മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്ബനി എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലപാടെടുത്ത് തള്ളുമ്ബോഴും നിയമനടപടിയില്‍ സിപിഎമ്മിന് ആകാംക്ഷ. എക്സാലോജിക് നല്‍കിയതും എക്സാലോജിക്കിനെതിരെ നല്‍കിയതുമായ മൂന്ന് കേസുകളാണ് ഇന്ന് കോടതിയിലെത്തുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്ബനിയുമായി ബന്ധപ്പെട്ട് രണ്ട് ഹൈക്കോടതിയിലായി മൂന്ന് കേസുകളാണുളളത്. കമ്ബനിക്കെതിരെ നല്‍കിയതും കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്ബനി നല്‍കിയതുമായ കേസുകള്‍ പരിഗണനയ്ക്ക് എത്തുമ്ബോള്‍ കോടതി പരാമര്‍ശമെന്താകുമെന്നാണ് ആകാക്ഷ.
തെരഞ്ഞെടുപ്പ് മുൻ നിര്‍ത്തി നിര്‍ണ്ണായക നേതൃ യോഗങ്ങളിലാണ് പാര്‍ട്ടി. നിയമസഭാ സമ്മേളനവും നടക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ എതിര്‍ പരാമര്‍ശങ്ങളുണ്ടാകുമോ എന്ന ആശങ്ക പാര്‍ട്ടി വൃത്തങ്ങളിലുണ്ട്. മാസപ്പടി ആരോപണത്തിന്‍റെ തുടക്കം മുതല്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആക്ഷേപങ്ങളില്‍ ശക്തമായ പ്രതിരോധത്തിലാണ് സിപിഎം. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മുഖ്യമന്ത്രിയെ തേജോവധം ചെയ്യാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലെന്ന വിലയിരുത്തല്‍ തന്നെയാകും നേതൃത്വം മുന്നോട്ട് വയ്ക്കുക.
എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് എന്ത് വിവരത്തിന് അടിസ്ഥാനമായ രേഖകള്‍ ലഭ്യമാക്കുന്നതിനൊപ്പം തുടര്‍ നടപടികളില്‍ സ്റ്റേയും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് വീണ വിജയൻ മുന്നോട്ട് വയ്ക്കുന്നത്. എസ്‌എഫ്‌ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയില്‍ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചില്‍ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.
സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടില്‍ എസ്‌എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോര്‍ജ്ജിന്‍റെ ഹര്‍ജിയും മാസപ്പടി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയുമാണ് കേരള ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്. എതെങ്കിലും വിധത്തില്‍ എതിര്‍ പരാമര്‍ശങ്ങള്‍ എക്സാലോജിക്കിനെതിരെ ഉയര്‍ന്നാല്‍ നിയമപോരാട്ടത്തിന്‍റെ മറുവഴികള്‍ തേടിയാകും സിപിഎം പ്രതിരോധം.