വിവിധ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പി.എസ്.സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മ്മിച്ച്‌ 35 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിമാക്കി. പ്രതികള്‍ പാലക്കാട് ഭാഗത്തുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അടൂര്‍ സ്വദേശി ആര്‍.രാജലക്ഷ്മി, തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി രശ്മി എന്നിവര്‍ക്കുവേണ്ടിയാണ് തെരച്ചില്‍. പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാദ്ധ്യതയുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വ്യാജ കത്തുമായി രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ പട്ടത്തെ പി.എസ്.സി ഓഫീസില്‍ ഹാജരായ അന്നുതന്നെ പ്രതികള്‍ ഒളിവില്‍ പോയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിനിരയായ കൂടുതല്‍ പേരെ കണ്ടെത്തി വിവരം ശേഖരിക്കുന്നുണ്ട്. ഇതില്‍ പലര്‍ക്കും പി.എസ്.സി പരീക്ഷാ നടപടികളോ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികളെക്കുറിച്ചോ അറിവില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജിലൻസ്, ഇൻകംടാക്സ്, ജി.എസ്.ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ 2 മുതല്‍ 4.5 ലക്ഷം രൂപാവരെ തട്ടിയെടുത്തത്. പി.എസ്.സി വഴി ജോലി ലഭിച്ചതിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണമെന്നുമുള്ള അറിയിപ്പുമായി രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ തിങ്കളാഴ്ച പി.എസ്.സി ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇവരുടെ പക്കലുണ്ടായിരുന്നത് പി.എസ്.സിയുടെ വ്യാജ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ രേഖകളായിരുന്നു. പി.എസ്.സിയുടെ പഴയ എംബ്ലമാണ് കത്തില്‍ ഉപയോഗിച്ചിരുന്നത്. അപ്പോള്‍തന്നെ ഇത് വ്യാജമാണെന്ന് അധികൃതര്‍ക്ക് ബോദ്ധ്യമായി.

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള അറിയിപ്പ് കത്തിലൂടെ പി.എസ്.സി നല്‍കാറില്ല. തട്ടിപ്പാണെന്ന് കണ്ടെത്തിയതോടെ പി.എസ്.സി വിജിലൻസ് ഉദ്യോഗാര്‍ത്ഥികളെ ചോദ്യം ചെയ്തു. മാഡം എന്നുവിളിക്കുന്ന സ്ത്രീയാണ് ജോലി വാഗ്ദാനം നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് പി.എസ്.സി പൊലീസിന് പരാതി നല്‍കുകയായിരുന്നു.

തട്ടിപ്പ് വാട്സാപ്പ് ഗ്രൂപ്പിലൂടെ: പ്രതികള്‍ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്ത് അവരുടെ വിശ്വാസം നേടിയെടുത്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈനിലൂടെയാണ് പണം കൈപ്പറ്റിയത്. വാട്സാപ്പ് ഗ്രൂപ്പില്‍ 84 പേരായിരുന്നു അംഗങ്ങള്‍. തട്ടിപ്പു സംഘത്തിലെ ചിലര്‍ ഉദ്യോഗാര്‍ത്ഥികളാണെന്ന വ്യാജേന ഗ്രൂപ്പില്‍ കയറിപ്പറ്റി തങ്ങള്‍ക്ക് ജോലി ലഭിച്ചെന്ന് അറിയിച്ചു. ഇത് വിശ്വസിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പണം നല്‍കിയത്. ഇതില്‍ 15പേര്‍ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞിട്ടുള്ളൂ. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ചോദിച്ചപ്പോഴാണ് കത്ത് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക