റെ പുതിയ തലമുറ വിവരക്കേട് കൊണ്ട് അധിക്ഷേപിച്ചെങ്കില്‍ മാപ്പ് പറയണമെന്നും ഗണേഷ് കുമാർ പറഞ്ഞു.‌

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക