കോളജിലെ ഫാഷൻ ഷോക്ക് ബുര്‍ഖ ധരിച്ച് റാംപില്‍ ക്യാറ്റ്‍വാക്ക് ചെയ്തതിനെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ഇത് ഒരു മതത്തെ അവഹേളിക്കുന്നതും പരമ്ബരാഗത വസ്ത്രത്തോടുള്ള അനാദരവാണെന്നും മുസഫര്‍നഗറിലെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കണ്‍വീനര്‍ മൗലാന മുഖറം കാസ്മി പറഞ്ഞു. കോളജ് അധികൃതര്‍ മാപ്പു പറയണമെന്നും അല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഞായറാഴ്ചയാണ് മുസഫര്‍നഗറിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് കോളജുകളില്‍ ഫാഷൻ ഷോ നടന്നത്. ഷോയുടെ ഭാഗമായി 13 വിദ്യാര്‍ഥിനികളാണ് ബുര്‍ഖ ധരിച്ച് ക്യാറ്റ്‍വാക്ക് നടത്തിയത്. ബോളിവുഡ് നടി മന്ദാകിനിയും ടി.വി ആര്‍ട്ടിസ്റ്റ് രാധിക ഗൗതമും ചേര്‍ന്നാണ് വിധി നിര്‍ണയം നടത്തിയത്.
ഫാഷനുമായി ബന്ധപ്പെട്ടാണ് ഹിജാബ് പ്രദര്‍ശിപ്പിച്ചിട്ടുള്ളതെന്നും വിദ്യാര്‍ഥികളുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും കോളജ് ഫൈൻ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. മനോജ് ധീമാൻ പറഞ്ഞു. പ്രദര്‍ശനത്തെ മതവുമായി ബന്ധപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. പര്‍ദയുടെ പാരമ്ബര്യത്തെ പ്രതിനിധീകരിക്കുന്ന ബുര്‍ഖക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്ന് ജംഇയ്യത്തുല്‍ ഉലമായെ നേതാവ് കാസ്മി പറഞ്ഞു. ഒരു ഫാഷൻ ഷോയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇനമായി ബുര്‍ഖയെ കണക്കാക്കരുതെന്നും വസ്ത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.