നവജാതശിശു അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാവെന്നു പറയുന്ന യുവതിയും സുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി.ഷാനിഫ് (25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് എളമക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാനിഫും അശ്വതിയും നാലു മാസമായി അടുപ്പത്തിലാണെന്നും കുഞ്ഞിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറിയെടുത്തതെന്നും പൊലീസ് പറയുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നതായും സംശയമുണ്ട്. സംഭവത്തിൽ തനിക്കു പങ്കില്ലെന്നാണു പ്രാഥമിക ചോദ്യംചെയ്യലിൽ അശ്വതി പറഞ്ഞത്.

ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണു പരിചയപ്പെട്ടത്. ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോൾ, മറ്റൊരു ബന്ധത്തിൽ നിന്ന് അശ്വതി ഗർഭിണിയായിരുന്നുവെന്നാണു ഷാനിഫ് പൊലീസിനോടു പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അബോധാവസ്ഥയിലുള്ള കുഞ്ഞുമായി ഇരുവരും എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയെന്നും അനക്കമില്ലാതായതോടെ കൊണ്ടുവന്നതാണെന്നുമാണ് പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിന്റെ ശരീരത്തിലെ പാടുകൾ കണ്ടു ഡോക്ടർമാർക്കു സംശയം തോന്നി. തുടർന്നു നോർത്ത് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇതിനകം ആശുപ്രതിയിൽ നിന്നു കടന്ന ഇരുവരെയും പൊലീസ് തന്ത്രപൂർവം വിളിച്ചുവരുത്തി. പാൽ കുടിച്ച ശേഷം കുഞ്ഞ് ഉറങ്ങിപ്പോയെന്നും ഉറക്കമുണർന്നപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നുമാണ് അവർ ആദ്യം മൊഴി നൽകിയതെങ്കിലും കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞ് കയ്യിൽ നിന്നു വീണതാണെന്നും ഷാനിഫ് ഇടയ്ക്കു പറഞ്ഞു.

തങ്ങളുടെ ജീവിതത്തിനു തടസ്സമാണ് കുഞ്ഞ് എന്നു കരുതി അതിനെ ഷാനിഫ് അപായപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷകരുടെ നിഗമനം. അതിക്രൂരമായാണു കുരുന്നിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കാൽമുട്ടുകൊണ്ട് കുഞ്ഞിന്റെ തലയിൽ ഇടിച്ചതിനെ തുടർന്നു തലയോട്ടി പൊട്ടി. കുഞ്ഞ് മരിച്ചു എന്നുറപ്പുവരുത്താൻ വീണ്ടും ഉപദ്രവിച്ചു നോക്കുക വരെ ചെയ്തുവെന്നാണു മൊഴി.

കുഞ്ഞിന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. മുൻപുണ്ടായ മർദനത്തിലാണിതെന്നു കരുതുന്നു. സംഭവം നടന്നത് എളമക്കര സ്റ്റേഷൻ പരിധിയിലായതിനാലാണു കേസ് അവിടേക്കു കൈമാറിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. സിറ്റി പൊലീസ് അസി. കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക