കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ പ്രതിയാക്കി വാകത്താനം സ്വദേശി രക്ഷപെട്ടു : കേസൊതുക്കാൻ മുടക്കിയത് ലക്ഷങ്ങൾ : പുനരന്വേഷണം ആവശ്യപ്പെട്ട് പരാതിയുമായി പൊതുപ്രവർത്തകർ

ബംഗളൂരു : കർണ്ണാടക ഷിമോഗയിൽ വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അനുകൂലമായി അട്ടിമറി നടന്നു എന്ന് ആരോപണം. പ്രതിയുടെ പിതാവും പ്രതിയും തമ്മിൽ പേരിലുള്ള സാമ്യം മുതലെടുത്ത് യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്താനായി പിതാവിനെ പ്രതിചേർക്കുകയായിരുന്നു എന്നാണ് ആരോപണം. പിതാവിനെ പ്രതിയാക്കി വാകത്താനം പുത്തൻചന്ത സ്വദേശി പീഡനക്കേസിൽ രക്ഷപ്പെട്ടു എന്ന ഗൗരവകരമായ ആരോപണമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹ വാഗ്ദാനം നൽകി വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ നാൽപ്പതുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. ഇവർ പൊലീസിൽ പരാതി നൽകി കേസെടുത്തതോടെ പേരിലെ സാമ്യം മുതലെടുത്ത് പിതാവിനെ പ്രതിയാക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇപ്പോൾ സംഭവം പുറത്തറിഞ്ഞ് വീണ്ടും വിവാദമായതോടെ ലക്ഷങ്ങൾ നഷ്ടപരിഹാരമായി നൽകി അദാലത്തിൽ വച്ച് കേസ് ഒതുക്കി എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. എന്നാൽ നീതിന്യായ വ്യവസ്ഥിതിയെ തന്നെ കബളിപ്പിക്കുന്ന ഈ സംഭവത്തിൽ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും, ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇതുമായി ബന്ധപ്പെട്ട് ചില പൊതുപ്രവർത്തകർ.

കർണ്ണാടക ഷിമോഗയിലാരുന്ന സമയത്താണ് ഇയാൾ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സ്ത്രീയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ഉടുപ്പി , മംഗലാപുരം , ബംഗളൂരു എന്നിവിടങ്ങളിൽ അടക്കം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് മൂന്ന് മാസത്തോളം പ്രതിയും ഇരയായ സ്ത്രീയും സാഗറിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. പിന്നീടും പല സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ഇതറിഞ്ഞ പ്രതിയുടെ മാതാവ് താമസ സ്ഥലത്ത് എത്തുകയും പരാതിക്കാരിയായ ഇരയെ ബലമായി പുറത്താക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരിയായ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് മലയാളി സമാജവും സന്നദ്ധ സംഘടനകളുമാണ് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും പൊലീസിനെ സമീപിച്ചതും.

ഈ വിഷയത്തിൽ കേസെടുത്ത പൊലീസ് , അന്വേഷണത്തിനായി എത്തിയപ്പോൾ പിതാവിനെ പ്രതിയാക്കി വാകത്താനം സ്വദേശി രക്ഷപ്പെടുകയായിരുന്നു. ഇതിനായി പൊലീസുകാർക്ക് കൈക്കൂലി നൽകിയിരുന്നതായും ആരോപണമുയരുന്നുണ്ട് . ഇതിന് ശേഷം ബാംഗ്ലൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശിയും , ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തി വിവാദങ്ങളിൽ കുടുങ്ങിയ വ്യക്തിയും , വാകത്താനം സ്വദേശിയായ പ്രതിയുടെ യുകെയിലുള്ള ബന്ധുവും ചേർന്നാണ് കേസ് ഒതുക്കാൻ ശ്രമം നടത്തിയതെന്നാണ് ആരോപണം.

പിതാവിനെ കേസിൽ കുടുക്കിയ സംഭവം പുറത്ത് വരികയും വിവാദമാകുകയും ചെയ്തതോടെ ഒരു കൂട്ടം പൊതുപ്രവർത്തകർ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹൈക്കോടതിയിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ഇവർ. കേസ് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടത്തിയ യഥാർത്ഥ പ്രതിയെ ശിക്ഷിക്കണമെന്നും ഇതിനുപിന്നിൽ ഇയാളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകായോഗ്യമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് പരാതി നൽകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക