തൃശ്ശൂര്‍: കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പു കേസില്‍ തട്ടിപ്പുകാരായ ദമ്ബതികളെ പിടികൂടാന്‍ ഇഡി എത്തും മുന്‍പ് കേരള പൊലീസ് തന്നെ ഹൈറിച്ച്‌ എന്ന മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്ബനി ഉടമകളായ ദമ്ബതികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് പരാതി. ഇ ഡി പിടികൂടാനെത്തും മുന്‍പേ തൃശൂര്‍ റൂറല്‍ പൊലീസ് തന്നെ ദമ്ബതികള്‍ക്ക് രക്ഷപ്പെടാന്‍ വിവരം ചോര്‍ത്തി നല്‍കിയെന്നാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കര ആരോപിക്കുന്നത്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്ബനി ‘ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി’ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമകളും ദമ്ബതികളുമായ ശ്രീജയും പ്രതാപനും ഇ ഡി വലവിരിക്കും മുന്‍പേ മുങ്ങിയെന്നാണ് അനില്‍ അക്കര പറയുന്നത്.

സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കാസര്‍കോട് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കമ്ബനി ഡയരക്ടര്‍ കെ ഡി പ്രതാപനെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. എംഎല്‍എം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച്‌ ഷോപ്പി. കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള സംസ്ഥാന ജി.എസ്.ടി വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കമ്ബനി ഡയറക്ടര്‍മാരായ പ്രതാപനെയും ഭാര്യയും കമ്ബനി സിഇഒയുമായി ശ്രീന കെ പ്രതാപനെയും തൃശൂരിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് മേല്‍ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സാമ്ബത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേവലം എണ്ണൂറ് രൂപയില്‍ ബിസിനസ് ആരംഭിക്കാമെന്നാണ് ഇവരുടെ പ്രധാന വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്‌ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേര്‍ക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച്‌ വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ചങ്ങലയില്‍ താഴെയുള്ളവര്‍ സാധനങ്ങള്‍ വാങ്ങുമ്ബോള്‍ മുകളിലുള്ളയാള്‍ക്ക് കമ്മിഷന്‍ ലഭിക്കുമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.

റോയല്‍റ്റി ക്യാഷ് റിവാര്‍ഡ്, ടൂര്‍ പാക്കേജ്, ബൈക്ക്, കാര്‍ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകള്‍ നല്‍കിയാണ് കമ്ബനി ആളുകളെ ആകര്‍ഷിച്ചത്. നിലവില്‍ 600 ഓളം സൂപ്പര്‍ മാര്‍ക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങള്‍ക്കുണ്ടെന്നാണ് കമ്ബനി സിഇഒ ശ്രീന അവകാശപ്പെടുന്നത്.ആക്ഷന്‍ ഒടിടി എന്ന പ്ലാറ്റ്‌ഫോം വിലക്കെടുത്താണ് ഹൈറിച്ച്‌ ഒടിടി എന്ന പേരില്‍ കമ്ബനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചിരുന്നു. നിരവധി ചിത്രങ്ങള്‍ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിര്‍മാണവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികള്‍ പടര്‍ന്നിട്ടുണ്ട്.

പയ്യന്നൂരിലെ രാജന്‍ സി നായര്‍ കഴിഞ്ഞ മാസം 23ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരള ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നടപടി ആരംഭിച്ചത്. സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ് ടി വെട്ടിപ്പു കേസാണിതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ഇടത്തരം കുടുംബങ്ങളാണ് കൂടുതലും ഇതില്‍ പങ്കാളികളായി ചേര്‍ന്നിട്ടുള്ളത്. പല ഉന്നത ഉദ്യേഗസ്ഥര്‍ക്കും ഹൈറിച്ച്‌ നടത്തിയ സാമ്ബത്തിക തട്ടിപ്പിനെതിരെ നേരത്തെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് നിക്ഷേപകര്‍ പരാതി ഉയര്‍ത്തിയിട്ടുമുണ്ട്. അതേസമയം കമ്ബനിയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ മരവിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തൃശൂര്‍ കലക്ടറെ ചുമതലപ്പെടുത്തി നവംബര്‍ 22ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും ബഡ്‌സ് ആക്‌ട് കോമ്ബിറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൗള്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, അടിയന്തരമായി നടപ്പാക്കേണ്ട ഈ ഉത്തരവ് പൂഴ്‌ത്തിവെക്കുകയാണ് റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉണ്ടായതെന്ന് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത് കണ്ടുകെട്ടുന്നതിന് പകരം സംസ്ഥാന ജി.എസ്.ടി വിഭാഗത്തെക്കൊണ്ട് റെയ്ഡ് നടത്തി കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരുടെ ഒത്താശയോടെയാണ്. ജി.എസ്.ടി റെയ്ഡ് പ്രതികള്‍ക്കെതിരായ നീക്കമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നത്. മണിചെയിന്‍ തട്ടിപ്പിലൂടെ 750 കോടി രൂപയാണ് പ്രതികള്‍ സ്വീകരിച്ചത്. ഇത് 1978ലെ പ്രൈസ് ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്‌കീംസ് (ബാനിങ്) നിയമപ്രകാരം കുറ്റകരമാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയിലും ഈ വിഷയം വരുമെന്നും അനില്‍ അക്കര പറഞ്ഞു.അതിനിടെ പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരിച്ച്‌ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ്ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യാന്‍ കലക്ടര്‍ ഉത്തരവിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക