കഴിഞ്ഞ 68 വർഷം ഇടത്-വലത് മുന്നണികള്‍ ഭരിച്ചുനശിപ്പിച്ച കേരളത്തെ ട്വന്റി20 പാർട്ടിക്ക് മാത്രമേ രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പ്രസിഡണ്ട് സാബു എം. ജേക്കബ്. ട്വന്റി20 പാർട്ടി ഞായറാഴ്ച പൂത്തൃക്കയില്‍ നടത്തിയ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്ബത്തികനില ആകെ തകർന്നിരിക്കുകയാണ്. 2026-ല്‍ പൊതുകടം ഏഴ് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2026-ല്‍ ട്വന്റി20 പാർട്ടി കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ 10 വർഷത്തിനുള്ളില്‍ അഴിമതിയും ധൂർത്തും ഒഴിവാക്കി, ആസൂത്രണമികവോടെയും സാമ്ബത്തിക അച്ചടക്കത്തോടെയും പൊതുകടം തീർത്ത് മിച്ചംവരുന്ന തുക സ്ഥിരനിക്ഷേപമിടുമെന്ന് സാബു എം. ജേക്കബ് പറഞ്ഞു. 2015-ല്‍ 39 ലക്ഷം രൂപ കടമുണ്ടായിരുന്ന കിഴക്കമ്ബലം പഞ്ചായത്തിന് എട്ട് വർഷത്തിനുള്ളില്‍ 22 കോടി രൂപ മിച്ചം പിടിക്കാൻ കഴിഞ്ഞത് കേരളം മുഴുവനും മാതൃകയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരു ദിവസം 2000 കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. പ്രതിദിനം ഒരു കൊലപാതകവും, ഏഴ് ബലാത്സംഗങ്ങളും നടക്കുന്നു, 14 കുട്ടികള്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നു, 60 സ്ത്രീകള്‍ അതിക്രമത്തിന് വിധേയമാകുന്നു. കേരളം ഇന്ന് മയക്കുമരുന്ന് കേസുകളുടെ ഹബ്ബ് ആയിരിക്കുന്നു. 2023-ല്‍ 35000 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് ദിവസം 100 കേസുകള്‍!

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2016-മുതല്‍ പിണറായി വിജയന്റെ ഭരണകാലത്ത് 43 ലക്ഷം കുറ്റകൃത്യങ്ങളാണ് നടന്നത്. ഇക്കാലയളവില്‍ 55000 പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ട്വന്റി20 പാർട്ടി അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ 80 ശതമാനം കുറയ്ക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനല്‍കി.അഞ്ചുവർഷത്തിനുള്ളില്‍, 60 വയസ്സ് കഴിഞ്ഞവർക്കുള്ള പ്രതിമാസക്ഷേമപെൻഷൻ 5000 രൂപയാക്കി ഉയർത്തുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. അതോടൊപ്പം എട്ടുലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാർക്കും മാസം 5000 രൂപ പെൻഷൻ നല്‍കും. കിഴക്കമ്ബലം മോഡല്‍ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകള്‍ കേരളം മുഴുവൻ സ്ഥാപിക്കുമെന്നും ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വില 50% വരെ കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. മരുന്നിന്റെ വിലയും 50% വരെ കുറയ്ക്കും. അങ്ങനെ വിലക്കയറ്റത്തിന്റെ അധികഭാരം ജനങ്ങളുടെ ചുമലില്‍നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആറ് ജില്ലകളിലായി 95 ലക്ഷം ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കും. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളത്തില്‍ ട്വന്റി20 പാർട്ടിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ലെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. കേരളത്തിലെ മലയോരമേഖലകളില്‍ 2 ലക്ഷം കുടുംബങ്ങളിലായി 8 ലക്ഷം ആളുകള്‍ വന്യമൃഗശല്യത്താല്‍ വലയുകയാണ്. ട്വന്റി20 പാർട്ടി അധികാരത്തില്‍ വന്നാല്‍ വന്യമൃഗശല്യമുള്ള 1000-ത്തോളം സ്ഥലങ്ങളില്‍ (ഏകദേശം 300 കിലോമീറ്റർ) ഇലക്‌ട്രിക്ക് ഫെൻസിങ് ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ സ്ഥാപിച്ച്‌, വന്യമൃഗഭീഷണി പൂർണ്ണമായും ഇല്ലാതാക്കുമെന്നും സാബു എം. ജേക്കബ് വിശദീകരിച്ചു.

കേരളത്തിലെ 222 മറൈൻ വില്ലജുകളിലായി 8 ലക്ഷത്തിലധികം ആളുകള്‍ എല്ലാവർഷവും മണ്‍സൂണ്‍കാലത്ത് കടലാക്രമണം മൂലം പ്രതിസന്ധിയിലാകുന്നു. കടലാക്രമണഭീഷണിയുള്ള സ്ഥലങ്ങള്‍ (ഏകദേശം 240 കിലോമീറ്റർ) മുഴുവനും കടല്‍ഭിത്തി കെട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. നിലവില്‍, എറണാകുളത്തെ 35 ലക്ഷം ആളുകള്‍ക്ക് ഭീഷണിയാണ് ബ്രഹ്‌മപുരം മാലിന്യസംസ്‌കരണപ്ലാന്റ്. ബ്രഹ്‌മപുരം മാലിന്യസംസ്‌കാരണപ്ലാന്റിലെ തീപിടുത്തം കൊച്ചി കോർപ്പറേഷനിലെ ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥിതിയും മൂലമാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. എറണാകുളം നഗരത്തിലെ മാലിന്യം മുഴുവനും സംസ്‌കരിക്കുവാൻ സാധിക്കുന്നരീതിയില്‍ ബ്രഹ്‌മപുരം പ്ലാന്റിനെ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണരംഗത്തെ അഴിമതിയും ദുർച്ചിലവും കുറയ്ക്കുന്നതിന് മന്ത്രിമാരുടെ എണ്ണം 21-ല്‍നിന്നും പതിനൊന്നായി കുറയ്ക്കുമെന്നും സാബു എം. ജേക്കബ് പ്രഖ്യാപിച്ചു. കേരളത്തിലെ ഏത് മുന്നണിക്കാണ് അല്ലെങ്കില്‍ ഏത് പാർട്ടിക്കാണ് ഇത്രയും വിപ്ലവകരമായ ഒരു ചുവടുവയ്ക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. പ്രതിവർഷം ഒരുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് കേരളത്തില്‍നിന്നും വിദേശപഠനത്തിനു പോകുന്നത്. ഈ ഇനത്തില്‍ 10000 കോടി രൂപയാണ് ഓരോ വർഷവും ഇവിടെനിന്നും രാജ്യത്തിന് പുറത്തേക്കൊഴുകുന്നത്. അതുപോലെ ഇതരസംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനുപോകുന്ന രണ്ടുലക്ഷം വിദ്യാർത്ഥികള്‍ ഏകദേശം 3000 കോടി രൂപ ചിലവഴിക്കുന്നുണ്ട്. ഈ പ്രവണത ഗുരുതരമായ സാമൂഹിക-സാമ്ബത്തിക പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. തീർത്തും പരാജയപ്പെട്ട കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ ഉടച്ചുവാർക്കുവാൻ ട്വന്റി20 പാർട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂവെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.

ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ കേരളത്തിലെ എല്ലാ റോഡുകളും അന്താരാഷ്ട്രനിലവാരത്തില്‍ ബി.എം.ബി.സി. ടാറിങ് ചെയ്യുമെന്നും, അഞ്ചുവർഷത്തിനുള്ളില്‍ പഴം-പച്ചക്കറി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത കൈവരിക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനല്‍കി. അതോടൊപ്പം റബ്ബർ കർഷകരുടെയും നെല്‍കർഷകരുടെയും മത്സ്യബന്ധനമേഖലയിലെയും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനും സ്വകാര്യആശുപത്രികളില്‍ നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പുവരുത്താനും ട്വന്റി20 പാർട്ടിക്ക് മാത്രമേ കഴിയുകയൂള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.മികച്ച തൊഴിലവസരങ്ങളുടെ അഭാവംമൂലം 45 ലക്ഷം ആളുകള്‍ വിദേശത്തും 35 ലക്ഷം ആളുകള്‍ ഇതരസംസ്ഥാനങ്ങളിലും പ്രവാസികളായി കഴിയുന്നു. ഇതുമൂലം 40 ലക്ഷത്തോളം മാതാപിതാക്കളാണ് കേരളത്തില്‍ അനാഥരായി ജീവിക്കുന്നത്. ഈ ദുരിതത്തില്‍നിന്നും കേരളം രക്ഷപ്പെടണമെങ്കില്‍ ട്വന്റി20 പാർട്ടി അധികാരത്തിലെത്തണമെന്നും സാബു എം. ജേക്കബ് ഓർമ്മപ്പെടുത്തി.

അഞ്ചുലക്ഷത്തോളം വരുന്ന കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറ്റിയിരിക്കുകയാണ്. സ്ഥലംമാറ്റസാധ്യതയും രാഷ്ട്രീയക്കാരുടെ ഭീഷണിയും മൂലം അവരുടെ കുടുംബങ്ങള്‍ കടുത്ത മാനസികസംഘർഷത്തിലാണ്. ഇതില്‍ നിന്നും മാറ്റം വരണമെങ്കില്‍ ട്വന്റി20 പാർട്ടി അധികാരത്തില്‍ വന്നേ പറ്റൂ. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഞ്ചുവർഷത്തിലൊരിക്കല്‍, അതാതു ജില്ലകളില്‍ മാത്രമായി ചുരുക്കുമെന്നും സാബു എം. ജേക്കബ് ഉറപ്പുനല്‍കി. കഠിനാധ്വാനികളും പ്രതിഭാശാലികളുമായ മലയാളികള്‍ അർഹിക്കുന്നത്, കടംകയറി കാലിയായ ഖജനാവുള്ളതും ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടുന്നതുമായ ഒരു കേരളമല്ലെന്നും ഇവിടുത്തെ ജനങ്ങള്‍ സമൂലമായ ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വന്റി20 പാർട്ടി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും കൃത്യമായി നടപ്പിലാക്കി. ട്വന്റി20 പാർട്ടിക്ക് മാത്രമേ ഭരണരംഗത്തെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥിതിയും അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാൻ സാധിക്കുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 പാർട്ടി അധികാരത്തിനും പണത്തിനും വേണ്ടി രാഷ്ട്രീയത്തില്‍ വന്നതല്ല, മറിച്ച്‌ ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.ട്വന്റി20 പാർട്ടി പതിനയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു പൂത്തൃക്കയില്‍ നടത്തിയ മഹാസമ്മേളനത്തില്‍ മുതിർന്ന മാധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയ, ട്വന്റി20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഗോപകുമാർ, ബെന്നി ജോസഫ് ജനപക്ഷം, എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ്, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡണ്ട് ജിബി അബ്രഹാം, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജോളി ജോണ്‍, ഐക്കരനാട് പഞ്ചായത്ത് പ്രസിഡണ്ട് ഡീന ദീപക്, വി. എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക