കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളില്‍ ഫീസ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരുട്ടടിയാവും. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റില്‍ കുടുംബ കോടതികളില്‍ എത്തുന്ന വസ്തു സംബന്ധമായ കേസുകളില്‍ ഫീസ് 50 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 200 രൂപ മുതല്‍ 2 ലക്ഷം വരെയാക്കിയാണ് വർധിപ്പിച്ചത്. കുടുംബ കോടതികളിലെ വസ്തു സംബന്ധമായ കേസുകളില്‍ പരാതിക്കാർ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതും ഇവരില്‍ തന്നെ പരാശ്രയമില്ലാതെ കഴിയുന്നവരാണ് അധികവും. ഇവരെയാണ് സർക്കാർ തീരുമാനം ബാധിക്കുക.

തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് തിരികെ ലഭിക്കാൻ പങ്കാളിക്ക് എതിരെ കുടുംബ കോടതികളില്‍ നല്‍കുന്നതാണ് ഈ കേസ്. പരാതിക്കാർ ഇത്തരം കേസുകളില്‍ നിലവില്‍ 50 രൂപ ഫീസാണ് ഹർജി സമർപ്പിക്കുമ്ബോള്‍ നല്‍കുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന പരാതിക്കാരില്‍ ബഹുഭൂരിപക്ഷവും ഭർത്താവില്‍ നിന്നോ ഭർത്താവിന്റെ വീട്ടുകാരില്‍ നിന്നോ പീഡനം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെടുന്ന സ്ത്രീകളാണ്. മിക്ക കേസുകളിലും സ്വന്തം വീട്ടുകാരുടെ പിന്തുണ പോലും ഈ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു സ്ത്രീ തന്റെ വിവാഹസമയത്ത് കൈവശം ഉണ്ടായിരുന്നതും ഭർത്താവിന്റെ വീട്ടുകാർ തട്ടിയെടുത്തു എന്ന് പരാതിപ്പെടുന്നതുമായ 50 പവൻ സ്വർണവും 10 ലക്ഷം രൂപയും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെങ്കില്‍, ആയതിന്‍റെ നിലവിലെ വിപണി മൂല്യം 33 ലക്ഷം രൂപയാണെങ്കില്‍, അതിന്റെ ഒരു ശതമാനമായ 33,000 രൂപ പരാതി നല്‍കുമ്ബോള്‍ തന്നെ കെട്ടിവയ്ക്കേണ്ടി വരും” – നികുതി നിർദേശത്തിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് എറണാകുളത്തെ അഭിഭാഷകൻ പിജെ പോള്‍സണ്‍ പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ നാലാം ഭാഗത്തില്‍ 571 ആം പോയിന്റാണ് ഇക്കാര്യം പറയുന്നത്. ആവശ്യപ്പെടുന്ന തുകയുടെ മൂല്യം അനുസരിച്ച്‌ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് പുതിയ പരിഷ്കാരം സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. തർക്ക വിഷയത്തിലെ തുക ഒരുലക്ഷം രൂപ വരെയാണെങ്കില്‍ 200 രൂപയാണ് ഫീസ്. ഒന്നു മുതല്‍ 5 ലക്ഷം രൂപ വരെ ആണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെങ്കില്‍ അര ശതമാനം തുക ഫീസായി നല്‍കണം. 500 രൂപ മുതല്‍ 2500 രൂപ വരെ ആയിരിക്കും ഈ വിഭാഗത്തിലെ ഫീസ്. ഇതിനു മുകളിലേക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാർ കുറഞ്ഞത് 5000 രൂപ മുതല്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെ ഫീസ് ആയി പരാതിക്കൊപ്പം തന്നെ നല്‍കണം.

നിരാലംബരായി വീട് വിട്ട് ഇറങ്ങേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവർ നേരിടുന്ന മാനസിക പ്രയാസങ്ങളും പരിഗണിക്കാതെ കൊണ്ടുവന്ന നികുതി നിർദ്ദേശം ആയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശത്തെ അഭിഭാഷകർ വിമർശിക്കുന്നത്. കുടുംബ കോടതികളിലെ ഈ ഫീസ് വർധന വഴി 50 കോടി രൂപയുടെ മാത്രം അധിക വരുമാനമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ആണെന്നതും കേന്ദ്ര സർക്കാരില്‍ നിന്നുള്ള വരുമാനം കുറഞ്ഞു എന്നതും കാരണമായി സർക്കാർ ചൂടിക്കാട്ടുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ഭാരം ചുമക്കേണ്ടത് ദുസ്സഹമായ കുടുംബ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാൻ അവസാന പ്രതീക്ഷയായി കോടതിയെ സമീപിക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും ആണോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക