ഗസയിലെ ഇസ്രായേൽ അതിക്രമത്തെ അപലപിച്ചും ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഇടതു വലതു മുന്നണികൾ നാടിളക്കിയ പ്രചരണവും പ്രതിഷേധവുമാണ് നടത്തിയത്. എന്നാൽ ഈ ന്യൂനപക്ഷ സ്നേഹമൊക്കെ പലപ്പോഴും സെലക്ടീവ് ആണ് എന്ന് തോന്നിക്കുന്ന വിധത്തിലാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ പലപ്പോഴും. ഒരു വിഭാഗത്തിന് വേണ്ടി മാത്രമാണ് ഇത്തരക്കാർ ശബ്ദമുയർത്തുന്നത് കാരണം ഈ വിഭാഗത്തിന്റെ വോട്ട് ബാങ്ക്, രാഷ്ട്രീയത്തിനതീതമായി സാമുദായിക താല്പര്യങ്ങൾക്ക് അനുസൃതമായി വോട്ട് ചെയ്യുന്നവരാണ്.

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വൈദികനെ ആക്രമി സംഘം പള്ളി കോമ്പൗണ്ടിൽ വെച്ച് വാഹനം ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടതിനെ കുറിച്ചുള്ള ആവലാതികൾ ഒന്നും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കണ്ട മട്ടില്ല. കണ്ടിട്ടുണ്ടെങ്കിൽ തന്നെ അവർക്ക് അതിൽ പ്രത്യേകിച്ച് അഭിപ്രായമോ, ആശങ്കയോ ഇല്ല എന്നുവേണം നാം മനസ്സിലാക്കാൻ. കാരണം ഒരു ന്യൂനപക്ഷ സമുദായത്തിന്റെ ഏകാധിപത്യ പ്രവണതയാണ് മറ്റൊരു ന്യൂനപക്ഷ സമുദായത്തിന്റെ ദേവാലയത്തിനുള്ളിൽ വച്ച് അവിടുത്തെ വൈദികനെതിരെ ആക്രമം അഴിച്ചുവിടാൻ പ്രേരകമായത് എന്നത് പകൽ പോലെ വ്യക്തമാണ്. ഈരാറ്റുപേട്ടയിലെ എസ്ഡിപിഐ ബന്ധമുള്ള ആളുകളുടെ വാഹനങ്ങളിലാണ് അക്രമകാരികൾ കടന്നു കളഞ്ഞത് എന്നതും വ്യക്തം. പക്ഷേ ഇത് തുറന്നു പറയാനുള്ള ആർജ്ജവമോ നട്ടല്ലോ ഇടതു വലതു മുന്നണികളിലെ ഒരു നേതാവിനുമില്ല എന്നതാണ് സത്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമൂഹ്യവിരുദ്ധർ രക്ഷപ്പെട്ടത് KL 35 F 8384 രജിസ്ട്രേഷൻ നമ്പരിൽ ഉള്ള വെള്ള ഇന്നോവ കാറിലും, KL 01 BJ 9240 രജിസ്ട്രേഷൻ നമ്പരിൽ ഉള്ള വെള്ള സ്വിഫ്റ്റ് കാറിലും ആണ്. വാഹനങ്ങളുടെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത് മതേതരത്വത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും, മറ്റൊരു മത വിഭാഗത്തോടുള്ള അസഹിഷ്ണുതയുടെ പ്രതിഫലനമാണെന്നും തുറന്നു പറയാനുള്ള ആർജ്ജവം ഒരു രാഷ്ട്രീയക്കാരനും ഇല്ല. കാരണം മറ്റൊന്നുമല്ല ആസൂത്രിതമായ ഒരു വോട്ട് ബാങ്കും, അത് കാട്ടി വിലപേശാൻ ശക്തിയും ഉള്ളവരാണ് മറുവശത്തുള്ളത്. ഇതിനുമപ്പുറം ശബ്ദമുയർത്തിയാൽ കയ്യോ കാലോ തലയോ വെട്ടാൻ മടിയില്ലാത്തവരാണെന്നും ചരിത്രത്തിൽ ഉദാഹരണം ഉണ്ട്. ആ ചരിത്രം ഒരുപാട് ദൂരെയും അല്ല പൂഞ്ഞാറിന് തൊട്ടപ്പുറത്ത് തൊടുപുഴ ന്യൂമാൻ കോളേജിൽ സംഭവിച്ചതാണ്.

ഒരുപക്ഷേ തന്റേടികളായ പൂഞ്ഞാറിലെയും പാലായിലെയും ക്രൈസ്തവർക്കിപ്പോൾ ഒറ്റയ്ക്ക് ഈ അതിക്രമങ്ങളെ ചെറുക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ പൊറുതി മുട്ടുമ്പോൾ അവർ ഭൂരിപക്ഷത്തെ കൂട്ടുപിടിക്കും, ഭൂരിപക്ഷ രാഷ്ട്രീയ മുഖമുദ്രയാക്കിയ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് അവർ പിന്തുണയും പ്രഖ്യാപിച്ചേക്കാം. അന്ന് മണിപ്പൂരിലെ കഥയും പറഞ്ഞ് വിലാപവുമായി ഇറങ്ങിയാൽ അവരുടെ വോട്ടും അവരുടെ കൂറും തിരിച്ചുപിടിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും ഉണ്ടാവേണ്ടതാണ്. ഈ അതിക്രമം ക്രൈസ്തവ മനസ്സുകളിൽ വീഴ്ത്തിയ മുറിവ് ചെറുതല്ല. അതുണക്കാൻ കൂടെ നിൽക്കണം, നിൽക്കാത്തവരെ ആ സമൂഹം തിരിച്ചറിയും കുറിച്ചു വെക്കും തിരിച്ചടിക്കും. അത്തരം സംഭവവികാസങ്ങൾ കേരള രാഷ്ട്രീയത്തിൽ ത്രിപുര മോഡൽ സംഭവവികാസങ്ങൾക്ക് വഴി വച്ചേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക