പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേതു പോലെയുള്ള മറുപടിയുണ്ടാകുമെന്ന് ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുൻ. ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുമുള്ള പുതിയ വിഡിയോ സന്ദേശത്തിലാണു ഭീഷണി. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) മേധാവിയാണ് ഗുർപത്വന്ത് സിങ് പന്നുൻ.

“ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽനിന്ന് ഇന്ത്യ പാഠം പഠിച്ചില്ലെങ്കിൽ ഇതിനു സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടും. പഞ്ചാബിനെ കൈയടക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ അതിനു മറുപടി ഉണ്ടാകും. കലാപത്തെ, കലാപം കൊണ്ടു തന്നെ നേരിടും. അതിന് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാകും ഉത്തരവാദി. പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏതു തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്ക തീരുമാനിക്കാം – ബാലറ്റോ ബുള്ളറ്റോ”-ഗുർപത്വന്ത് സിങ് പന്നുൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹർദീപ് സിങ് നിജാറിന്റെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്നതും വിഡിയോസന്ദേശത്തിലുണ്ട്.ഏതാനും ദിവസങ്ങൾക്കു മുൻപ് ഇന്ത്യ – പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയും ഗുർപത്വന്ത് സിങ് പന്നുൻ രംഗത്തെത്തിയിരുന്നു.സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനാണ് അമൃത്സറിൽ ജനിച്ച ഗുർപത്വന്ത് സിങ് പന്നുൻ. സ്വതന്ത സിഖ് രാഷ്ട്രമെന്ന ആശയം മുൻനിർത്തി അമേരിക്ക, കാനഡ, ബ്രിട്ടൻ, എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ മുൻപന്തിയിലുള്ള ആളാണ് പന്നു.

ഇന്ത്യൻ നയതന്ത ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ചു തുടർച്ചയായി കേസുകളും നടത്തിവരുന്നുണ്ട്. 2019ലാണ് ഇയാൾക്കെതിരെ എൻഐഎ ആദ്യ കേസ് റജിസ്റ്റർ ചെയ്യുന്നത്. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിലും പ്രതിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക