തിരുവനന്തപുരം: ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് നട്ടംതിരിഞ്ഞ് കേരള സര്‍ക്കാര്‍. വരുമാന വഴികളില്‍ ചോര്‍ച്ച സംഭവിച്ചതോടെ വൻ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്.കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളം ചലിക്കുന്നത് ഓവര്‍ഡ്രാഫ്റ്റിലാണ്. ഖജനാവില്‍ മിച്ചമില്ലാത്തതിനാല്‍ നിത്യനിദാന വായ്പ എടുത്താണ് മുന്നോട്ടുപോകേണ്ട സാഹചര്യം. ഓവര്‍ഡ്രാഫ്റ്റു കൊണ്ടും കാര്യങ്ങള്‍ മുന്നോട്ടുപോകാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. കെഎസ്‌ആര്‍ടിസിയില്‍ അടക്കം ശമ്ബളപ്രതിന്ധി നിലനില്‍ക്കുകയും ചെയ്യുന്നു. ഈവര്‍ഷം ആദ്യമായാണ് ഓവര്‍ഡ്രാഫ്റ്റില്‍ സര്‍ക്കാര്‍ ചലിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്.

ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും ശ്രമം ശക്തമായി തന്നെ നടക്കുന്നുണ്ട്. കടമെടുത്ത് ഓവര്‍ഡ്രാഫ്റ്റ് പരിഹരിക്കാനാണ് തീരുമാനം. 18-ന് 2000 കോടി കടമെടുക്കും. ഇതോടെ ഓവര്‍ഡ്രാഫ്റ്റ് ഒഴിയുമെങ്കിലും വൻതോതില്‍ പണം ചെലവിടേണ്ട ഓണക്കാലം വരുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത ആശങ്കയിലാണ്. ഓണക്കാലത്തെ ചെലവുകള്‍ക്ക് 8000 കോടിയെങ്കിലും വേണ്ടിവരും. 2013-ല്‍ എടുത്ത 15,000 കോടിയുടെ കടം തിരിച്ചടയ്‌ക്കേണ്ടതും ഈ ഓണക്കാലത്താണ്. ഇതിനെല്ലാം എവിടെ നിന്നും പണം കണ്ടെത്തുമെന്ന ആശങ്ക ശക്തമാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടമെടുക്കുന്നതിന് കേന്ദ്രത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ ചെലവുചുരുക്കല്‍ മാത്രമാണ് മാര്‍ഗം. മുണ്ടു മുറുക്കിയുടുക്കുമെന്ന് പ്രഖ്യാപനം ഉണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുള്‍പ്പെടെ പുതിയ ചെലവുകള്‍ക്ക് വകുപ്പുകള്‍ നിര്‍ദ്ദേശംവെക്കുന്നു. അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കുകള്‍ അനുസരിച്ച്‌ ഏപ്രില്‍, മെയ്‌ മാസങ്ങളിലായി 9334.39 കോടിയാണ് വരവും ചെലവും തമ്മിലുള്ള വിടവ്. അഞ്ചുവര്‍ഷങ്ങളില്‍ ഏറ്റവും ഗുരുതരമായ സാമ്ബത്തികപ്രതിസന്ധിയിലൂടെയാണ് ഇത്തവണ കടന്നുപോകുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടക്കേണ്ടത് 14 ദിവസം കൊണ്ടാണ്. ഖജനാവില്‍ ഒരുദിവസം കുറഞ്ഞത് 1.66 കോടി രൂപ മിച്ചമുണ്ടായിരിക്കണം. മിച്ചമാകാൻ എത്രയാണോ കുറവ് അത്രയും റിസര്‍വ് ബാങ്ക് നിത്യനിദാന വായ്പ (വെയ്സ് ആൻഡ് മീൻസ്) ആയി അനുവദിക്കും. പരമാവധി 1670 കോടി രൂപയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇത്രയും പണം ഖജനാവില്‍ തിരിച്ചുവന്നില്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റിലാവും.പരമാവധി നിത്യനിദാന വായ്പയ്ക്ക് തുല്യമായ തുകയാണ് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഇതുരണ്ടും ചേര്‍ന്ന തുക 14 ദിവസത്തിനകം ട്രഷറിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ട്രഷറി ഇടപാടുകള്‍ നിര്‍ത്തിവെക്കേണ്ടിവരും. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശനിരക്കിലാണ് നിത്യനിദാന വായ്പയും ഓവര്‍ഡ്രാഫ്റ്റും അനുവദിക്കുന്നത്. കൂടിയപലിശയ്ക്ക് കടമെടുക്കുന്നതിനെക്കാള്‍ ഇത് സര്‍ക്കാരിന് സൗകര്യപ്രദമാണെന്നു വാദമുണ്ട്.

എന്നാല്‍, ഖജനാവില്‍ പണമില്ലാതെ വരുമ്ബോഴാണ് ഇതെല്ലാം വേണ്ടിവരുന്നത്. അത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. മാത്രമല്ല, കേന്ദ്രം ഡിസംബര്‍വരേക്ക് അനുവദിച്ച കടം നേരത്തേതന്നെ എടുത്തുതീര്‍ക്കേണ്ടിയും വരും. അതേസമയം സാമ്ബത്തിക പ്രതിസന്ധി മറിടക്കാനും കേന്ദ്രത്തിന് മുന്നില്‍ കൈനീട്ടുകയാണ് സര്‍ക്കാര്‍. സാമ്ബത്തികപ്രതിസന്ധി ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ പദ്ധതികളിലെ സഹായധനമായി കേന്ദ്രം തരാനുള്ളതില്‍ കുടിശ്ശികയായ 1316 കോടി ഉടൻ നല്‍കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കിയത്. ഒരു ശതമാനം അധികവായ്പ എടുക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത് ഉള്‍പ്പെടെ കേന്ദ്രത്തില്‍നിന്ന് കിട്ടിക്കൊണ്ടിരുന്ന 26,000 കോടിരൂപ ഇത്തവണ കുറഞ്ഞെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക