ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടിവരിക, ചുരുങ്ങിയത് അഞ്ചു ഭരണഘടനാ ഭേദഗതികള്‍. അധിക വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് സംവിധാനവും ഒരുക്കുന്നതിനായി ആയിരക്കണക്കിനു രൂപയും കണ്ടെത്തേണ്ടിവരും. എന്നാല്‍ അടിക്കടി തെരഞ്ഞെടുപ്പു നടത്തുന്നത് ഒഴിവാക്കുന്നതിലൂടെ ഖജനാവിന് വന്‍ തുക ലാഭിക്കാനാവുമെന്നാണ്, ഒറ്റ തെരഞ്ഞെടുപ്പു വാദത്തിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

പാഴ്‌ച്ചെലവ് ഒഴിവാക്കാനാവുമെന്നതു തന്നെയാണ്, തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനെ അനുകൂലിക്കുന്നവര്‍ പറയുന്ന പ്രധാന വാദം. ഭരണതലത്തിലെ അധിക പ്രയത്‌നം, ക്രമസമാധാന പാലനത്തിനുള്ള സംവിധാനമൊരുക്കുന്നതിലെ പ്രയാസം തുടങ്ങിയവയൊക്കെ ഇതിലൂടെ ഒഴിവാക്കാനാവും. പൊതു ഖജനാവിനു തന്നെയല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇതു ഗുണമാണെന്ന് അവര്‍ പറയുന്നു. പ്രചാരണത്തിനായി ചെലവാക്കുന്ന തുക വന്‍തോതില്‍ കുറയ്ക്കാനാവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ഇവയ്ക്കു പുറമേ ചിലപ്പോഴെല്ലാം ഉപതെരഞ്ഞെടുപ്പ് എന്നിവ തുടര്‍ച്ചയായി നടക്കുന്നതിലൂടെ മാതൃകാ പെരുമാറ്റച്ചട്ടം പല പ്രദേശത്തും ദീര്‍ഘകാലം നിലനിര്‍ത്തേണ്ടി വരും. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിലൂടെയുണ്ടാവുന്ന മുരടിപ്പ് മറ്റൊരു പ്രശ്‌നമാണ്. പഴ്‌സനല്‍, പബ്ലിക് ഗ്രിവന്‍സസ്, നിയമ, നീതിന്യായ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നേരത്തെ ഒറ്റ തെരഞ്ഞെടുപ്പു വിഷയം പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കമ്മിറ്റി ചില ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ഇതിപ്പോള്‍ നിയമ കമ്മിഷന്റെ പരിഗണനയിലാണ്.

ഒറ്റ തെരഞ്ഞെടുപ്പ് പ്രായോഗികമായി എങ്ങനെ നടപ്പാക്കാം എന്നതാണ് കമ്മിഷന്‍ പരിശോധിക്കുന്നത്. ഒറ്റത്തെരഞ്ഞെടുപ്പ്പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ അഞ്ചു ഭരണഘടനാ ഭേദഗതികളാണ് ചുരുങ്ങിയത് വേണ്ടിവരിക. പാര്‍ലമെന്റിന്റെ കാലയളവ് പ്രതിപാദിക്കുന്ന 83-ാം അനുഛേദം, ലോക്‌സഭ പിരിച്ചുവിടുന്നതു സംബന്ധിച്ച 85-ാം അനുഛേദം, സംസ്ഥാന നിയമസഭകളുടെ കാലാവധി സംബന്ധിച്ച 172-ാം അനുഛേദം, നിയമസഭകള്‍ പിരിച്ചുവിടുന്നതു പ്രതിപാദിക്കുന്ന 174-ാം അനുഛേദം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനുള്ള 356-ാം അനുഛേദം എന്നിവയാണ് ഭേദഗതി ചെയ്യേണ്ടി വരിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക