2005 ല്‍ ഫോബ്‌സ് മാസിക ഇന്ത്യയിലെ പതിനാറാമത്തെ ധനാഢ്യനായി പ്രഖ്യാപിക്കപ്പെട്ട (ആസ്തി 1.9 ബില്യണ്‍ ഡോളര്‍) ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന നരേഷ് ഗോയല്‍ മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരനാണിപ്പോള്‍. ഇന്ത്യയുടേയും ഇന്ത്യയ്ക്ക് പുറത്തേയും ആകാശാതിര്‍ത്തികളെ വിസ്മയം കൊള്ളിച്ച ജെറ്റ് എയര്‍വെയ്‌സിന്റെ ഈ മേധാവി കഴിഞ്ഞ ദിവസം പ്രതിക്കൂട്ടില്‍ നിന്നുകൊണ്ട് കോടതിയോട് കൈകൂപ്പി യാചിച്ചു.

എനിക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്. കോടതിയില്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഗോയലിന്റെ വികാരഭരിതമായ വിലാപമുയര്‍ന്നത്.ജഡ്ജി എംജി ദേശ്പാണ്ഡെക്ക് മുന്നില്‍ ഇരുകൈകളും കൂപ്പി നിറകണ്ണുകളോടെയാണ് അദ്ദേഹം നിലവിലെ അവസ്ഥ വ്യക്തമാക്കിയത്. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഭാര്യ അനിതയെ കാണണമെന്നും കോടതിയില്‍ അദ്ദേഹം അഭ്യര്‍ത്ഥന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനറാ ബാങ്കുമായി ബന്ധപ്പെട്ട 538 കോടിയുടെ വായ്പാ തട്ടിപ്പുകേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയിരുന്നു. നരേഷ് ഗോയലിന്റെ പ്രശ്‌നങ്ങള്‍ താന്‍ വ്യക്തമായി അന്വേഷിച്ചുവെന്നും അദ്ദേഹം സംസാരിച്ചപ്പോള്‍ ശരീരം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നെന്നും എംജി ദേശ്പാണ്ഡെ കോടതി രേഖകളില്‍ കുറിച്ചു. മാനസികമായും ശാരീരികമായും എല്ലാ തരത്തിലുമുള്ള ചികിത്സാ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗോയലിനെ അറിയിച്ചതായി ജഡ്ജി പിന്നീട് വ്യക്തമാക്കിയെങ്കിലും ഇന്ത്യയുടെ ട്രാവല്‍ രംഗത്തെ ഒരു കാലത്തിന്റെ മുടിചൂടാമന്നനായിരുന്ന ഈ വ്യവസായി അന്ത്യദിനങ്ങളെണ്ണുകയാണ്.

നരേഷിന്റെ കഥയ്ക്ക് ഇനി മറ്റൊരു നറേഷന്‍ കൂടിയുണ്ട്. കാലത്തിന്റെ കണക്ക് ചോദിക്കലാണോ ഇതെന്നറിയില്ല.1995 ല്‍, ഒരു പക്ഷേ തന്റെ പ്രതിയോഗിയായി മുംബൈയില്‍ ഉയര്‍ന്നു വരികയായിരുന്ന ഒരു മലയാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നരേഷിന്റെ പേരും കേട്ടിരുന്നു. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ഉടമ, തിരുവനന്തപുരം വര്‍ക്കല സ്വദേശി മുഹമ്മദ് തഖിയുദ്ദീനെ പട്ടാപ്പകല്‍ മുംബൈ നഗരമധ്യത്തില്‍ വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതി ദാവൂദ് ഇബ്രാഹിമിന്റെ അനുചരന്മാരാണെന്നായിരുന്നു കേസ്. ഛോട്ടാ രാജന്റെ സഹായത്തോടെ തഖിയുദ്ദീനെ വക വരുത്തിയതിനു പിന്നില്‍ ട്രാവല്‍ ബിസിനസിലെ കുടിപ്പകയായിരുന്നു കാരണം. ജെറ്റ് എയര്‍വെയ്‌സും ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും തമ്മിലുള്ള പ്രൊഫഷണല്‍ മല്‍സരത്തിന്റെ രക്തസാക്ഷിയാണ് തഖിയുദ്ദീന്‍ എന്ന് അക്കാലത്ത് പരസ്യമാക്കപ്പെട്ടിരുന്നു.

വര്‍ക്കല കടപ്പുറത്ത് മീന്‍ പെറുക്കി നടന്ന സാധാരണക്കാരന്റെ മക്കള്‍ ( ഈ വാചകത്തിന് കടപ്പാട്: എം.പി. നാരായണപിള്ള) ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ എയര്‍ലൈന്‍ സര്‍വീസിനു തുടക്കമിടുകയും മുംബൈയിലെ അസൂയാലുക്കളും അസഹിഷ്ണുക്കളുമായ മുതലാളിമാരുടെയും നേതാക്കളുടേയും മാഫിയ ആ എയര്‍ലൈനിന്റെ അധിപനെ വെടിവെച്ചിട്ട് കമ്ബനിയെ പാപ്പരാക്കുകയും ചെയത കറുത്ത അധ്യായങ്ങള്‍ എ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് കഴുകന്മാരുടെ വിരുന്ന് എന്ന പേരില്‍ ചേര്‍ത്തല സ്വദേശിയും അറിയപ്പെടുന്ന ജേണലിസ്റ്റുമായ ജോസി ജോസഫ് എഴുതിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

2010 ല്‍ ഏറ്റവും നല്ല പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പ്രേംഭാട്ടിയ പുരസ്‌കാരം, ഗോയങ്ക ഫൗണ്ടേഷന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ജോസി ജോസഫിന്റെ ഈ പുസ്തകത്തിനെതിരെ, ബിസിനസ് ലോകത്ത് കത്തി നില്‍ക്കുന്ന നരേഷ് ഗോയല്‍ കേസ് കൊടുത്തു. ഗ്രന്ഥകാരന്‍ ജോസി ജോസഫിനും പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സിനുമെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസാണ് നരേഷ് ഗോയല്‍ ഫയല്‍ ചെയ്തത്.ജോസി ജോസഫ് തന്റെ നിലപാടില്‍ ധീരമായി ഉറച്ചു നിന്നു.

അദ്ദേഹം മൊഴി കൊടുത്തത് ഇങ്ങനെ: തഖിയുദ്ദീന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ജെറ്റ് എയര്‍വെയ്‌സിന്റെയും അതിന്റെ മേധാവിയുടേയും പേര് ചൂണ്ടിക്കാട്ടിയത്. ഏത് ആരോപണവും ഏത് കേസും ഞാന്‍ നേരിടും. സത്യത്തിന്റെ പക്ഷത്താണ് ഞാന്‍. എന്റേത് ധര്‍മയുദ്ധമാണ്. ജോസി ജോസഫിനെതിരായ കേസ് തള്ളിപ്പോയി.

അതേസമയം തഖിയുദ്ദീന്‍ വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് കാര്യമായി മുന്നോട്ടുപോവുകയോ അപ്പീല്‍ നടപടിയുണ്ടാവുകയോ ചെയ്തില്ല. ശിവസേനയുടേയും ഉത്തരേന്ത്യന്‍ ലോബിയുടേയും സഹായത്തോടെ നടത്തിയ കൊലപാതകമായിരുന്നു അത്.1995 നവംബര്‍ 13 ന് മുംബൈയിലെ വസതിയില്‍ നിന്ന് തന്റെ പുതിയ ബെന്‍സ് കാറില്‍ സ്വന്തം ഓഫീസിലേക്ക് പോകുന്നതിനിടെ അധോലോക ഗുണ്ടകള്‍ നടുറോഡില്‍ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ സാരഥി തഖിയുദ്ദീന്‍ വാഹിദിന്റെയും പിന്നീട് അനിശ്ചിതത്വത്തിന്റെ നീര്‍ച്ചുഴിയിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും കഥയാണ് എട്ടു വര്‍ഷത്തെ നിരന്തരമായ പഠനത്തിനു ശേഷം ജോസി ജോസഫ് തന്റെ പുസ്തകത്തില്‍ വിവരിക്കുന്നത്.

തഖിയുദ്ദീന്‍, താഹ, ഫൈസല്‍ സഹോദരങ്ങളുടേയും ബാംഗ്ലൂരില്‍ ട്രാവല്‍ ബിസിനസ് നടത്തുന്ന മിസിസ് സജീന തഖിയുദ്ദീന്റേയും ജീവിത സ്വപ്നങ്ങള്‍ ചാമ്ബലാക്കിയതിന്റെ പിന്നിലെ ദുശ്ശക്തികളെക്കുറിച്ചുള്ള യഥാർത്ഥ വിവരണമാണ് ജോസി ജോസഫിന്റെ പുസ്തകം. ഈസ്റ്റ് വെസ്റ്റും ജെറ്റ് എയറും ഓര്‍മയായി.തഖിയുദ്ദീന്റെ ക്രൂരമായ അന്ത്യത്തിന് അദൃശ്യമായെങ്കിലും കാരണക്കാരനായിരുന്നുവെന്ന് മുംബൈ ബിസിനസ് ലോകം സംശയിച്ചിരുന്ന നരേഷ് ഗോയലിന്റെ തടവറയില്‍ നിന്നുള്ള ഏറ്റവും പുതിയ ദീനവിലാപം, പ്രകൃതിയുടെ കാവ്യനീതിയാകുമോ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക