ക്ഷേത്രമുറ്റത്ത് മുസ്‌ലിം വിദ്വേഷമുയര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചവരെ തടഞ്ഞ് കമ്മിറ്റി ഭാരവാഹികള്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഒരു വിഭാഗം ഹിന്ദുത്വസംഘമാണ് വിദ്വേഷ മുദ്രാവാക്യവുമായി ക്ഷേത്രമുറ്റത്തെത്തിയത്.ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ ഇവരുടെ കൈയില്‍നിന്ന് മൈക്ക് വാങ്ങിവച്ചു. ക്ഷേത്രത്തില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് കര്‍ശന നിര്‍ദേശവും നല്‍കി.

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.മുസ്‌ലിംകള്‍ക്കെതിരെ ഒന്നും പറയരുതെന്ന് പറഞ്ഞ് ഒരാള്‍ മൈക്ക് വാങ്ങിവച്ചിരിക്കുന്നു, ഇത് ഹിന്ദുവാണ്, മതേതര കീടമാണ് എന്നെല്ലാം വിഡിയോയിയില്‍ ഒരു സ്ത്രീ ആക്ഷേപിക്കുന്നുണ്ട്. ജിഹാദികള്‍ക്കെതിരെയാണ് തങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതെന്നും ഇവര്‍ ഇതില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരാഖണ്ഡിലെ തീവ്ര ഹിന്ദുത്വ നേതാവായ രാധാ സെംവാല്‍ ധോണിയാണ് വിഡിയോയ്ക്കു പിന്നിലുള്ളതെന്ന തരത്തിലും പ്രചാരണമുണ്ട്. സംസ്ഥാനത്തെ മുസ്‌ലിം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന്റെ മുൻനിരയിലുള്ളയാളാണ് രാധ. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ ഒരു കേന്ദ്രം രാധയുടെ നേതൃത്വത്തിലുള്ള സംഘം തകര്‍ക്കുകയും ചെയ്തിരുന്നു. ഇവര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

ഉത്തരാഖണ്ഡില്‍ മുസ്ലിംകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഹിന്ദുത്വ ആക്രമണം തുടരുന്നതിനിടെയുടെ ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടല്‍ വാര്‍ത്തയാകുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ ഉത്തരകാശിയില്‍ മുസ്ലിം വ്യാപാരികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും സമുദായത്തെ ലക്ഷ്യമാക്കി വര്‍ഗീയ ആക്രമണം നടത്തുകയും ചെയ്തിരുന്നു. മേയ് 26ന് 14കാരിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‌ലിംകളെ തിരഞ്ഞെടുപിടിച്ച്‌ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ ഉത്തരകാശിയിലെ പുരോള മാര്‍ക്കറ്റില്‍ കച്ചവടക്കാരനായ ഉബേദ് ഖാൻ, മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായ ജിതേന്ദര്‍ സൈനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇത് ‘ലവ് ജിഹാദ്’ നീക്കമാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘങ്ങള്‍ തെരുവിലിറങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക