*ആലപ്പുഴ: ലൈംഗികാതിക്രമം കാണിച്ചെന്ന വനിതാ പഞ്ചായത്തംഗത്തിന്റെ പരാതിയിൽ സി.പി.എം. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം പി. വിജയകുമാറിനെതിരേ പോലീസ് കേസെടുത്തു.കഴിഞ്ഞ ഒക്ടോബറിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ആദ്യം രാമങ്കരിയിൽ പോലീസിൽ പരാതി കൊടുത്തെങ്കിലും മൊഴി എടുക്കാൻ പോലും ലോക്കൽ പോലീസ് തയ്യാറായില്ല. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് പരാതി കൊടുത്തെങ്കിലും ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി കൈമാറുകയായിരുന്നു. എന്നാൽ കീഴഘടകത്തിൽ നിന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് വാങ്ങി പരിശോധിക്കണമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി മറുപടി നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെവന്നതോടെ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരസ ജോണിനു പരാതി കൈമാറിഎസ്.പി.ക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ലൈംഗിക അതിക്രമത്തിന് രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം പി. വിജയകുമാറിനെതിരേ പോലീസ് കേസെടുത്തു.ഇതോടെ കുട്ടനാട്ടിലെ സി.പി.എമ്മിൽ തുടരുന്ന വിഭാഗീയത മറ്റൊരു രൂപത്തിൽ പ്രത്യക്ഷമായിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗിക അധിക്ഷേപ പരാതി ഉയർന്നത്. സിപിഐഎം കൊമ്മാടി ലോക്കൽ കമ്മിറ്റി അംഗമായ വനിതയാണ് പാർട്ടിക്ക് പരാതി നൽകിയത്. ആറുമാസങ്ങൾക്കു മുമ്പ് നഗ്ന ദൃശ്യ വീഡിയോ വിവാദത്തിൽ ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എപി സോണയെ പാർട്ടി പുറത്താക്കിയിരുന്നു. കായംകുളത്തെ നഗ്ന ദൃശ്യ വീഡിയോ വിവാദത്തിലും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെക്കെതിരെയും പാർട്ടി സമാനമായ നടപടിയെടുത്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക