വാഷിങ്ടണ്‍: അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ജോര്‍ജ് ഫ്‌ലോയിഡ് വധം ക്യാമറയില്‍ ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. സ്‌പെഷ്യല്‍ ജേര്‍ണലിസം പുരസ്‌കാരമാണ് 18കാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍ക്ക് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനുള്ള ധൈര്യത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.

ഫ്രെയ്‌സര്‍ പകര്‍ത്തിയ ചിത്രമാണ് ലോകമാകെ പ്രചരിച്ചതും അമേരിക്കയില്‍ വന്‍ പ്രക്ഷോഭത്തിന് കാരണമായതും. സംഭവത്തില്‍ പൊലീസ് ഓഫിസര്‍ ഡെറക് ഷൊവിന്‍ അറസ്റ്റിലാകുകയും ചെയ്തു. ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് സംഭവം കണ്ടതെന്ന് ഫ്രെയ്‌സര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു മനുഷ്യന്‍ ജീവന് വേണ്ടി യാചിക്കുന്ന ദൃശ്യമാണ് കണ്ടത്. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്നയാള്‍ പറയുന്നുണ്ടായിരുന്നു. അമ്മയെ കാണണമെന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു-ഫ്രെയ്‌സര്‍ പറഞ്ഞു.

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള അമേരിക്കന്‍ പൊലീസിന്റെ വിവേചനത്തിനുദാഹരണമായാണ് ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത്. അമേരിക്കയിലെ വംശീയ വിദ്വേഷത്തിന്റെ പ്രതീകമായും ചിത്രവും ദൃശ്യങ്ങളും മാറി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയതക്കെതിരെയുള്ള പ്രതിഷേധമുയരാന്‍ കാരണമായത് ഫ്രെയ്‌സര്‍ ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക