കസ്റ്റഡിയിലെടുക്കുന്ന കുറ്റാരോപിതരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി. ഇക്കഴിഞ്ഞ മാർച്ച് 29 മുതൽ സസ്പെൻഷനിൽ കഴിയുന്ന ബൽവീർ സിങ്ങിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. അംബാസമുദ്രത്തിൽ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി (എഎസ്പി) ജോലി ചെയ്യുന്നതിനിടെ, കസ്റ്റഡിയിൽ കഴിയുന്ന നിരവധി കുറ്റാരോപിതരെ ഇയാൾ മർദിച്ചെന്നാണ് പരാതി. ഇരയായ സുബാഷ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൽവീർ സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

നിരവധി പേർ ബൽവീർ സിങ്ങിനെതിരെ പരാതി ഉന്നയിച്ചിരുന്നു. പ്ലയർ ഉപയോഗിച്ച് പല്ല് പറിച്ചെടുത്തതായും പല്ലിൽ കല്ല് ഉരച്ചതായും പ്രതികളുടെ വൃഷണങ്ങളിൽ മാരകമായി പരിക്കേൽപ്പിച്ചതായും ഇവർ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 323 (ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 324, സെക്ഷൻ 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ബോധപൂർവം മുറിവേൽപ്പിക്കൽ), സെക്ഷൻ 506 (1) ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ബൽവീർ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്‌നാട് ഡിജിപി സി.ശൈലേന്ദ്രബാബു കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ബൽവീർ സിങ്ങിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥ പി.അമുദ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൈമാറിയത്.

ബൽവീർ സിങ്ങിനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തു വന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക