പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചി മല ഇക്കോ ടൂറിസ പ്രദേശം അല്ലാത്തതിനാല്‍ പ്രസ്തുത പ്രദേശത്ത് പ്രവേശിക്കുന്നത് അപകടകരമാണെന്നും ഇപ്രകാരം പ്രവേശിക്കുന്നവര്‍ക്കെതിരേ നിയമ
നടപടികള്‍ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശവാസികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കാനും വനം, പോലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശം നല്‍കി.

അപകടമേഖലയായ മലമ്പുഴ കൂമ്പാച്ചി മലയില്‍ ആളുകള്‍ കയറുന്നത് നിയന്ത്രിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനും വേണ്ട തീരുമാനങ്ങള്‍ എടുക്കാനായി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിര്‍ദേശം.
മലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന തദ്ദേശവാസികള്‍ക്കെതിരെയും വിനോദസഞ്ചാരികള്‍ക്കെതിരെയും ആദ്യഘട്ടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ക്കെതിരേ പിഴ ഈടാക്കാനും വനം, പോലീസ് വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പ്രസ്തുത സ്ഥലത്ത് ആവശ്യമായ പട്രോളിങ് നടത്താനും പോലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരുടെ സേവനം ലഭിക്കുന്നതിനുവേണ്ട നടപടികള്‍ ജില്ലാ ഫയര്‍ ഫോഴ്സ് സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

സ്ഥലത്തെ അപകട സാധ്യതയെക്കുറിച്ചും ശിക്ഷാ നടപടികളെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധസ്ഥലങ്ങളില്‍ സ്ഥാപിക്കേണ്ടതും അതിന്റെ ചെലവ് പഞ്ചായത്ത് ഫണ്ടില്‍നിന്ന്
വിനിയോഗിക്കേണ്ടതുമാണ്. കൂമ്പാച്ചി മലയില്‍ കുടുങ്ങി ആളെ രക്ഷപ്പെടുത്താന്‍ പ്രവര്‍ത്തിച്ച പോലീസ്, വനം, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, തദ്ദേശവാസികള്‍ എന്നിവരെ കലക്ടര്‍ അഭിനന്ദിച്ചു.

എ.ഡി.എം. കെ. മണികണ്ഠന്‍, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, പാലക്കാട് ഡി.എഫ്.ഒ. കുറ ശ്രീനിവാസ്, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ. റിതീജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവല്‍, സിവില്‍ ഡിഫന്‍സ് പ്രതിനിധി വിജയന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക