ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ വികസനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കേന്ദ്ര മന്ത്രിസഭയിലെയും ബി.ജെ.പിയിലെയും ത്രിമൂര്‍ത്തികള്‍ തമ്മില്‍ നിര്‍ണായക കൂടിക്കാഴ്‌ച. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ എന്നിവരാണ്‌ ഇന്നലെ വൈകിട്ട്‌ ആശയവിനിമയം നടത്തിയത്‌. കൂടിക്കാഴ്‌ചയില്‍ മന്ത്രിസഭയിലെ ഏതാനും പ്രമുഖരുടെ സാന്നിധ്യവുമുണ്ടായിരുന്നെന്നു സൂചന. കോവിഡ്‌ രണ്ടാം തരംഗം കൈകാര്യം ചെയ്‌തതിലും വാക്‌സിനേഷന്‍ വിഷയത്തിലും കൈമോശംവന്ന പ്രതിച്‌ഛായ വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഉദ്യമം ആരംഭിച്ചെന്ന റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.

മന്ത്രിമാരുടെ ഇളക്കിപ്രതിഷ്‌ഠയ്‌ക്കു പുറമേ വരുംദിവസങ്ങളില്‍ വമ്ബന്‍ ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനവും അജന്‍ഡയായിരുന്നെന്നു നിരീക്ഷിക്കുന്നവരും കുറവല്ല, പ്രത്യേകിച്ച്‌ ഉത്തര്‍പ്രദേശിലടക്കം നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ. കോവിഡ്‌ രണ്ടാം തരംഗ കാലയളവിലെ പ്രകടനം വിലയിരുത്തി ഏഴോളം മന്ത്രിസഭാംഗങ്ങളുമായി പ്രധാനമന്ത്രി വ്യാഴാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താത്തവരെ ഒഴിവാക്കി ഇളക്കിപ്രതിഷ്‌ഠയ്‌ക്കു സാധ്യത പ്രവചിച്ചവരുടെ നിരീക്ഷണങ്ങള്‍ക്ക്‌ ഇതു ബലം പകരുന്നു. വൈകിട്ട്‌ അഞ്ചിനു തുടങ്ങി രാത്രി 10 വരെ നീണ്ട കൂടിക്കാഴ്‌ചയ്‌ക്കായി കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ്‌ ജാവദേക്കര്‍, ഹര്‍ദീപ്‌ പുരി തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മന്ത്രിസഭാ പുനഃസംഘടന പരിഗണനയിലില്ലെന്നും സര്‍ക്കാരിന്റെ വാര്‍ഷികത്തിനു മുന്നോടിയായുള്ള പതിവു വിലയിരുത്തല്‍ മാത്രമാണിതെന്നുമാണു ബി.ജെ.പി. വൃത്തങ്ങളുടെ വിശദീകരണം.
മോദി മന്ത്രിസഭയിലെ അരഡസനോളം മന്ത്രിമാര്‍ ഒന്നിലധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്‌. 79 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി. നേതൃത്വം ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക