കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 15നാണ് തിരിച്ചെത്തുക. ഭാര്യ കെ സ്മിതയും സെക്രട്ടറി ജോര്‍ജും ഒപ്പം പോകും. കോണ്‍ഗ്രസിന്റെ കേരളയാത്ര തുടങ്ങുന്നതിന് മുന്നോടിയായാണ് കെപിസിസി പ്രസിഡന്റ് വിദഗ്ധ ചികിത്സ തേടുന്നത്.

പേശികള്‍ക്ക് ബലക്ഷയമുണ്ടാകുന്ന ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തെതുടര്‍ന്ന് രണ്ട് വര്ഷമായി ചികിത്സയിലാണ് കെ സുധാകരന്‍. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മ്മാരുടെ നിര്‍ദേശ പ്രകാരമാണ് മയോ ക്ലിനിക്കില്‍ ചികിത്സ തേടാന്‍ തീരുമാനിച്ചത്. ആശുപത്രി അധികൃതര്‍ക്ക് രോഗം സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുടര്‍ചികിത്സ ആവശ്യമായി വന്നാല്‍ കേരളയാത്രക്കും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനും ശേഷം വീണ്ടും അമേരിക്കയിലേക്ക് പോകാമെന്നാണ് സുധാകരന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

15 ദിവസത്തോളം കെ സുധാകരന്‍ മാറി നില്‍ക്കുമ്ബോൾ പ്രസിഡന്റിന്റെ ചുമതല വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അത് വേണ്ടെന്നാണ് തീരുമാനം. പകരം കെപിസിസി അറ്റാച്ച്‌ഡ് സെക്രട്ടറിയായ കെ ജയന്തിന്റെ നേത്യത്വത്തില്‍ മറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് പാര്‍ട്ടി കാര്യങ്ങള്‍ ഏകോപിക്കും.

ജനുവരി 15ന് തിരിച്ചെത്തിക്കഴിഞ്ഞ് 21നും 28നും ഇടയ്ക്കുള്ള തീയതികളില്‍ കേരളയാത്ര ആരംഭിക്കാനാണ് ശ്രമം. കാസര്‍കോട് നിന്ന് തുടങ്ങി 28 ദിവസമെടുത്ത് 140 നിയോജകമണ്ഡലങ്ങളും കടന്ന് തിരുവനന്തപുരത്തായിരിക്കും യാത്ര സമാപിക്കുക. ‘സമരാഗ്‌നി’എന്ന പേരാണ് യാത്രക്കായി കണ്ടിരിക്കുന്നത്.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരുമിച്ച്‌ യാത്ര നയിക്കാമെന്നാണ് ധാരണയെങ്കിലും ജനുവരി പകുതിയോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് അക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക