കൊച്ചിയിലെ ന്യൂജെന്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ കുപ്രസിദ്ധനാണ് അനസ്. ഭായി നസീര്‍, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളില്‍ നിന്ന് ഭിന്നമാണ് അനസിന്റെ രീതികള്‍. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്‌റ്റൈലില്‍ പട്ടാപ്പകല്‍ കൊച്ചിയിലൂടെ നടക്കും. കാപ്പാ കേസില്‍ അറസ്റ്റിലായതോടെ കൊച്ചി അന്യമായി. സ്വര്‍ണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴില്‍. എന്തിനും പോന്ന യുവാക്കളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ക്വട്ടേഷന്‍ പ്രവര്‍ത്തനം. വലിയ സെറ്റില്‍മെന്റ് കേസുകളാണ് നിലവില്‍ അനസിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാല്‍ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാല്‍ നടക്കും.

എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്നവരെയാണ് അനസ് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആള്‍ക്കാരുമായും ഇത്തരം സംഘങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി കേസുകളിലെ പ്രതിയായ ഗുണ്ടാത്തലവന്‍ പെരുമ്ബാവൂര്‍ അനസിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. പറവൂര്‍ കവലയിലെ ലോഡ്ജില്‍ നടന്ന വധശ്രമത്തിലും നോര്‍ത്ത് പറവൂരിലെ ആത്മഹത്യാക്കേസിലും ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞു വരികെയാണ് വീണ്ടും കാപ്പ ചുമത്തിയത്. 2019-ലും ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായ അനസ് തുടര്‍ന്നും കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തിയത്. 

കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, കള്ള തോക്ക് കൈവശം വയ്ക്കല്‍ അങ്ങനെ കേസുകളുടെ ഒരുനീണ്ട നിര തന്നെയുണ്ട് അനസിന്റെ പേരില്‍. പലതിലും വിചാരണ നേരിടുന്നു. കൊച്ചി നഗരമധ്യത്തിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ രണ്ട് പേര്‍ ബൈക്കില്‍ തോക്കുമായി എത്തി വെടിയുതിര്‍ത്ത സംഭവത്തിലെ അന്വേഷണത്തിനിടിയൊണ് അനസിന്റെ പങ്കും സംശയിച്ചത്. നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത് പെരുമ്ബാവൂരിലെ ഗുണ്ടാ നേതാവാണോ എന്ന സംശയമാണ് ഉണ്ടായത്.

മംഗളൂരുവില്‍ ഗുണ്ടാ നേതാവ് സി എസ് ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയാണ് അനസ്. കളമശ്ശേരി ബസ് കത്തിക്കല്‍, വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അനസെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അനുയായിയായിരുന്നു ഗൂണ്ടാ നേതാവ് സി.എസ്. ഉണ്ണിക്കുട്ടന്‍. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെ രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗം അഖിലേന്ത്യാജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് വിവാദവുമായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ എങ്ങനെ ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായെന്ന ചോദ്യം ഉയര്‍ന്നതോടെ, പാര്‍ട്ടി കേരള ഘടകം വിഷമവൃത്തത്തിലാവുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ഒഴിവാക്കി.

രാമനാട്ടുകര അപകടത്തിന് പിന്നാലെ കേരളത്തിൽ ഇയാളുടെ ഇടപാടുകൾ ഇപ്പോഴും സജീവമായി നടക്കുന്നു എന്ന വിവരം തന്നെയാണ് പുറത്തുവരുന്നത്. കള്ളക്കടത്തു മുതൽ തീവ്രവാദം വരെയുള്ള കേസുകളിൽ വിചാരണ നേരിടുന്ന ഇയാൾ ഇപ്പോഴും നിർബാധം വിലസുകയാണ്. കാപ്പ ചുമത്തി എറണാകുളം ജില്ലയ്ക്ക് പുറത്താക്കിയെങ്കിലും അത് സംസ്ഥാനം മുഴുവൻ പടർന്നു പന്തലിച്ചു ക്രിമിനൽ ഇടപാടുകൾ നടത്തുവാൻ ഇയാൾക്ക് അവസരമൊരുക്കി എന്നുവേണം ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. കേരളം പോലെ ഒരു സംസ്ഥാനം ഇരട്ട ചങ്കൻ എന്നു വിളിപ്പേരുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുമ്പോൾ ഇത്തരം ക്രിമിനലുകളെ അഴിഞ്ഞാടാൻ വിടുന്നത് അപമാനകരമാണെന്ന് പറയാതെ വയ്യ. ഇനിയെങ്കിലും ഇയാളെ നിലക്കു നിർത്തുവാൻ കേരള പോലീസിന് ആകുമോ എന്ന് നാം കാത്തിരുന്നു കാണണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക