തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും എല്ലാം കോടിയേരി ബാലകൃഷ്ണൻ ദ്വീര്‍ഘകാലം പ്രവര്‍ത്തിച്ചത് തിരുവനന്തപുരത്തായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ തലസ്ഥാനത്ത് ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതു ദര്‍ശനത്തിന് എത്തിക്കാഞ്ഞതില്‍ പാര്‍ട്ടിയിലെ പലര്‍ക്കും വിഷമം ഉണ്ടായിരുന്നു. അന്ന് അതിന് പാര്‍ട്ടി തയ്യാറാകാതിരുന്നത് മുഖ്യമന്ത്രിക്ക് വിദേശത്തു പോകാൻ വേണ്ടിയായിരുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു.

ജി ശക്തിധരനെ പോലുള്ളവര്‍ ഇക്കാര്യം തുറന്നു എഴുതുകയും ചെയ്തിരിന്നു. ഇപ്പോള്‍ കോടിയേരിക്കും അത്തരമൊരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ പൊതുദര്‍ശനം തലസ്ഥാനത്ത് വെക്കാത്ത കാര്യത്തില്‍ തനിക്ക് നല്ല വിഷമം ഉണ്ടെന്ന് വിനോദിനി തുറന്നു പറഞ്ഞത് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു. എനിക്കും ഉണ്ടല്ലോ ആ വിഷമം. ആരോടു പറയാൻ കഴിയും എനിക്ക്. എന്തായാലും അതിന്റെ പേരില്‍ ഞാൻ വിവാദത്തിനില്ല. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഒരു വാക്കുകൊണ്ട് വിവാദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കൂടുതലൊന്നും അതേക്കുറിച്ച്‌ ഞാൻ പറയുന്നില്ലെന്നാണ് വിനോദിനി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് ഇക്കാര്യത്തില്‍ മക്കളുമായി കൂടിയാലോചന നടന്നുവെന്നുമാണ് വിനോദിനി പറഞ്ഞത്. കുട്ടികള്‍ രണ്ടു പേരും, ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദൻ മാഷാണല്ലോ അന്ന് അവിടെ വന്നത്. തിരുവനന്തപുരത്തുകൊണ്ടുപോകണം എന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് രണ്ടു പേരും പറഞ്ഞു. അത് മൂന്നോ നാലോ തവണ പറഞ്ഞു. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോള്‍, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്തുകൊണ്ടുപോയില്ല. നടന്നില്ല, നടന്നത് ഇതാണല്ലോ. അതു കുഴപ്പമില്ല, ഇനി സാരമില്ല, പരാതിയില്ല. അതു കഴിഞ്ഞു. അതിന്റെ പേരില്‍ പുതിയ വിവാദം വേണ്ട- വിനോദിനി അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ തന്നെ കുറിച്ച്‌ പാര്‍ട്ടിക്കാര്‍ അന്വേഷിക്കുന്നതും തിരക്കുന്നതും വളരെ അപൂര്‍വമായാണെന്നാണ് വിനോദിനി പറയുന്നത്. അതു ഞാൻ ചിന്തിക്കാറില്ല. ദേഷ്യംകൊണ്ടു പറയുന്നതല്ല, സത്യമാണ്. എനിക്കൊരു കുഴപ്പവുമില്ല, ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. മനുഷ്യന്മാര്‍ക്കെല്ലാം വലിയ തിരക്കല്ലേ. അപ്പോള്‍ ആര്‍ക്കാണ് എന്നെ ആലോചിക്കാൻ നേരം ഉണ്ടാകുക. ബാലകൃഷ്‌ണേട്ടൻ ഉണ്ടെങ്കില്‍ ശരി. അതില്ലാതെ എന്നെ എന്തിനാണ് ആലോചിക്കുന്നത്. അതിന്റെ ആവശ്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.നേരത്തെ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുനന്ു. അതേസമയം മരണശേഷം ദീര്‍ഘയാത്ര ഒഴിവാക്കാൻ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും പാര്‍ട്ടി അറിയിച്ചെന്നാണ് എം വി ഗോവിന്ദൻ ഇതേക്കുറിച്ച്‌ വിശദീകരിച്ചത്.

ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിര്‍ദേശമാണ് നടപ്പാക്കിയത്. ബോഡി വളരെ വീക്കായിരുന്നു. ദീര്‍ഘയാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞിരുന്നു.തിരുവനന്തപുരത്ത് പൊതു ദര്‍ശനം നടത്താനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നുമായിരുന്നു സെക്രട്ടറിയേറ്റിന്റെ വിശദീകരണം. കോടിയേരിയുടെ മൃതദേഹം ചെന്നൈയില്‍ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ വിദേശയാത്ര വൈകാതിരിക്കാനാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക